മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള മിനി താരലേലം 19ന് നടക്കാന്‍ പോവുകയാണ്. ഇതിനോടകം ടീമുകള്‍ ഒഴിവാക്കിയ താരങ്ങളുടേയും നിലനിര്‍ത്തിയ താരങ്ങളുടേയും പട്ടിക പുറത്തുവിട്ടിട്ടുണ്ട്. 1166 താരങ്ങളാണ് ഐപിഎല്ലിന്റെ ലേലത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ വാശിയേറിയ പോരാട്ടം വരുന്ന ലേലത്തില്‍ പ്രതീക്ഷിക്കാം. സൂപ്പര്‍ താരങ്ങളായ പലരും ലേലത്തിലുണ്ട്.
എല്ലാ ടീമുകളും ആറിലധികം താരങ്ങളെ ലേലത്തിന് മുമ്പ് ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ലേലത്തില്‍ എല്ലാ ടീമുകള്‍ക്കും മികച്ച താരങ്ങളെ കണ്ടെത്തേണ്ടതായുണ്ട്. ഇത്തവണത്തെ ലേലത്തിന് മുമ്പ് മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ താരങ്ങളില്‍ ചിലരെ നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ നോട്ടമിടുന്നുണ്ട്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം ട്രിസ്റ്റന്‍ സ്റ്റബ്‌സാണ്. ദക്ഷിണാഫ്രിക്കന്‍ താരത്തെ മുംബൈ ഇന്ത്യന്‍സ് വേണ്ടവിധം ഉപയോഗിക്കാതെയാണ് തഴഞ്ഞത്.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ട്രിസ്റ്റന്‍ സ്റ്റബ്‌സ് മധ്യനിരയില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കാന്‍ ശേഷിയുള്ള താരമാണ്. ഫീല്‍ഡറെന്ന നിലയിലും മികച്ച പ്രകടനം താരത്തിന് അവകാശപ്പെടാം. സിഎസ്‌കെ മോയിന്‍ അലിയെ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നാണ് വിവരം. പൊതുവേ സീനിയര്‍ താരങ്ങളുടെ പിന്നാലെ പോകുന്നതാണ് സിഎസ്‌കെയുടെ രീതി. എന്നാല്‍ ധോണി കളിനിര്‍ത്തുമ്പോള്‍ ഈ തന്ത്രം എത്രമാത്രം ടീമിന് ഗുണം ചെയ്യുമെന്നതാണ് ചോദ്യം.
ഭാവി മുന്നില്‍ക്കണ്ട് മികച്ച യുവതാരങ്ങളെ സിഎസ്‌കെ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. ഭാവിയിലേക്ക് നോക്കുമ്പോള്‍ കസറാന്‍ ശേഷിയുള്ള ട്രിസ്റ്റന്‍ സ്റ്റബ്‌സിനെ സിഎസ്‌കെയ്ക്ക് പരിഗണിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ സ്റ്റബ്‌സിനെ സിഎസ്‌കെ സ്വന്തമാക്കാന്‍ സാധ്യത കൂടുതലാണെന്ന് പറയാം. രണ്ടാമത്തെ താരം ഹൃതിക് ഷൊക്കീനാണ്. വലം കൈയന്‍ സ്പിന്നറായ ഷൊക്കീന്‍ ചെന്നൈയിലെ സാഹചര്യത്തിന് അനുയോജ്യനായ താരമാണ്.

ചെന്നൈയില്‍ പിച്ചുകള്‍ സ്പിന്നിന് അനുകൂലമാണ്. സിഎസ്‌കെ ഭാവി മുന്നില്‍ക്കണ്ട് വളര്‍ത്തിക്കൊണ്ടുവരാന്‍ സാധ്യതയുള്ള സ്പിന്നറാണ് ഷൊക്കീനെന്ന് പറയാം. മികച്ച ലൈനും ലെങ്തുമുള്ള താരം വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ള ബൗളര്‍മാരിലൊരാളാണ്. അതുകൊണ്ടുതന്നെ ഹൃതിക് ഷൊക്കീനെ സിഎസ്‌കെ ഒപ്പം കൂട്ടിയേക്കും. വലിയ തുക മുടക്കാതെ ഷൊക്കീനെ സ്വന്തമാക്കാം എന്നതും സിഎസ്‌കെ ഷൊക്കീനെ നോട്ടമിടാനുള്ള കാരണമാണ്.
മൂന്നാമത്തെ താരം ജൈ റിച്ചാര്‍ഡ്‌സനാണ്. മികച്ച പേസര്‍മാരെ സിഎസ്‌കെയ്ക്ക് അത്യാവശ്യമാണ്. ടീമില്‍ വിശ്വസ്തരായ പേസര്‍മാരില്ലെന്നതാണ് വസ്തുത. ജൈ റിച്ചാര്‍ഡ്‌സന്‍ സിഎസ്‌കെയ്ക്ക് അനുയോജ്യനായ താരമാണ്. മുംബൈ ഇന്ത്യന്‍സ് കൈവിട്ട താരം ധോണിക്ക് കീഴിലെത്തിയാല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ശേഷിയുള്ളവനാണ്. നിലവിലെ സിഎസ്‌കെ നിരയിലെ പലരും പരിക്കിന്റെ ഭീഷണി നേരിടുന്നവരാണ്.
അതുകൊണ്ടുതന്നെ സിഎസ്‌കെയ്ക്ക് കൂടുതല്‍ ബാക്കപ്പ് താരങ്ങളെ ആവശ്യമാണ്. പേസ് നിരയിലേക്ക് കൂടുതല്‍ താരങ്ങളെ എത്തിക്കാന്‍ സിഎസ്‌കെ ശ്രമം നടത്തിയേക്കുമെന്നാണ് വിവരം. നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെയ്ക്ക് വരുന്ന സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. അടുത്ത സീസണിലും ധോണി സിഎസ്‌കെയ്‌ക്കൊപ്പമുണ്ടാവുമെന്നുറപ്പാണ്. എന്നാല്‍ പിന്നീടൊരു സീസണ്‍ കൂടി ധോണി സിഎസ്‌കെയില്‍ കളിക്കാന്‍ സാധ്യത വളരെ കുറവാണ്.
അതുകൊണ്ടുതന്നെ ധോണിയുടെ അഭാവത്തിലും മികവ് കാട്ടാന്‍ സാധിക്കുന്ന തരത്തിലേക്ക് മാറാനുള്ള തയ്യാറെടുപ്പാവും സിഎസ്‌കെ വരുന്ന സീസണില്‍ നടത്തുക. ധോണിക്ക് പകരം രവീന്ദ്ര ജഡേജ സിഎസ്‌കെയെ നയിച്ചപ്പോള്‍ സംഭവിച്ചത് എല്ലാവരും കണ്ടതാണ്. ധോണിക്ക് ശേഷം പുതിയൊരു നായകനെത്തുമ്പോള്‍ പ്രകടന നിലവാരം താഴോട്ട് പോകാതെ നോക്കുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. സിഎസ്‌കെയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയും ഇതാണെന്ന് പറയാം.
എന്തായാലും ധോണിയും സംഘവും ലേലത്തിന് മുമ്പ് കരുതിവെച്ചിരിക്കുന്നത് എന്താണെന്ന് കണ്ടറിയാം. കിരീടം നിലനിര്‍ത്തി ധോണിക്ക് യാത്രയയപ്പ് നല്‍കാന്‍ സിഎസ്‌കെയ്ക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.