ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ മാര്‍ച്ച് 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഇതിനായുള്ള മുന്നൊരുക്കത്തിലേക്ക് ടീമുകളെല്ലാം കടന്നുകഴിഞ്ഞു. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആര്‍സിബിയെ നേരിടാനൊരുങ്ങുകയാണ്. ഇത്തവണത്തെ സീസണില്‍ പല വമ്പന്‍ മാറ്റങ്ങളമുണ്ടെന്നതാണ് സീസണെ ആവേശകരമാക്കുന്നത്. മുംബൈയുടെ നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റിയതാണ് ഇതില്‍ എടുത്തു പറയേണ്ടത്.
ഗുജറാത്തിന്റെ നായകസ്ഥാനത്ത് നിന്ന് ഹാര്‍ദിക് പാണ്ഡ്യയും മാറി. ശുബ്മാന്‍ ഗില്ലാണ് വരുന്ന സീസണില്‍ ഗുജറാത്തിനെ നയിക്കുന്നത്. എംഎസ് ധോണിയുടെ അവസാന സീസണായി വരുന്ന സീസണ്‍ മാറാനും സാധ്യതകളുണ്ട്. എംഎസ് ധോണിക്ക് കീഴില്‍ കളിച്ചവര്‍ വരുന്ന സീസണില്‍ ശുബ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിക്കാനൊരുങ്ങുകയാണ്. ഇത്തരത്തില്‍ കളിക്കാന്‍ ഭാഗ്യം ലഭിക്കുന്ന അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
ഒന്നാമത്തെ താരം ഉമേഷ് യാദവാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒഴിവാക്കിയ ഉമേഷിനെ ഗുജറാത്ത് ടൈറ്റന്‍സാണ് സ്വന്തമാക്കിയത്. സീനിയര്‍ ഇന്ത്യന്‍ പേസറായ ഉമേഷ് യാദവ് ധോണിക്ക് കീഴില്‍ നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ്. ധോണിക്ക് കീഴില്‍ പരിമിത ഓവറും ഉമേഷ് കളിച്ചിട്ടുണ്ട്. വരുന്ന സീസണില്‍ ശുബ്മാന് കീഴില്‍ ഉമേഷ് പ്ലേയിങ് 11 ഉള്‍പ്പെടാനാണ് സാധ്യത. ഗുജറാത്തിന്റെ സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമി പരിക്കിനെത്തുടര്‍ന്ന് കളിക്കുന്നില്ല.
അതുകൊണ്ടുതന്നെ ഉമേഷ് യാദവിന് അവസരം ലഭിച്ചേക്കും. മുഹമ്മദ് ഷമി കളിക്കുന്നുണ്ടെങ്കില്‍ ഈ പട്ടികയില്‍ അദ്ദേഹവും ഉള്‍പ്പെടും. ഷമിക്ക് ശസ്ത്രക്രിയ വേണമെന്നും ഐപിഎല്‍ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വരേണ്ടതായുണ്ട്. എന്തായാലും ഷമിക്ക് ധോണിക്ക് കീഴിലും യുവതാരം ശുബ്മാന്‍ ഗില്ലിന് കീഴിലും കളിക്കാനുള്ള അവസരം മുന്നിലുണ്ട്. ഇൗ സീസണില്‍ നടന്നില്ലെങ്കില്‍ അടുത്ത സീസണിലെങ്കിലും ഇത് നടക്കുമെന്നുറപ്പ്.

മോഹിത് ശര്‍മയാണ് മറ്റൊരാള്‍. വലിയ ഇടവേളക്ക് ശേഷം അവസാന സീസണിലൂടെ തിരിച്ചെത്തിയ താരമാണ് മോഹിത് ശര്‍മ. ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കൊപ്പം വളര്‍ന്നവനാണ് മോഹിത്. ഇന്ത്യന്‍ ടീമിലേക്ക് മോഹിത് എത്തിയതും ഐപിഎല്ലില്‍ മികവ് കാട്ടിയാണ്. പിന്നീട് തഴയപ്പെട്ട താരത്തെ നെറ്റ് ബൗളറായാണ് ഗുജറാത്ത് ഒപ്പം കൂട്ടിയത്. അവസാന സീസണില്‍ താരത്തിന് കളിക്കാനും അവസരം നല്‍കി. മികച്ച പ്രകടനത്തോടെ താരം തിളങ്ങുകയും ചെയ്തു.
വരുന്ന സീസണിലും ഗുജറാത്ത് ബൗളിങ് നിരയില്‍ മോഹിത് ശര്‍മയുണ്ടാവും. ഇതോടെ ധോണിക്ക് കീഴിലും ശുബ്മാന്‍ ഗില്ലിന് കീഴിലും കളിക്കുന്ന താരമായി മാറാന്‍ മോഹിത് ശര്‍മക്ക് സാധിച്ചേക്കും. ജയന്ത് യാദവാണ് മറ്റൊരാള്‍. സ്പിന്‍ ഓള്‍റൗണ്ടറായ ജയന്ത് യാദവ് ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം നടത്തിയത് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ്. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ് ജയന്ത്. പ്ലേയിങ് 11ല്‍ ജയന്തിന് അവസരം പ്രതീക്ഷിക്കാം.
അങ്ങനെ വരുമ്പോള്‍ ധോണിക്കും ശുബ്മാനും കീഴില്‍ കളിക്കാന്‍ ഭാഗ്യം ലഭിച്ചവരിലൊരാളായി ജയന്ത് മാറും. വൃദ്ധിമാന്‍ സാഹയാണ് മറ്റൊരാള്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സാഹ ഇന്ത്യന്‍ ടീമില്‍ ധോണിക്ക് കീഴില്‍ കളിച്ചിട്ടുള്ള താരമാണ്. സിഎസ്‌കെയിലും ധോണിക്ക് കീഴില്‍ കളിച്ചിട്ടുള്ള സാഹ നിലവില്‍ ഗുജറാത്തിന്റെ വിശ്വസ്തനായ ഓപ്പണറാണ്. വരുന്ന സീസണിലും സാഹ ഗുജറാത്തിനൊപ്പമുണ്ടാവും. അങ്ങനെ വരുമ്പോള്‍ ധോണിക്കും ഗില്ലിനും കീഴില്‍ കളിക്കാന്‍ ഭാഗ്യമുള്ളവനായി സാഹ മാറും.
വരുന്ന സീസണോടെ ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. അങ്ങനെ വരുമ്പോള്‍ ഇത്തവണ സിഎസ്‌കെ കപ്പടിച്ച് ധോണിക്ക് യാത്രയയപ്പ് നല്‍കാന്‍ സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.