Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: രോഹിത്തും സൂര്യയുമില്ല! കോലിയും സഞ്ജുവും ടീമില്‍, റായുഡുവിന്റെ ബെസ്റ്റ് 11

ഐപിഎല്ലില്‍ ഇത്തവണ വിവിധ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയ താരങ്ങളെ ഉള്‍പ്പെടുത്തി ടീം ഓഫ് ദി ടൂര്‍ണമെന്റിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്റര്‍ അമ്പാട്ടി റായുഡു. ചില വമ്പന്‍ കളിക്കാരെ തന്റെ ഇലവനില്‍ നിന്നും അദ്ദേഹം ഒഴിവാക്കിയെന്നതാണ് ശ്രദ്ധേയമായ കാര്യം. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് എന്നിവര്‍ക്കൊന്നും ടീമില്‍ ഇടം ലഭിച്ചില്ല.

റായുഡുവിന്റെ ബെസ്റ്റ് ഇലവനില്‍ രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകളുടെ ആധിപത്യമാണുള്ളത്. റോയല്‍സില്‍ നിന്നും നാലു പേര്‍ക്കു ഇലവനിലേക്കു നറുക്കുവീണപ്പോള്‍ കെകെആറില്‍ നിന്നും മൂന്നു കളിക്കാരും ഇലവനിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ് ടീമുകളില്‍ നിന്നും ഓരോ താരങ്ങള്‍ വീതവും ഇലവനില്‍ ഇടം പിടിച്ചു.

SANJU KOHLI

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു റണ്‍മെഷീനും ഇത്തവണത്തെ ഓറഞ്ച് ക്യാപ്പിന്റെ അവകാശിയുമായ വിരാട് കോലിയും കെകെആറിന്റെ സുനില്‍ നരെയ്‌നും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്യുക. 15 ഇന്നിങ്‌സുകളില്‍ നിന്നും കോലിയുടെ സമ്പാദ്യം 741 റണ്‍സായിരുന്നു. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. കെകെആറിനായി നരെയ്ന്‍ നേടിയത് 482 റണ്‍സാണ്. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളുമടക്കമാണിത്.

റായുഡുവിന്റെ ഇലവനില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും ടീമംഗമായ റിയാന്‍ പരാഗുമാണ്. ഈ സീസണില്‍ റോയല്‍സ് ബാറ്റിങിലെ നെടുംതൂണായി മാറിയവരാണ് രണ്ടു പേരും. 14 ഇന്നിങ്‌സുകളില്‍ നിന്നും നാലു ഫിഫ്റ്റികളടക്കം 573 റണ്‍സാണ് പരാഗ് അടിച്ചെടുത്തത്. സഞ്ജുവാകട്ടെ 15 ഇന്നിങ്‌സുകളില്‍ നിന്നും 531 റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു. അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. ഐപിഎല്‍ കരിയറില്‍ സഞ്ജു 500 പ്ലസ് റണ്‍സ് നേടിയതും ഇതാദ്യമായിട്ടാണ്.

കെകെആറിനായി ഫിനിഷറുടെ റോളില്‍ ഈ സീസണില്‍ ക്ലിക്കായില്ലെങ്കിലും റിങ്കു സിങിനെ റായുഡു അഞ്ചാം നമ്പറില്‍ ഇലവനില്‍ ഉള്‍പ്പെടുത്തിയെന്നതാണ് ഏറ്റവും വലിയ സര്‍പ്രൈസ്. 11 ഇന്നിങ്‌സുകളില്‍ നിന്നും വെറും 168 റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു ഇത്തവണ നേടാനായത്. റിങ്കുവിനു ശേഷം ആറാം നമ്പറില്‍ കെകെആറിന്റെ തന്നെ വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലാണ്. ഒമ്പതു ഇന്നിങ്‌സുകളില്‍ 222 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. ബൗളിങില്‍ 16 വിക്കറ്റുകളും പിഴുതിരുന്നു.

റായുഡുവിന്റെ ടീമിലെ മറ്റൊരു ഓള്‍റൗണ്ടര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ രവീന്ദ്ര ജഡേജയാണ്. സിഎസ്‌കെയ്ക്കു വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. 11 ഇന്നിങ്‌സുകളിലാണ് ജഡ്ഡു ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 267 റണ്‍സെടുക്കുകയും ചെയ്തു. ബൗളിങിലാവട്ടെ എട്ടു വിക്കറ്റുകളാണ് 14 ഇന്നിങ്‌സുകളില്‍ നിന്നും ജഡേജ പിഴുതത്.

ജഡേജയ്ക്കു ശേഷം എട്ടാം സ്ഥാനത്തു എസ്ആര്‍എച്ചിന്റെ ഹെന്‍ട്രിച്ച് ക്ലാസെനാണ് റായുഡുവിന്റെ ടീമിലുള്ളത്. ഹൈദരാബാദിനായി 14 ഇന്നിങ്‌സുകളില്‍ അദ്ദേഹം അടിച്ചെടുത്തത് 463 റണ്‍സാണ്. മൂന്നു ഫാസ്റ്റ് ബൗളര്‍മാരെയാണ് റായുഡു തന്റെ ടീമിലുള്‍പ്പെടുത്തിയത്. മുംബൈയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, റോയല്‍സിന്റെ പേസ് ജോടികളായ ആവേശ് ഖാന്‍, ട്രെന്റ് ബോള്‍ട്ട് എന്നിവരാണിത്.

റായുഡുവിന്റെ ടീം ഓഫ് ദി ടൂര്‍ണമെന്റ്

വിരാട് കോലി, സുനില്‍ നരെയ്ന്‍, സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, റിങ്കു സിങ്, ആന്ദ്രെ റസ്സല്‍, രവീന്ദ്ര ജഡേജ, ഹെന്‍ട്രിച്ച് ക്ലാസെന്‍, ജസ്പ്രീത് ബുംറ, ആവേശ് ഖാന്‍, ട്രെന്റ് ബോള്‍ട്ട്.

Story first published: Sunday, May 26, 2024, 19:17 [IST]
Other articles published on May 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+