ഐപിഎല്ലിന്റെ 16ാം സീസണ്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇനിയുള്ള മാസങ്ങള്‍ അടുത്ത പൂരത്തിനായുള്ള ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പാണ്. 2024ലെ അടുത്ത സീസണിനു മുന്നോടിയായി താരലേലവും നടക്കാന്‍ സാധ്യതയേറെയാണ്. മെഗാ ലേലമായിരിക്കില്ല, മറിച്ച് മിനി ലേലത്തിനാണ് കൂടുതല്‍ സാധ്യത. ഈ വര്‍ഷം അവസാനത്തോടെയോ, ജനുവരിയിലോ ആയിരിക്കും താരലേലം നടക്കുകയെന്നാണ് സൂചനകള്‍.
അതിനു മുമ്പു തന്നെ പത്തു ഫ്രാഞ്ചൈസികളോടും അടുത്ത സീസണില്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന കളിക്കാരുടെയും ഒഴിവാക്കുന്നവരുടെയും ലിസ്റ്റ് സമര്‍പ്പിക്കാന്‍ ബിസിസിഐ ആവശ്യപ്പെടും. കഴിഞ്ഞ മിനി ലേലത്തില്‍ കോടികളുടെ കിലുക്കവുമായി വിവിധ ഫ്രാഞ്ചൈസികളിലേക്കു വന്ന പല താരങ്ങള്‍ക്കും തങ്ങളുടെ മൂല്യത്തോടു നീതി പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല.

അതുകൊണ്ടു തന്നെ പലരെയും അടുത്ത ലേലത്തിനു മുമ്പ് തന്നെ ടീമുകള്‍ ഒഴിവാക്കുകയും ചെയ്‌തേക്കും. ഓരോ ഫ്രാഞ്ചൈസിയും അടുത്ത ലേലത്തിനു മുമ്പ് ഉറപ്പായും ഒഴിവാക്കാന്‍ സാധ്യതയുള്ള ഓരോ താരങ്ങള്‍ ആരൊക്കെയാവുമെന്നു നോക്കാം. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്താന്‍ സാധ്യതയില്ലാത്ത താരം യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗായിരിക്കും. ടീമിലെ ഏറ്റവും വലിയ ബാധ്യതയായി യുവതാരം മാറിയിരിക്കുകയാണ്.
ഈ സീസണിലെങ്കിലും പരാഗ് ഫോം വീണ്ടെടുക്കുമെന്ന പ്രതീക്ഷയില്‍ റോയല്‍സ് അവസരങ്ങള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ബാറ്റിങില്‍ യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ സാധിക്കാതെ പരാഗ് പുറത്താവുകയായിരുന്നു. താരത്തെ ഇനിയുമൊരു സീസണ്‍ കൂടി ടീമില്‍ നിലനിര്‍ത്താന്‍ റോയല്‍സിനു ആഗ്രഹം കാണില്ല.

