ഇത്തവണത്തെ ഐപിഎല്‍ സീസണിനു മുമ്പ് കിരീട ഫേവറിറ്റുകളില്‍ ഇല്ലാതിരുന്ന ടീമുകളിലൊന്നായിരുന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. അഞ്ചു തവണ വീതം ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ്, മുന്‍ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സ്, സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് എന്നിവരായിരുന്നു ഫേവറിറ്റുകളില്‍ മുന്‍നിരയിലുണ്ടായിരുന്നത്.
പക്ഷെ ഈ നാലു ടീമുകളില്‍ മൂന്നും പ്ലേഓഫ് പോലുമെത്താതെ പുറത്തായി. പ്ലേഓഫില്‍ കടന്ന റോയല്‍സാവട്ടെ ഫൈനലിലും കടന്നില്ല. സീസണ്‍ ആരംഭിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ കെകെആര്‍ ഇത്തവണ എല്ലാവരും ഭയക്കേണ്ട ടീമാണെന്നു തെളിഞ്ഞിരുന്നു. ടീമിന്റെ അതിശയിപ്പിക്കുന്ന ബാലന്‍സും ബാറ്റിങിലെ ആഴവുമെല്ലാമായിരുന്നു ഇതിനു കാരണം.

മറ്റു പല ടീമുകളെയും പോലെ ഏതെങ്കിലുമൊരു താരത്തെ അമിതമായി ആശ്രയിക്കുന്നില്ലെന്നതും കെകെആറിന്റെ പ്ലസ് പോയിന്റായിരുന്നു. ആരും വലിയ സാധ്യത കല്‍പ്പിക്കാതിരുന്ന കെകെആര്‍ എങ്ങനെയാണ് ഇത്തവണ ഇത്ര ഗംഭീരമായ തിരിച്ചുവരവ് നടത്തിയത്? മൂന്നു പ്രധാനപ്പെട്ട നീക്കങ്ങളാണ് ഇതിനു പിന്നിലെന്നു കാണാം. ഇതേക്കുറിച്ചു നമുക്കു നോക്കാം.
കെകെആറിന്റെ ആദ്യ മാസ്റ്റര്‍ സ്‌ട്രോക്കെന്നു പറയാവുന്നത് മുന്‍ ക്യാപ്റ്റനും ഇന്ത്യന്‍ ഓപ്പണറുമായിരുന്ന ഗൗതം ഗംഭീറിനെ ഈ സീസണിനു മുന്നോടിയായി മുഖ്യ ഉപദേശകന്റെ റോളിലേക്കു കൊണ്ടുവന്നതാണ്. കഴിഞ്ഞ രണ്ടു സീസണുകളിലും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഉപദേശകനായിരുന്ന അദ്ദേഹത്തെ ടീമിലെത്തിച്ചത് സര്‍പ്രൈസ് നീക്കം തന്നെയായിരുന്നു. ഇതാണ് കെകെആറിന്റെ തലവര മാറ്റിയതില്‍ നിര്‍ണായകമായി മാറിയതെന്നു ഉറപ്പിച്ചു പറയാം.
കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റിനേക്കാള്‍ ടീമില്‍ ഇംപാക്ടുണ്ടാക്കാന്‍ ഗംഭീറിനു സാധിച്ചു. ടീമില്‍ സീനിയര്‍, ജൂനിയര്‍ വേര്‍തിരിവുണ്ടാവില്ലെന്നും 26ന് നടക്കാനിരിക്കുന്ന ഐപിഎല്‍ ഫൈനലില്‍ നമ്മള്‍ തീര്‍ച്ചയായും ഉണ്ടാവണമെന്നുമായിന്നു സീസണിനു മുന്നോടിയായി ടീമിനോടുള്ള ഗംഭീറിന്റെ വാക്കുകള്‍. ഫൈനലില്‍ കളിക്കണമെന്ന ഗംഭീറിന്റെ ഉപദേശം ടീം പ്രാവര്‍ത്തികമാക്കുകയും ചെയ്തു.
ചാംപ്യന്‍മാരാവാനുള്ള എല്ലാ ചേരുവകളും കഴിഞ്ഞ സീസണില്‍ തന്നെ കെകെആറിനുണ്ടായിരുന്നു. എന്നാല്‍ കിരീടത്തിലേക്കു എത്താനുള്ള പ്രചോദനവും ആത്മവിശ്വാസവുമാണ് കെകെആറിനു ആവശ്യമായിരുന്നത്. അതു നല്‍കാന്‍ ഗംഭീറിനു സാധിക്കുകയും ചെയ്തു. ഒന്നിനെയും കൂസാത്ത, ഏതു വെല്ലുവിളിയും ഏറ്റെടുക്കാന്‍ മടിയില്ലാത്ത ഗംഭീര്‍ ഇതു കെകെആര്‍ ടീമിലേക്കും കുത്തിവച്ചതോടെ എല്ലാം മാറിമറിഞ്ഞു. ആരെയും തോല്‍പ്പിച്ച് ചാംപ്യന്‍മാരാവാനുള്ള കരുത്ത് തങ്ങള്‍ക്കുണ്ടെന്നു ടീമിനു ബോധ്യമാക്കി കൊടുത്തത് ഗംഭീര്‍ തന്നെയാണ്.
