2023ലെ ഐപിഎല്ലിലെ അവസാന സ്ഥാനക്കാരെന്ന നാണക്കേടില്‍ നിന്നും ഇത്തവണ റണ്ണറപ്പായി ഗംഭീര തിരിച്ചുവരവാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നടത്തിയത്. ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു മുന്നില്‍ നിഷ്പ്രഭരായെങ്കിസും ഓറഞ്ച് ആര്‍മിയെ സംബന്ധിച്ച് തിര്‍ച്ചയായും അഭിമാനിക്കാവുന്ന സീസണ്‍ തന്നെയാണിത്. ബാറ്റ് കൊണ്ട് ക്രിക്കറ്റ് പ്രേമികളെ ഇത്രയും രസിപ്പിച്ച മറ്റൊരു ടീം ഈ സീസണില്‍ ഇല്ലെന്നു തന്നെ പറയാം.
ഓസ്‌ട്രേലിയന്‍ നായകന്‍ കൂടിയായ പാറ്റ് കമ്മിന്‍സിനെ ഇത്തവണ ക്യാപ്റ്റനാക്കിയത് ഹൈദരാബാദ് ടീമിന്റെ തലവര തന്നെ മാറ്റുകയായിരുന്നു. മുന്നില്‍ നിന്നും പട നയിച്ച അദ്ദേഹം പല തവണ ടീമിന്റെ രക്ഷകനുമായി മാറിയിട്ടുണ്ട്. അടുത്ത സീസണിനു മുന്നോടിയായി മെഗാ ലേലം നടക്കാനിരിക്കവെ എസ്ആര്‍എച്ചിലും വലിയ അഴിച്ചുപണി കാണാം.

നാലു കളിക്കാരെ മാത്രമേ ലേലത്തിനു മുമ്പ് നിലനിര്‍ത്താന്‍ എസ്ആര്‍എച്ചിനു സാധിക്കുകയുള്ളൂ. ഒരാളെ ആര്‍ടിഎം കാര്‍ഡ് വഴി ലേലത്തില്‍ തിരികെ വാങ്ങിക്കാനും ഹൈദരാബാദിനു അവസരമുണ്ട്. ഈ സീസണില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള പല താരങ്ങളയും നിലനിര്‍ത്താന്‍ തന്നെയായിരിക്കും എസ്ആര്‍എച്ചിന്റെ ആഗ്രഹം. പക്ഷെ നിയമം അതിനു അനുവദിക്കുന്നില്ലെന്നത് അവരെ സംബന്ധിച്ച് വലിയ നിരാശ തന്നെയാണ്.
അടുത്ത ഐപിഎല്‍ സീസണിലേക്കു എസ്ആര്‍എച്ച് നിലനിര്‍ത്തുന്ന താരങ്ങള്‍ ആരൊക്കെയാവുമെന്നു നമുക്കു പരിശോധിക്കാം. നായകനും ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസറുമായ കമ്മിന്‍സിനെ ഹൈദരാബാദ് അടുത്ത സീസണിലും നിലനിര്‍ത്താന്‍ ശ്രമിച്ചേക്കും. കാരണം ടീമിനെ വളരെ മികച്ച രീതിയിലാണ് അദ്ദേഹം ഇത്തവണ നയിച്ചത്.
അതുകൊണ്ടു തന്നെ എസ്ആര്‍എച്ച് ടീം കമ്മിന്‍സിനു കീഴില്‍ സുരക്ഷിതമാണെന്നുറപ്പിക്കാം. കമ്മിന്‍സിനെ കൈവിടുകയാണെങ്കില്‍ പുതിയൊരു നായകനെ കൊണ്ടുവന്ന് വീണ്ടും ഒന്നില്‍ നിന്നും എസ്ആര്‍എച്ചിനു തുടങ്ങേണ്ടതായി വരും. അത്തരമൊരു സാഹചര്യത്തിലേക്കു പോവാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടാവില്ല. കമ്മിന്‍സിനെ കേന്ദ്രീകരിച്ച് പുതിയൊരു ടീമിനെ വാര്‍ത്തെടുക്കാനായിരിക്കും അവരുടെ പ്ലാന്‍.
ഹൈദരാബാദ് നിലനിര്‍ത്തുന്ന രണ്ടാമത്തെയാള്‍ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയായിരിക്കും. ടീമിന്റെ ഭാവി സൂപ്പര്‍ താരം താന്‍ തന്നെയാണെന്നു തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇത്തവണത്തെ പ്രകടനം. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടകട്ടം 204.21 സ്‌ട്രൈക്ക് റേറ്റില്‍ 484 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. പ്രായം അനുകൂല ഘടകമായതിനാല്‍ ദീര്‍ഘകാലം അദ്ദേഹത്തിനു ഐപിഎല്ലില്‍ കളിക്കാന്‍ കളിയും. ഈ കാരണത്താല്‍ തന്നെ അഭിഷേകിനെ എസ്ആര്‍എച്ച് കൈവിടില്ലെന്നുറപ്പാണ്.
രണ്ടു വിദേശ താരങ്ങളെ മാത്രമേ ഒരു ടീമിനു പരമാവധി നിലനിര്‍ത്താന്‍ അനുവാദമുള്ളൂ. ഒരാള്‍ കമ്മിന്‍സായിരിക്കുമെന്നു ഉറപ്പായതിനാല്‍ രണ്ടാമത്തെയാള്‍ ആരാവുമെന്നതായിരിക്കും ചോദ്യം. വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ഹെന്‍ട്രിച്ച് ക്ലാസെനായിരിക്കും നറുക്കുവീണേക്കുക.

ഇതോടെ ഓസ്‌ട്രേലിയയുടെ തീപ്പൊരി ബാറ്റര്‍ ട്രാവിസ് ഹെഡിനെ അവര്‍ ഒഴിവാക്കാന്‍ നിര്‍ബന്ധിതരായി മാറും. ഇത്തവണ 567 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു ഹെഡ്. പക്ഷെ അദ്ദേഹത്തേക്കാള്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നയാളാണ് ക്ലാസെന്‍. അതോടെ
ഹെഡിനു പുതിയൊരു ടീമിനെ തിരയേണ്ടതായി വരും.
ഹൈദരാബാദ് നിലനിര്‍ത്തുന്ന നാലാമത്തെയും അവസാനത്തെയുമാള്‍ ആരാവും. പേസ് ജോടികളായ ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍ എന്നിവരില്‍ ഒരാളായിരിക്കും എസ്ആര്‍എച്ചിനു മുന്നിലുള്ള ഓപ്ഷന്‍. ഇത്തവണ 19 വിക്കറ്റുകളുമായി എസ്ആര്‍എച്ചിന്റെ കുന്തമുനയായ ബൗളറാണ് നടരാജന്‍. ഭുവിക്കു വീഴ്ത്താനായത് 11 വിക്കറ്റുകളാണ്.
കളിയുടെ ഏതു ഘട്ടത്തിലും ക്യാപ്റ്റനു ആശ്രയിക്കാവുന്ന ബൗളറാണ് നടരാജന്‍. അതുകൊണ്ടു തന്നെ അദ്ദേഹത്തെയാവും എസ്ആര്‍എച്ച് നിലനിര്‍ത്തിയേക്കുക. ലേലത്തില്‍ ആര്‍ടിഎം കാര്‍ഡ് വഴി ഭൂവിയെ തിരിച്ചു വാങ്ങാന്‍ അവര്‍ ശ്രമിച്ചേക്കുകയും ചെയ്യും.