സീസണ്‍ പൂര്‍ത്തിയാവും മുമ്പു പിന്‍മാറിയ ഇംഗ്ലീഷ് സ്പീഡ് സ്റ്റാര്‍ ജോഫ്ര ആര്‍ച്ചര്‍ക്കു പകരമെത്തിയ ഇംഗ്ലണ്ടിന്റെ തന്നെ ക്രിസ് ജോര്‍ഡനെയായിരിക്കും മുംബൈ ഇന്ത്യന്‍സ് കൈവിടുക. കളിച്ച മല്‍സരങ്ങളിലെല്ലാം റണ്‍സ് വാരിക്കോരി നല്‍കിയ ജോര്‍ഡന്‍ മുംബൈയ്ക്കു വലിയ തലവേദനയായി മാറിയിരുന്നു. അതിനാല്‍ അടുത്ത സീസണില്‍ അദ്ദേഹം മുംബൈയ്‌ക്കൊപ്പം കാണില്ല.
നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് കൈവിട്ടേക്കുക ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെയായിരിക്കും. വമ്പന്‍ തുകയ്ക്കു കഴിഞ്ഞ സീസണില്‍ വാങ്ങിയ സ്റ്റോക്‌സ് സിഎസ്‌കെയെ സംബന്ധിച്ച് നഷ്ടക്കച്ചവടമാണ്. ചുരുക്കം ചില മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹം കളിച്ചുള്ളൂ. പിന്നീട് ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ അലട്ടിയതോടെ സ്‌റ്റോക്‌സിനെ സിഎസ്‌കെ കളിപ്പിച്ചതുമില്ല. അടുത്ത സീസണില്‍ സ്റ്റോക്‌സിന്റെ തുകയ്ക്കു ഒന്നോ, രണ്ടോ മറ്റു കളിക്കാരെ കൊണ്ടുവരാനായിരിക്കും സിഎസ്‌കെയുടെ ശ്രമം.
ഇന്ത്യയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെയായിരിക്കും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒഴിവാക്കുക. പരിക്കുകള്‍ കാരണം സീസണിലെ ഭൂരിഭാഗം മല്‍സരങ്ങളും നഷ്ടമായ അദ്ദേഹത്തെ അടുത്ത സീസണില്‍ ഹൈദരാബാദ് നിലനിര്‍ത്തുന്ന കാര്യം സംശയമാണ്. മധ്യനിര ബാറ്റര്‍ മനീഷ് പാണ്ഡെയെ ആവും ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഒഴിവാക്കാന്‍ സാധ്യത. ഡിസി ജഴ്‌സിയില്‍ ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റര്‍ തികഞ്ഞ പരാജയമായി മാറിയിരുന്നു.
മന്‍ദീപ് സിങാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കൈവിടാന്‍ സാധ്യതയുള്ള താരം. ഓപ്പണിങിലും മൂന്നാം നമ്പറിലുമൊക്കെ ഈ സീസണില്‍ ചില മല്‍സരങ്ങളില്‍ താരം പരീക്ഷിക്കപ്പെട്ടെങ്കിലും വന്‍ ഫ്‌ളോപ്പായി തീര്‍ന്നു. ഓസ്‌ട്രേലിയന്‍ താരം മാത്യു ഷോര്‍ട്ടിനെയാവും പഞ്ചാബ് കിങ്‌സ് ഒഴിാക്കിയേക്കുക. പരിക്കു കാരണം പിന്‍മാറിയ ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോയ്ക്കു പകരമാണ് ഷോര്‍ട്ടിനെ പഞ്ചാബ് കൊണ്ടുവന്നത്. അടുത്ത സീസണില്‍ ബെയര്‍സ്റ്റോ തിരിച്ചെത്തുമെന്നിരിക്കെ ഷോര്‍ട്ടിനെ ടീമിനു ആവശ്യവുമില്ല.

കന്നി ഐപിഎല്‍ സീസണില്‍ ക്ലിക്കാവാതെ പോയ ശ്രീലങ്കന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ദസുന്‍ ഷനകയെയായിരിക്കും ഗുജറാത്ത് ടൈറ്റന്‍സ് ഒഴിവാക്കുന്നത്. ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ പരിക്കേറ്റ് പുറത്തായപ്പോഴായിരുന്നു പകരക്കാരനായി ഷനക ടീമിലേക്കു വന്നത്. വില്ലി അടുത്ത സീസണില്‍ തിരിച്ചുവരുമെന്നതിനാല്‍ ഷനകയെ ജിടി കൈവിടും.
വെറ്ററന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികായിരിക്കും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഒഴിവാക്കുന്ന താരം. 2022ല്‍ ഫിനിഷറായി കസറിയ ഡിക്കെ ഇത്തവണ വന്‍ ഫ്‌ളോപ്പായിരുന്നു. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയാവും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്നും പുറത്താവുന്ന താരം. ഒരുപാട് അവസരങ്ങള്‍, വ്യത്യസ്ത പൊസിഷനുകളില്‍ ഹൂഡയ്ക്കു ലഖ്‌നൗ നല്‍കിയെങ്കിലും എവിടെയും അദ്ദേഹത്തിനു തിളങ്ങാനായില്ല. അതുകൊണ്ടു തന്നെ അടുത്ത സീണില്‍ ഹൂഡ ലഖ്‌നൗവിലുണ്ടാവാന്‍ സാധ്യതയില്ല.