ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാമത് സീസണ്‍ മൂന്നാംവാരത്തിലേക്കു കടന്നിരിക്കുകയാണ്. 10 ഫ്രാഞ്ചൈസികളില്‍ ചിലര്‍ വളരെ മികച്ച പ്രകടനവുമായി കൈടയി നേടിയപ്പോള്‍ ചില ടീമുകളാവട്ടെ തീര്‍ത്തും നിരാശപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റായതിനാല്‍ തന്നെ ടീമുകള്‍ക്കു ഇനിയും മടങ്ങിവരാന്‍ ധാരാളം സമയമുണ്ടെന്നതു ശരി തന്നെ. പക്ഷെ ചില ടീകളുടെ ഹോം, എവേ മല്‍സരങ്ങളിലെ പ്രകടനം ആശങ്കാജനകമാണ്.
പുതിയ ചില നായകരുടെ അരങ്ങേറ്റത്തിനു ഈ സീസണ്‍ സാക്ഷിയായി. ഇവര്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. റുതുരാജ് ഗെയ്ക്വാദ് നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടൊപ്പം നായകനായി അരങ്ങേറിയപ്പോള്‍ ശുഭ്മന്‍ ഗില്‍ മുന്‍ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പവും ക്യാപ്റ്റനായി ഹരിശ്രീ കുറിച്ചു. വലിയ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് നായകരെന്ന നിലയില്‍ ഇവര്‍ കാഴ്ചവയ്ക്കുകയും ചെയ്യുന്നത്.

പക്ഷെ ചില ക്യാപ്റ്റന്‍മാര്‍ക്കു കാര്യങ്ങള്‍ അത്ര സുഖകരമല്ല. ടീമിനു തുടര്‍ച്ചയായി തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കവെ ഇവരുടെ നായകസ്ഥാനം ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. അതുകൊണ്ടു തന്നെ ഈ സീസണ്‍ മുഴുവന്‍ ഇവര്‍ക്കു ക്യാപ്റ്റനായി തുടരാന്‍ സാധിക്കുമോയെന്ന കാര്യം പോലും സംശയമാണ്. ഒരു പക്ഷെ സീസണിന്റെ പകുതി ആവുമ്പോഴേക്കും നായകസ്ഥാനത്തു നിന്നും ഇവരെ പുറത്താക്കാനുള്ള സാധ്യത കൂടുതലാണ്. ക്യാപ്റ്റന്‍സി തെറിക്കാനിടയുള്ള ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.
പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനും ഇന്ത്യയുടെ വെറ്ററന്‍ ഓപ്പണറുമായ ശിഖര്‍ ധവാനാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ഈ സീസണില്‍ വിജയത്തോടെയായിരുന്നു പഞ്ചാബിന്റെ തുടക്കം. ആദ്യ കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നാലു വിക്കറ്റിനു തകര്‍ത്തുകൊണ്ടാണ് പഞ്ചാബ് അക്കൗണ്ട് തുറന്നത്. പക്ഷെ അതിനു ശേഷം കാര്യങ്ങള്‍ പഞ്ചാബില്‍ നിന്നും വഴുതിപ്പോയി. രണ്ടു തുടര്‍ തോല്‍വികള്‍ നേരിട്ട അവര്‍ ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ എട്ടാംസ്ഥാനത്താണ്.
രണ്ടാം റൗണ്ടില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടാണ് പഞ്ചാബ് കീഴടങ്ങിയത്. നാലു വിക്കറ്റിനാണ് ധവാനും സംഘവും മല്‍സരം അടിയറവച്ചത്. അവസാന മല്‍സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേയും പഞ്ചാബ് തോല്‍വി ആവര്‍ത്തിച്ചു. 21 റണ്‍സിനാണ് പഞ്ചാബിനെ കെഎല്‍ രാഹുലിന്റെ ടീം തകര്‍ത്തുവിട്ടത്. സീസണില്‍ ഇനിയും മോശം പ്രകടനം തുടര്‍ന്നാല്‍ ധവാനെ ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റാന്‍ പഞ്ചാബ് നിര്‍ബന്ധിതരായി മാറും.
അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ നായകനായ ഹാര്‍ദിക് പാണ്ഡ്യയാണ് ഈ ലിസ്റ്റിലെ രണ്ടാമത്തെയാൾ. ആരാധകര്‍ക്കു പ്രിയപ്പെട്ട രോഹിത് ശര്‍മയ്ക്കു പകരം മുംബൈ നായകനായ ശേഷം ഹാര്‍ദിക്കിനു കഷ്ടകാലമാണ്. കളിക്കളത്തിനകത്തും പുറത്തും അദ്ദേഹം ഒരുപോലെ ക്രൂശിക്കപ്പെടുകയാണ്. ഇത്തവണ ഒരു മല്‍സരം പോലും ജയിച്ചിട്ടില്ലാത്ത ഏക ടീം കൂടിയാണ് മുംബൈ.
കളിച്ച മൂന്നു മല്‍സങ്ങളിലും പരാജയപ്പെട്ട മുംബൈ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ്. ആദ്യ കളിയില്‍ ഗുജറാത്തിനോടു തോറ്റു കൊണ്ടായിരുന്നു മുംബൈയുടെ തുടക്കം. രണ്ടാമത്തെ കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും ഹാര്‍ദിക്കിന്റെ ടീം പരാജയമേറ്റു വാങ്ങി. അവസാന കളിയില്‍ രാജസ്ഥാന്‍ റോയല്‍സും മുംബൈയുടെ കഥ ഴിച്ചു.

ഈ സീസണില്‍ മുംബൈയുടെ ആദ്യ ഹോം മാച്ച് കൂടിയായിരുന്നു ഇത്. ഹാര്‍ദിക്കിനെ പുറത്താക്കണമെന്നും പകരം രോഹിത്തിനെ നായകനായി തിരികെ വിളിക്കണമെന്നും ഇതിനകം ആരാധകരുടെ ഭാഗത്തു നിന്നും മുറവിളി ഉയര്‍ന്നു കഴിഞ്ഞു. മുംബൈയുടെ പ്രകടനം ഇതേ രീതിയിലാണ് മുന്നോട്ടു പോവുന്നതെങ്കില്‍ ഹാര്‍ദിക്കിനെ വൈകാതെ പുറത്താക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഫാഫ് ഡുപ്ലെസിയാണ് ക്യാപ്റ്റന്‍സി തെറിച്ചേക്കാവുന്ന മൂന്നാമത്തെ താരം. കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്യുമ്പോള്‍ ദയനീയ പ്രകടനമാണ് ആര്‍സിബി നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തവണ നാലു മല്‍സരങ്ങള്‍ കളിച്ചപ്പോള്‍ അവര്‍ക്കു ജയിക്കാനായത് ഒന്നില്‍ മാത്രം. പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ആര്‍സിബിയുള്ളത്.
രണ്ടാം റൗണ്ടില്‍ പഞ്ചാബിനെതിരേയുള്ള ജയം മാത്രമാണ് അവര്‍ക്കു ആശ്വസിക്കാനുള്ളത്. മറ്റു മല്‍സരങ്ങളില്‍ സിഎസ്‌കെയോടു ആറു വിക്കറ്റിനും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു ഏഴു വിക്കറ്റിനും എല്‍എസ്ജിയോടു 28 റണ്‍സിനും ആര്‍സിബി തോല്‍ക്കുകയായിരുന്നു. ബാറ്റിങും ബൗളിങും ഒരുപോലെ ഫ്‌ളോപ്പായതാണ് ആര്‍സിബിക്കു ഏറ്റവും വലിയ ക്ഷീണമായിരിക്കുന്നത്.