ഗംഭീറിനെ എത്തിച്ചതിനു ശേഷം കെകെആറിന്റെ രണ്ടാമത്തെ മികച്ച നീക്കമെന്നതു ഓസ്‌ട്രേലിയയുടെ പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനെ ലേലത്തില്‍ സ്വന്തമാക്കിയതാണ്. ഏതൊരു മികച്ച ഫ്രാഞ്ചൈസിയും വിജയത്തിനുള്ള അടിത്തറ പാകുന്നത് ലേലത്തിലാണ്. ഇത്തവണ കെകെആര്‍ ചെയ്തതും ഇതു തന്നെ. 24.75 കോടി രൂപയെന്ന റെക്കോര്‍ഡ് തുക വരെ പോവാന്‍ കെകെആറിനെ പ്രേരിപ്പിച്ചത് അദ്ദേഹത്തിന്റെ മാച്ച് വിന്നിങ് ശേഷിയിലുള്ള വിശ്വാസം തന്നെയായിരുന്നു.
ഇത്തരമൊരു ചൂതാട്ടത്തിനു കെകെആര്‍ മുതിര്‍ന്നതിനു പിന്നിലും ഗംഭീര്‍ തന്നെയാണ്. ബാറ്റിങില്‍ കളി നിയന്ത്രിക്കാന്‍ ശേഷിയുള്ള പലരുമുണ്ടെങ്കിലും ബൗളിങില്‍ ടീമിനെ മുന്നില്‍ നിന്നും നയിക്കാന്‍ ശേഷിയുള്ള ഒരാളെ ആവശ്യമായിരുന്നു. ഈ കുറവാണ് സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയതിലൂടെ കെകെആര്‍ നികത്തിയത്.
സീസണിന്റെ തുടക്കത്തില്‍ നിറം മങ്ങിയെങ്കിലും അവസാന ഘട്ടത്തിലേക്കും സ്റ്റാര്‍ക്ക് ശരിക്കും സ്റ്റാര്‍ക്കായി മാറി. എന്തുകൊണ്ടാണ് താന്‍ വലിയ മല്‍സരങ്ങളിലെ താരമാവുന്നതെന്നു ക്വാളിഫയറിലെയും ഫൈനലിലെയും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങളിലൂടെ അദ്ദേഹം തെളിയിക്കുകയും ചെയ്തു.

കെകെആറിന്റെ കിരീട വിജയത്തില്‍ നിര്‍ണായകമായി മാറിയ മൂന്നാമത്തെ നീക്കം വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നെ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഓപ്പണിങിലേക്കു തിരികെ കൊണ്ടുവന്നതാണ്. ഈ നീക്കത്തിനു പിന്നിലും ഗംഭീര്‍ തന്നെയായിരുന്നു. നേരത്തേ തനിക്കൊപ്പം കെകെആറില്‍ കളിച്ചിട്ടുള്ള നരെയ്‌ന്റെ പ്രഹരശേഷിയില്‍ അദ്ദേഹത്തിനു പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. ഇതു തന്നെയാണ് വീണ്ടും ഈ ദൗത്യമേല്‍പ്പിക്കാന്‍ ഗംഭീറിനെ പ്രേരിപ്പിച്ചത്.
ഈ റോള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നന്നായി നരെയ്ന്‍ നിര്‍വഹിക്കുകയും ചെയ്തു. 488 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. കഴിഞ്ഞ അഞ്ചു സീസണുകളിലായി നരെയ്ന്‍ നേടിയ റണ്‍സിനേക്കാള്‍ കൂടുതലാണിത്. ടി20യില്‍ ഏതൊരു ടീമിന്റെയും വിജയത്തിനു പിന്നില്‍ ശക്തമായൊരു ഓപ്പണിങ് കൂട്ടുകട്ടിനെ കാണാം.
നരെയ്‌നൊപ്പം ഫില്‍ സാള്‍ട്ട് കൂടി ചേര്‍ന്നതോടെ അതു മാരക കോമ്പിനേഷനായി മാറി. ടീമിനു ഇരുവരും സ്‌ഫോടനാത്മക തുടക്കങ്ങള്‍ സ്ഥിരമായി നല്‍കിയപ്പോള്‍ ഇതു മധ്യനിരയുടെ സമ്മര്‍ദ്ദം കുറയ്ക്കുകയും പിന്നീട് ക്രീസിലെത്തുന്നവരെ അഗ്രസീവായി തന്നെ കളിക്കാന്‍ സഹായിക്കുകയും ചെയ്തു.