റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഈ ഐപിഎല്‍ സീസണിലെ പ്രകടനം ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. മൂന്നു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒമ്പതാംസ്ഥാനത്തു നില്‍ക്കുകയാണ് ആര്‍സിബി. മൂന്നു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് അവര്‍ക്കു ജയിക്കാനായത്. ശേഷിച്ച രണ്ടെണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തു.
ഉദ്ഘാടന മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു തോറ്റ ആര്‍സിബി അവസാന കളിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടും പരാജയം സമ്മതിച്ചു. പഞ്ചാബ് കിങ്‌സിനെതിരായ ജയം മാത്രമാണ് ആര്‍സിബിക്കു ആശ്വസിക്കാനുള്ളത്. ഇതുവരെയുള്ള മല്‍സരങ്ങളിലെ പ്രകടനം നോക്കിയാല്‍ ഇത്തവണ ആര്‍സിബി പ്ലേഓഫില്‍ കടക്കുമോയെന്ന കാര്യം പോലും സംശയമാണ്.

വരാനിരിക്കുന്ന മല്‍സരങ്ങളില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കില്‍ മാത്രമേ അവര്‍ക്കു പ്രതീക്ഷയ്ക്കു വകയുള്ളൂ. പക്ഷെ ടീമിന്റെ നെടുംതൂണുകളായ ചില താരങ്ങള്‍ കൂടി മനസ്സുവച്ചാല്‍ മാത്രമേ ആര്‍സിബിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാവുകയുള്ളൂ. ആര്‍സിബിയുടെ ഈ പ്രധാനപ്പെട്ട കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.
ആദ്യത്തെയാള്‍ ക്യാപ്റ്റനും സൗത്താഫ്രിക്കയുടെ സൂപ്പര്‍ ബാറ്ററുമായ ഫാഫ് ഡുപ്ലെസിയാണ്. മുന്‍ സീസണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ നിഴല്‍ മാത്രമാണ് ഇതുവരെയുള്ള മൂന്നു മല്‍സരങ്ങളില്‍ കണ്ടത്. വെറും 46 റണ്‍സ് മാത്രമേ മൂന്നു കളിയില്‍ ഡുപ്ലെസിക്കു സ്‌കോര്‍ ചെയ്യാനായിട്ടുള്ളൂ. 15.33 എന്ന ദയനീയ ശരാശരിയോടെയാണിത്. ഉയര്‍ന്ന സ്‌കോര്‍ 35 റണ്‍സാണ്.
കഴിഞ്ഞ രണ്ടു സീസണുകളിലും ആര്‍സിബിക്കു സ്‌ഫോടനാത്മക തുടക്കം നല്‍കുന്നതില്‍ ഡുപ്ലെസി വഹിച്ച പങ്കു വളരെ വരുതായിരുന്നു. പക്ഷെ ഇത്തവണ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി കസറിയപ്പോള്‍ ഡുപ്ലെസി കാര്യമായ ഇംപാക്ടുണ്ടാക്കാതെ വന്നതു പോലെ തന്നെ മടങ്ങുകയായിരുന്നു. വരാനിരിക്കുന്ന മല്‍സരങ്ങളില്‍ ഡുപ്ലെസിയില്‍ നിന്നും കൂടുതല്‍ മികച്ച സംഭാവനകള്‍ ആര്‍സിബിക്കു ആവശ്യമാണ്. എങ്കില്‍ മാത്രമേ അതു ആര്‍സിബിയെ മുന്നോട്ടുള്ള കുതിപ്പില്‍ സഹായിക്കുകയുള്ളൂ.
ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലാണ് ആര്‍സിബിക്കു വേണ്ടി ഇനിയുള്ള മല്‍സരങ്ങളില്‍ കസറേണ്ട രണ്ടാമത്തെയാള്‍. തനിച്ചു മല്‍സരഗതി മാറ്റിമറിക്കാന്‍ ശേഷിയുള്ള മാക്‌സിക്കു സീസണില്‍ ഇതുവരെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താനായിട്ടില്ല. മൂന്നു മല്‍സരങ്ങളില്‍ നിന്നും വെറും 31 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. 10.33 എന്ന വളരെ മോശം ശരാശരിയാണ് മാക്‌സ്വെല്ലിനുള്ളത്. 28 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

മാക്‌സി തന്റെ യഥാര്‍ഥ ഫോം എത്രയും വേഗത്തില്‍ വീണ്ടെടുത്തെങ്കില്‍ മാത്രമേ ആര്‍സിബിക്കു രക്ഷയുള്ളൂ. മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ അദ്ദേഹത്തില്‍ നിന്നും ടീമിനു ആവശ്യമാണ്. അതോടൊപ്പം ബൗളിങിലും മാക്‌സി സംഭാവന ചെയ്താല്‍ അതു ആര്‍സിബിക്കു ഏറെ മുതല്‍ക്കൂട്ടായി മാറും.
ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജാണ് എത്രയും വേഗത്തില്‍ ഫോം വീണ്ടെടുക്കേണ്ട ആര്‍സിബിയുടെ മൂന്നാമത്തെ താരം. അനുഭവസമ്പത്ത് കുറഞ്ഞ ആര്‍സിബി ബൗളിങ് ആക്രമണത്തിനു ചുക്കാന്‍ പിടിക്കേണ്ടയാളാണ് സിറാജ്. പക്ഷെ ഈ സീസണില്‍ അദ്ദേഹം നനഞ്ഞ പടക്കമായി മാറിയിരിക്കുകയാണ്.
മൂന്നു മല്‍സരങ്ങളില്‍ നിന്നും സിറാജിനു ലഭിച്ചിട്ടുള്ളത് വെറും രണ്ടു വിക്കറ്റുകള്‍ മാത്രമാണ്. 26 റണ്‍സിനു രണ്ടു പേരെ പുറത്താക്കിയതാണ് ഏറ്റവും മികച്ച പ്രകടനം. സിറാജിനെപ്പോലെയൊരു മുന്‍നിര ബൗളറില്‍ നിന്നു ഇത്തരമൊരു ശരാശരി പ്രകടനമല്ല ആര്‍സിബിക്കു ആവശ്യം.