IPL 2024: ഐപിഎല്ലില്‍ ശത്രുക്കള്‍, പക്ഷെ മറ്റൊരു ലീഗില്‍ ശത്രു ടീമിനൊപ്പം കളിക്കുന്നു- ആരൊക്കെ?
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുന്നോടിയായുള്ള പടയൊരുക്കം ശക്തമായി നടക്കുകയാണ്. മിനി താരലേലമടക്കം പൂര്‍ത്തിയായതിനാല്‍ ഇനി മികച്ച മുന്നൊരുക്കം നടത്തേണ്ട സമയമാണ്. ടി20 ലോകകപ്പ് വരാനിരിക്കെ ഇത്തവണത്തെ ഐപിഎല്ലിന് വലിയ പ്രാധാന്യമാണുള്ളത്. അവസാന സീസണില്‍ കളിക്കാതിരുന്ന പല പ്രമുഖ താരങ്ങളും ഇത്തവണത്തെ ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. കോടികള്‍ വാരിയെറിഞ്ഞ് ടീം കരുത്തുയര്‍ത്തി പല ടീമുകളും എത്തുമ്പോള്‍ പോരാട്ടം കടുക്കുമെന്നുറപ്പ്.
ഐപിഎല്ലില്‍ ശത്രുക്കളായ ടീമുകള്‍ക്കൊപ്പം മറ്റ് ചില ലീഗുകളില്‍ കളിക്കുന്ന താരങ്ങളുണ്ട്. ഇതില്‍ ക്യാപ്റ്റന്മാര്‍ വരെ ഉള്‍പ്പെടുമെന്നതാണ് കൗതുകകരമായ കാര്യം. ഇത്തരത്തില്‍ ഐപിഎല്ലിലെ ശത്രു ടീമിനൊപ്പം മറ്റൊരു ലീഗില്‍ കളിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം ഫഫ് ഡുപ്ലെസിസാണ്. നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകനാണ് ഡുപ്ലെസിസ്. ഐപിഎല്ലിലെ ആര്‍സിബിയുടെ പ്രധാന എതിരാളികളിലൊരാളാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്.
നേരത്തെ ഡുപ്ലെസിസ് സിഎസ്‌കെയ്ക്കായി കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എംഎല്‍സിയിലും സൗത്താഫ്രിക്ക20 ലീഗിലും ഡുപ്ലെസിസ് കളിക്കുന്നത് ചെന്നൈ ഫ്രാഞ്ചൈസിക്കുവേണ്ടിയാണ്. ഈ ലീഗുകളില്‍ ചെന്നൈ ഫ്രാഞ്ചൈസിക്കൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് ഡുപ്ലെസിസ് നടത്തുന്നത്. ഡുപ്ലെസിസിക്ക് ചോറ് ആര്‍സിബിയിലും കൂറ് ചെന്നൈയിലുമാണെന്ന് പറയാം. ഡുപ്ലെസിസിയെ ഐപിഎല്ലിലും കൈവിടാന്‍ സിഎസ്‌കെയ്ക്ക് താല്‍പര്യമില്ലായിരുന്നു.
ഒഴിവാക്കി ലേലത്തിലൂടെ തിരിച്ചുവിളിക്കാമെന്ന പ്രതീക്ഷയിലാണ് സിഎസ്‌കെ ഉണ്ടായിരുന്നത്. എന്നാല്‍ ആര്‍സിബി ഈ പദ്ധതി പൊളിക്കുകയായിരുന്നു. രണ്ടാമത്തെ താരം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഹെന്‍ റിച്ച് ക്ലാസനാണ്. ദക്ഷിണാഫ്രിക്കക്കാരനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ക്ലാസന്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള ക്ലാസന്‍ സൗത്താഫ്രിക്ക 20 ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഉടമകളുടെ ടീമായ ഡര്‍ബന്‍ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമാണുള്ളത്.

ഇത്തവണയും ഹൈദരാബാദിനൊപ്പം കരുത്ത് പകര്‍ന്ന് ക്ലാസനുണ്ട്. റീസെ ടോപ്ലിയാണ് മറ്റൊരു താരം. ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പമാണ് ടോപ്ലിയുള്ളത്. അവസാന സീസണില്‍ ആര്‍സിബിയുടേയും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റേയും മത്സരത്തിനിടെ താരങ്ങള്‍ കൊമ്പുകോര്‍ത്തിരുന്നു. വിരാട് കോലിയും ലഖ്‌നൗ മെന്ററായിരുന്ന ഗൗതം ഗംഭീറും തമ്മിലും നവീന്‍ ഉല്‍ ഹഖ്, അമിത് മിശ്ര എന്നിവരുമായും വലിയ വാക്കുതര്‍ക്കം ഉണ്ടായിരുന്നു.
നിലവില്‍ രണ്ട് ടീമുകളും വലിയ ശത്രുക്കളാണ്. എന്നാല്‍ ഐപിഎല്ലില്‍ ആര്‍സിബി താരമായ ടോപ്ലി സൗത്താഫ്രിക്ക 20 ലീഗില്‍ ഡര്‍ബന്‍ സൂപ്പര്‍ ജയ്ന്റ്‌സിനായാണ് കളിക്കുന്നത്. സിംബാബ് വെയുടെ മീഡിയം പേസ് ഓള്‍റൗണ്ടറാണ് സിക്കന്തര്‍ റാസ. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ താരമാണ് റാസ. എന്നാല്‍ ദുബായ് ക്യാപിറ്റല്‍സിനായാണ് അദ്ദേഹം സൗത്താഫ്രിക്ക 20 ലീഗില്‍ കളിക്കുന്നത്. ഇത്തവണയും ഐപിഎല്ലില്‍ പഞ്ചാബിനൊപ്പം റാസയുണ്ട്.
റാഷിദ് ഖാനാണ് മറ്റൊരു താരം. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലൂടെ വരവറിയിച്ച റാഷിദ് നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നെടുന്തൂണാണ്. എന്നാല്‍ സൗത്താഫ്രിക്ക20 ലീഗില്‍ മുംബൈ കേപ്ടൗണിന്റെ നായകനാണ് റാഷിദ് ഖാന്‍. മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലും റാഷിദ് ഖാനെ സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നു. താരം ഹൈദരാബാദില്‍ ആയിരുന്നപ്പോള്‍ 16 കോടിവരെ മുംബൈ ഓഫര്‍ ചെയ്‌തെങ്കിലും ഹൈദരാബാദ് കരാറിന് സമ്മതിച്ചിരുന്നില്ല.
മുംബൈ ലക്ഷ്യംവെക്കുന്ന ഏറ്റവും പ്രധാന താരമാണ് റാഷിദ്. എന്നാല്‍ ഇനി ഐപിഎല്ലില്‍ റാഷിദിനെ ഒപ്പം കൂട്ടുക മുംബൈക്ക് കടുപ്പമാവും. അതുകൊണ്ടാണ് മറ്റൊരു ലീഗില്‍ റാഷിദിനെ മുംബൈ നായകനാക്കിയിരിക്കുന്നത്. നിലവില്‍ മുംബൈ ടീം മാനേജ്‌മെന്റുമായി റാഷിദിന് മികച്ച ബന്ധമാണുള്ളത്. ഭാവിയില്‍ റാഷിദ് ഖാന്‍ ഐപിഎല്ലിലും മുംബൈയിലേക്കെത്തുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications