ഇംഗ്ലണ്ട് നായകനും വെടിക്കെട്ട് ബാറ്ററുമായ ജോസ് ബട്‌ലറിനെ ഐപിഎല്ലിലെ ശേഷിച്ച മല്‍സരങ്ങളില്‍ നഷ്ടമായതിന്റെ നിരാശയിലും ആശങ്കയിലുമാണ് രാജസ്ഥാന്‍ റോയല്‍സ്. അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ലോകപ്പിനു വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണ് അദ്ദേഹം കഴിഞ്ഞ ദിവസം ടീം വിട്ടത്. ലീഗ് ഘട്ടത്തില്‍ റോയല്‍സിനു ഇനിയും രണ്ടു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് ബട്‌ലറുടെ പിന്‍മാറ്റം. ഇതോടെ ശേഷിച്ച മല്‍സരങ്ങളില്‍ ടീം കോമ്പിനേഷനുകളില്‍ മാറ്റങ്ങള്‍ക്കു റോയല്‍സ് നിര്‍ബന്ധിതരായിരിക്കുകയാണ്.
ബട്‌ലറുടെ അഭാവത്തില്‍ റോയല്‍സിനു പരീക്ഷിച്ചു നോക്കാവുന്ന വിദേശ താരങ്ങളുടെ മികച്ച ചില കോമ്പിനേഷനുകളുണ്ട്. ഇവയിലൊന്നു ക്ലിക്കായി മാറിയാല്‍ ബട്‌ലറുടെ അഭാവം അവരെ ബാധിക്കാനിടയില്ല. സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ റോയല്‍സിനു പരീക്ഷിക്കാവുന്ന വിദേശ താരങ്ങളുടെ മൂന്നു കോമ്പിനേഷനുകള്‍ ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ആദ്യത്തെ വിദേശ താരങ്ങളുടെ കോമ്പിനേഷന്‍ നോക്കിയാല്‍ അവിടെ ബട്‌ലര്‍ക്കു പകരം കൊണ്ടുവരാവുന്നയാള്‍ ഇംഗ്ലണ്ടിന്റെ തന്നെ ടോം കോഹ്ലര്‍ കാഡ്‌മോറാണ്. അദ്ദേഹത്തിനൊപ്പം പ്ലെയിങ് ഇലവനില്‍ റോയല്‍സിനു ഉള്‍പ്പെടുത്താവുന്ന മറ്റു വിദേശ താരങ്ങള്‍ ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടും സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ നാന്ദ്രെ ബര്‍ഗറുമാണ്. ബട്‌ലറുടെ അതേ ശൈലി പിന്തുടരുന്ന ബാറ്ററാണ് കാഡ്‌മോര്‍. അതുകൊണ്ടു തന്നെ റോയല്‍സിനു തീര്‍ച്ചയായും അദ്ദേഹത്തെ ഇലവനിലേക്കു കൊണ്ടുവരാം.
ഐപിഎല്ലില്‍ ഇതുവരെ കളിച്ചിട്ടില്ലെന്നത് കാഡ്‌മോറിന്റെ ഒരു നെഗറ്റീവാണ്. എങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ടി20 ലീഗുകളില്‍ കളിച്ചതിന്റെ അനുഭവസമ്പത്തുമായിട്ടാണ് താരം ഐപിഎല്ലിലെത്തിയിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്ററും കൂടിയായ 29 കാരന്‍ 187 ടി20 ഇന്നിങ്‌സുകളിലാണ് ഇതുവരെ കളിച്ചത്. ഇവയില്‍ നിന്നും 140നടുത്ത് സ്‌ട്രൈക്ക് റേറ്റില്‍ 4734 റണ്‍സും സ്‌കോര്‍ ചെയ്തു. ഒരു സെഞ്ച്വറിയും 34 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
പ്ലേഓഫിനു മുമ്പ് റോയല്‍സിനു ഇനിയും രണ്ടു കളികള്‍ ബാക്കിയുള്ളതിനാല്‍ കാഡ്‌മോറിനെ പരീക്ഷിച്ചു നോക്കാനുള്ള ഏറ്റവും നല്ല അവസരമായിരിക്കും ഇത്. ടി20യില്‍ കഴിവ് തെളിയിച്ച മാച്ച് വിന്നര്‍ കൂടിയായ താരത്തിനു റോയല്‍സിന്റെ സര്‍പ്രൈസ് ഹീറോയായി മാറാന്‍ സാധിച്ചേക്കും.
