ഈ സീസണിലെ ഐപിഎല്ലിനു പിന്നാലെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇന്ത്യന്‍ മധ്യനിര താരം അമ്പാട്ടി റായുഡു. ബാറ്ററെന്ന നിലയില്‍ ഈ സീസണില്‍ അദ്ദേഹം തീര്‍ത്തും നിറംമങ്ങിയിരുന്നു. എങ്കിലും റായുഡുവിനെ സിഎസ്‌കെ കൈവിട്ടിരുന്നില്ല. 16 മല്‍സരങ്ങളിലും അദ്ദേഹം പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നു.
12 ഇന്നിങ്‌സുകളിലാണ് റായുഡുവിനു ബാറ്റ് ചെയ്യാനുള്ള അവസരം കിട്ടിയത്. ഇവയില്‍ നേടായാത് 15.80 ശരാശിയില്‍ വെറും 158 ഫണ്‍സ് മാത്രമണ്. ഒരു ഫിഫ്റ്റി പോലും ഇതിലുള്‍പ്പെട്ടിട്ടില്ല. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 27 റണ്‍സുമാണ്. കരിയറില്‍ ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്നു ഉറപ്പായതോടെയാണ് 37ാം വയസ്സില്‍ അമ്പാട്ടി റായുഡു കളി അവസാനിപ്പിച്ചത്. ഇതു അദ്ദേഹത്തിന്റെ രണ്ടാമത്തെ വിരമിക്കല്‍ കൂടിയാണ്.

നേരത്തേ ഒരു തവണ ക്രിക്കറ്റില്‍ നിന്നും റായുഡു പൂര്‍ണമായി വിരമിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം ഇതു പിന്‍വലിക്കുകയും മല്‍സരരംഗത്തേക്കു മടങ്ങി വരികയുമായിരുന്നു. എന്നാല്‍ ഇത്തവണ അങ്ങനെയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നായിരുന്നു വിരമിക്കല്‍ സന്ദേശത്തില്‍ റായുഡു കുറിച്ചത്. പരിചയ സമ്പന്നനും വിശ്വസ്തനുമായ അമ്പാട്ടി റായുഡുവിന്റെ അഭാവം ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്.
കാരണം നേരത്തേ പ്രതിസന്ധി ഘട്ടങ്ങളില്‍ പല മാച്ച് വിന്നിങ് ഇന്നിങ്‌സുകളും കളിച്ചിട്ടുള്ള അദ്ദേഹം തകര്‍പ്പന്‍ ഫീല്‍ഡറും കൂടിയാണ്. അടുത്ത സീസണിലെ ഐപിഎല്ലില്‍ റായുഡുവിന്റെ പകരക്കാരനായി ആര് എന്നതാണ് ഇനി സിഎസ്‌കെയ്ക്കു മുന്നിലുള്ള ചോദ്യം. അദ്ദേഹത്തിനു പകരം ചെന്നൈ തങ്ങളുടെ ടീമിലെത്തിക്കാന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയാണെന്നു നോക്കാം.
ഇന്ത്യന്‍ സീനിയര്‍ ടീമിനു വേണ്ടി ഇനിയും അരങ്ങേറിയിട്ടില്ലാത്ത യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് ബനയാണ് പകരക്കാരനായി കളിക്കാന്‍ സാധ്യതയുള്ള ഒരാള്‍. കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിന്റെ ഭാഗം കൂടിയായിരുന്നു ബന. വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിക്കാനും അനായാസം സിക്‌സറുകളടിക്കാനുമുള്ള കഴിവ് കൊണ്ടാണ് താരം ശ്രദ്ധിക്കപ്പെട്ടത്.
സ്പിന്‍ ബൗളിങിനെ നേരിടാനും മിടുക്കനാണ് 19കാരനായ ബന. അണ്ടര്‍ 19 ലോകകപ്പില്‍ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 190 ആയിരുന്നു. നായകന്‍ എംഎസ് ധോണിയുടെ പകരക്കാരനായി ഒരു വിക്കറ്റ് കീപ്പറെയും ഫിനിഷറെയും നോട്ടമിടുന്ന സിഎസ്‌കെയ്ക്കു വളരെ നല്ല ഓപ്ഷന്‍ തന്നെയാണ് ബന.

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ അഭിമന്യു ഈശ്വരനാണ് അമ്പാട്ടി റായുഡുവിന്റെ പകരക്കാരനാവാന്‍ സാധ്യതയുള്ള രണ്ടാമത്തെയാള്‍. ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനായി ഒരുപാട് മല്‍സരങ്ങളില്‍ കളിച്ച് പരിചയമുള്ള താരമാണ് 27 കാരനായ വിക്കറ്റ് കീപ്പര്‍. നേരത്തേ കുറച്ചു തവണ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമാവാന്‍ അഭിമന്യുവിനായെങ്കിലും അരങ്ങേറിയിട്ടില്ല. ടി20 കരിയറെടുത്താല്‍ 27 മല്‍സരങ്ങളില്‍ നിന്നും 728 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ 107 റണ്‍സുമാണ്.
മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററും വെടിക്കെട്ട് താരവുമായ മുഹമ്മദ് അസ്ഹറുദ്ദീനെയും ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിഗണിച്ചേക്കും. 2021ലെ ഐപിഎല്ലില്‍ അദ്ദേഹം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിനൊപ്പമുണ്ടായിരുന്നു. പക്ഷെ അരങ്ങേറാന്‍ അവസരം കിട്ടിയില്ല. അതിനു ശേഷം ഈ സീസണിലും 2022ലും അസ്ഹര്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ആരും വാങ്ങാന്‍ തയ്യാറായില്ല.
ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിന്റേത്. സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനായി 37 ബോളില്‍ സെഞ്ച്വറിയുമയി അസ്ഹര്‍ കസറിയിരുന്നു. 39 ടി20കളില്‍ നിന്നും 552 റണ്‍സ് താരം സ്‌കോര്‍ ചെയ്തിട്ടുണ്ട്.
തമിഴ്‌നാട്ടുകാരനായ വിക്കറ്റ് കീപ്പര്‍ ബാബ അപരിജിതാണ് ചെന്നൈ നോട്ടമിടാന്‍ സാധ്യതയുള്ള നാലാമത്തെ താരം. തമിഴ്‌നാട്ടുകാരനായതിനാലും സിഎസ്‌കെയുടെ ഹോംഗ്രൗണ്ടായ ചെപ്പോക്കിനെക്കുറിച്ച് കൂടുതല്‍ നന്നായി അറിയുന്നതിനാലും ബാബയ്ക്കു മുന്‍തൂക്കം ലഭിച്ചേക്കും.
2022ലെ ഐപിഎല്ലില്‍ കെകെആര്‍ ടീമിനൊപ്പമുണ്ടയിരുന്ന താരം മൂന്നു മല്‍സരങ്ങളിലും കളിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് ബാബ നടത്തുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 51.8ഉം ലിസ്റ്റ് എയില്‍ 44.37ഉം ശരാശരി താരത്തിനുണ്ട്.