ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള ലേലം ഈ മാസം നടക്കാനിരിക്കെ തികച്ചും അപ്രതീക്ഷിതമായിട്ടാണ് മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ രാജസ്ഥാന്‍ റോയല്‍സ് കൈവിട്ടത്. ട്രേഡ് വിന്‍ഡോയില്‍ ഇടംകൈയന്‍ യുവ ബാറ്ററെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു റോയല്‍സ് വില്‍ക്കുകയായിരുന്നു. പകരം ഫാസ്റ്റ് ബൗളര്‍ ആവേശ് ഖാനെ ടീമിലേക്കു കൊണ്ടുവരികയും ചെയ്തു.
നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം ഓപ്പണറായി ഇറങ്ങിയ ശ്രദ്ധേയമായ പ്രകനടങ്ങള്‍ നടത്തിയിട്ടുള്ള ദേവ്ദത്തിനു റോയല്‍സില്‍ തന്റെ പ്രതിഭയോടു നീതി പുലര്‍ത്താനായിരുന്നില്ല. കൃത്യമായ ഒരു ബാറ്റിങ് പൊസിഷന്‍ താരത്തിനു ലഭിക്കാതിരുന്നതാണ് ഇതിനു പ്രധാന കാരണം. ഓപ്പണിങ് റോളില്‍ ഏറ്റവും അനുയോജ്യനായ ദേവ്ദത്തിനെ മൂന്നാം നിമ്പറിലും നാലാം നമ്പറിലുമെല്ലാം റോയല്‍സ് മാറി മാറി പരീക്ഷിക്കുകയായിരുന്നു.

ദേവ്ദത്ത് കളിച്ചിരുന്ന നാലാം നമ്പറില്‍ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗായിരിക്കും അടുത്ത സീസണില്‍ റോയല്‍സിനു വേണ്ടി കളിച്ചേക്കുക. എങ്കിലും ദേവ്ദത്തിനു പകരക്കാരനായി ഒരാളെ ലേലത്തില്‍ ടീമിലേക്കു കൊണ്ടുവരാന്‍ റോയല്‍സ് ശ്രമിക്കുമെന്നുറപ്പാണ്. ലേലത്തില്‍ റോയല്‍സിനു വാങ്ങാവുന്ന മൂന്നു കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.
യുവതാരം സമീര്‍ റിസ്വിയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി പ്രതീകളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് റിസ്വി. മുന്‍നിര ബാറ്ററായ അദ്ദേഹം ഇതിനകം തന്നെ തന്റെ പ്രതിഭ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. മുന്‍നിരയില്‍ മാത്രമല്ല മധ്യനിരയിലും ബാറ്റ് ചെയ്യാവുന്ന താരമാണ് റിസ്വി. അതുകൊണ്ടു തന്നെ റോയല്‍സിനു തങ്ങളുടെ ടോപ്പ് ത്രീയില്‍ അഴിച്ചുപണിയും നടത്തേണ്ടതായി വരില്ല. 2020ലാണ് ഉത്തര്‍പ്രേേദശില്‍ നിന്നുള്ള താരം പ്രൊഫഷണല്‍ ക്രിക്കറ്റില്‍ അരങ്ങേറിയത്.
വലംകൈയന്‍ ബാറ്ററും വലംകൈയന്‍ ഓഫ് ബ്രേക്ക് ബൗളറുമായ റിസ്വി ഉത്തര്‍പ്രദശിനായി 11 ടി20 മല്‍സരങ്ങളിലാണ് ഇതിനകം കളിച്ചത്. ഇവയില്‍ നിന്നും 49.16 ശരാശരിയില്‍ 134.70 സ്‌ട്രൈക്ക് റേറ്റോടെ 295 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്. രണ്ടു ഫിഫ്റ്റികളുള്‍പ്പെടെയാണിത്. പുറത്താവാതെ നേടിയ 75 റണ്‍സാണ് റിസ്വിയുടെ ഉയര്‍ന്ന സ്‌കോര്‍.
തമിഴ്‌നാട്ടില്‍ നിന്നുള്ള വമ്പനടിക്കാരനായ ബാറ്ററും വിക്കറ്റ് കീപ്പറുമായ ജി അജിതേഷാണ് ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നോട്ടമിടാന്‍ സാധ്യതയുള്ള രണ്ടാമത്തെ താരം. നിലവില്‍ നായകന്‍ സഞ്ജു സാംസണിന്റെ ബാക്കപ്പായി വിക്കറ്റ് കീപ്പറുടെ റോളില്‍ ധ്രുവ് ജുറേലുണ്ടെങ്കിലും അജിതേഷിനെ മൂന്നാം ബാക്കപ്പായി റോയല്‍സിനു പരിഗണിക്കാവുന്നതാണ്.
ആഭ്യന്തര ക്രിക്കറ്റില്‍ റിയാന്‍ പരാഗ് തകര്‍പ്പന്‍ പ്രകടനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെങ്കിലും ഐപിഎല്‍ റോയല്‍സിനൊപ്പം ഇനിയും ക്ലിക്കായിട്ടില്ല. അടുത്ത സീസണിലു പരാഗ് മോശം പ്രകടനം തുടര്‍ന്നാല്‍ പകരം നാലാം നമ്പറില്‍ അജിതേഷിനെ റോയല്‍സിനു പരീക്ഷിച്ചു നോക്കാവുന്നതാണ്. ഒരുപക്ഷെ റോയല്‍സിന്റെ അപ്രതീക്ഷിത കണ്ടെത്തലായി അദ്ദേഹം മാറാനുള്ള സാധ്യതയും തള്ളാന്‍ കഴിയില്ല.

മലയാളി താരം രോഹന്‍ കുന്നുമ്മലാണ് ലേലത്തില്‍ റോയല്‍സിനു ടീമിലേക്കു കൊണ്ടുവരാവുന്ന മൂന്നാമത്തെ താരം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരളത്തിനു വേണ്ടി വിവിധ ഫോര്‍മാറ്റുകളില്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. പക്ഷെ ഐപിഎല്ലിലേക്കു രോഹന് ഇനിയും വിളിയെത്തിയിട്ടില്ല. കഴിഞ്ഞ സീസണിനു മുന്നോടിയായുള്ള ലേലത്തില്‍ അദ്ദേഹം രജിസ്റ്റര്‍ ചെയ്തിരുന്നു. പക്ഷെ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും രോഹനെ വാങ്ങാന്‍ തയ്യാറായില്ല.
വരാനിരിക്കുന്ന ലേലത്തില്‍ തന്റെ സമയം തെളിയുമെന്ന പ്രതീക്ഷയലാണ് അദ്ദേഹം. കേരള ടീമില്‍ തന്റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജു റോയല്‍സിന്റെ നായകസ്ഥാനത്തുണ്ടെന്നതിനാല്‍ രോഹന്റെ സാധ്യതകള്‍ വര്‍ധിക്കുകയും ചെയ്യുന്നുണ്ട്. നിലവില്‍ ഓപ്പണിങ് ബാറ്ററായിട്ടാണ് അദ്ദേഹം കേരളത്തിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുന്നതെങ്കിലും ആവശ്യമെങ്കില്‍ മധ്യനിരയിലും കളിക്കാന്‍ തയ്യാറാണ്. പരാഗ് ഫ്‌ളോപ്പായാല്‍ നാലാം നമ്പറില്‍ രോഹനെ റോയല്‍സിനു കളിപ്പിക്കാവുന്നതാണ്.