റോയല്‍സിനു പരീക്ഷിക്കാവുന്ന രണ്ടാമത്തെ വിദേശ താരങ്ങളുടെ കോമ്പിനേഷന്‍ റോവ്‌മെന്‍ പവെലിനെയും ഷിംറോണ്‍ ഹെറ്റ്‌മെയറിനെയും ഒരുമിച്ച് കളിപ്പിക്കുകയെന്നതാണ്. ട്രെന്റ് ബോള്‍ട്ടും നാന്ദ്രെ ബര്‍ഗറുമായിരിക്കും ഇലവനിലെ മറ്റു രണ്ടു വിദേശികള്‍. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ ഹെറ്റ്‌മെയര്‍, പവെല്‍ എന്നിവരെ റോയല്‍സ് പുറത്ത് ഇരുത്തിയിരുന്നു. രണ്ടു പേരും തനിച്ചു കളി ജയിപ്പിക്കാന്‍ സാധിക്കുന്നവരാണ്.
ബട്‌ലര്‍ക്കു പകരെ പവെലിനെ ഓപ്പണിങിലേക്കു റോയല്‍സിനു പരീക്ഷിച്ചു നോക്കാം. ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിക്കാനുള്ള ശേഷി താരത്തിനുണ്ട്. ഹെറ്റ്‌മെയര്‍ക്കു ഫിനിഷറുടെ റോളും നല്‍കാം. ഈ റോളില്‍ നേരത്തേ റോയല്‍സിനായി പല ശ്രദ്ധേയമായ ഇന്നിങ്‌സുകളും അദ്ദേഹം കളിച്ചിട്ടുണ്ട്.

റോയല്‍സിന്റെ മൂന്നാമത്തെ വിദേശ കോമ്പിനേഷന്‍ സൗത്താഫ്രിക്കയുടെ ഫിനിഷറായ ഡൊണോവന്‍ ഫെരേരയെ ഇലവനിലേക്കു കൊണ്ടുവരികയെന്നതാണ്. ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ട്രെന്റ് ബോള്‍ട്ട്, നാന്ദ്രെ ബര്‍ഗര്‍ എന്നിവരായിരിക്കും മറ്റു മൂന്നു വിദേശ കളിക്കാര്‍. ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല ബാറ്ററുടെ റോളിലും റോയല്‍സിനായി ഗംഭീര പ്രകടനമാണ് സഞ്ജു സാംസണ്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ മൂന്നാം നമ്പറിലാണ് അദ്ദേഹം കളിക്കുന്നതെങ്കിലും ഓപ്പണിങ് റോളിലേക്കു സ്വയം പ്രൊമോട്ട് ചെയ്യാവുന്നതാണ്.
യശസ്വി ജയ്‌സ്വാളിനോടൊപ്പം സഞ്ജു ഓപ്പണ്‍ ചെയ്യുകയാണെങ്കില്‍ ഫെരേരയ്ക്കു ഫിനിഷറുടെ റോള്‍ തന്നെ റോയല്‍സിനു നല്‍കാം. സൗത്താഫ്രിക്ക20 (SA20) ടൂര്‍ണമെന്റില്‍ ജൊഹാനസ്ബര്‍ഗ് സൂപ്പര്‍ കിങ്‌സിന്റെ മാച്ച് വിന്നറായിരുന്നു ഫെരേര. ഐപിഎല്ലിലും ഈ മിടുക്ക് പുറത്തെടുക്കാന്‍ സാധിക്കുന്നയാള്‍ തന്നെയാണ് അദ്ദേഹം.