For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: റാണയ്ക്കു ഇത്രയും റണ്‍സോ? ലക്ഷ്യം ലോകകപ്പ് ടിക്കറ്റ്! സ്വന്തം സ്‌കോര്‍ പ്രവചിച്ച് താരം

മുന്‍ നായകന്‍ ഗൗതം ഗംഭീറിന്റെ മടങ്ങിവരവോടെ ഈ സീസണിലെ ഐപിഎല്ലില്‍ പല അദ്ഭുതങ്ങളും കാണിക്കാന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് രണ്ടു തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. നേരത്തേ കെകെആര്‍ രണ്ടു കിരീടങ്ങളുമുയര്‍ത്തിയത് ഗംഭീറിന്റെ ക്യാപ്റ്റന്‍സിയിലാണ്. ഇത്തവണ മുഖ്യ ഉപദേശകനായി അദ്ദേഹം ടീമിനൊപ്പം ചേര്‍ന്നത് കെകെആറിനെ ആവേശത്തിലാക്കിയിട്ടുണ്ട്.

കെകെആര്‍ ടീമിലെ മിന്നും താരങ്ങളിലൊരാളാണ് കഴിഞ്ഞ സീസണിലെ ക്യാപ്റ്റനായ നിതീഷ് റാണ. ഇടംകൈയന്‍ ബാറ്ററായ അദ്ദേഹം മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ നടത്താന്‍ ശേഷിയുള്ളയാളാണ്. ശ്രേയസ് അയ്യര്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് മടങ്ങിയെത്തിയതോടെ നായകസ്ഥാനം നഷ്ടമായെങ്കിലും ഈ സീസണില്‍ ബാറ്ററെന്ന നിലയില്‍ ടീമിനു വേണ്ടി കസറാന്‍ റാണ തയ്യാറെടുത്തു കഴിഞ്ഞു.

NITISH RANA

പുതിയ ഐപിഎല്‍ സീസണിനെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് അദ്ദേഹത്തിനുള്ളത്. ഇത്തവണ കെകെആറിനായി എത്ര റണ്‍സ് തനിക്കു സ്‌കോര്‍ ചെയ്യാന്‍ സാധിക്കുമെന്നു പ്രവചനം നടത്തിയിരിക്കുകയാണ് റാണ. കെകെആര്‍ ജഴ്‌സിയില്‍ 600 റണ്‍സെങ്കിലും ഇത്തവണ തനിക്കു സ്‌കോര്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയോടു സംസാരിക്കുകയായിരുന്നു താരം.

ശ്രേയസ് ടീമില്‍ മടങ്ങിയെത്തിക്കഴിഞ്ഞു, ഇപ്പോള്‍ നല്ല ഫിറ്റുമാണ്. നേരത്തേ അവനു ഫിറ്റ്‌നസ് പ്രശ്‌നങ്ങളുണ്ടായിരുന്നു. വീണ്ടുമൊരിക്കല്‍ക്കൂടി ക്യാപ്റ്റന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരില്ലെന്നാണ് എന്റെ പ്രതീക്ഷ. ശ്രേയസ് മുഴുവന്‍ മല്‍സരങ്ങളിലും കെകെആറിനു വേണ്ടി കളിക്കുമെന്നാണ് കരുതുന്നത്.

ഇങ്ങനെയൊക്കെയാണെങ്കിലും ഈ സീസണില്‍ വീണ്ടും ക്യാപ്റ്റന്റെ റോള്‍ ഏറ്റെടുക്കേണ്ടി വരികയാണെങ്കില്‍ ഞാന്‍ അതിനു തയ്യാറാണ്. കഴിഞ്ഞ വര്‍ഷം എന്നെ നായകനാക്കിയിരുന്നു. എന്നെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യമാണിത്. ഞങ്ങള്‍ ആഗ്രഹിച്ചതെല്ലാം നേടിയെടുത്തില്ലെങ്കിലും എന്നെ സംബന്ധിച്ച് മഹത്തായ അനുഭവമായിരുന്നു അതെന്നും റാണ വിശദമാക്കി.

കഴിഞ്ഞ സീസണില്‍ ക്യാപ്റ്റന്‍സിയില്‍ മോശമല്ലാത്ത പ്രകടനം നടത്തിയ അദ്ദേഹം ബാറ്റിങിലും തിളങ്ങിയിരുന്നു. റിങ്കു സിങ് കഴിഞ്ഞാല്‍ കെകെആറിനു വേണ്ടി സീസണില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തത് റാണയായിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും 413 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇത്തവണ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനമാണ് ഇടംകൈയന്‍ ബാറ്റര്‍ ലക്ഷ്യമിടുന്നത്. അതു വഴി ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനവും റാണ മോഹിക്കുന്നുണ്ട്.

RANA GAMBHIR

photocredit

സ്വന്തം രാജ്യത്തിനായി കളിക്കുകയെന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. ഐപിഎല്ലില്‍ കളിക്കാനിറങ്ങുമ്പോള്‍ ഇക്കാര്യം നിരവധി താരങ്ങളുടെ മനസ്സിലുണ്ടാവും. പക്ഷെ നമ്മള്‍ ഈയൊരു നിമിഷത്തില്‍ തുടരേണ്ടതുണ്ട്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെടണമെന്നു ഞാനും ആഗ്രഹിക്കുന്നു.

പക്ഷെ ഈയൊരു സന്ദര്‍ഭത്തില്‍ ഞാന്‍ ചിന്തിക്കുന്നത് ഐപിഎല്ലിനെക്കുറിച്ചു മാത്രമാണ്. ടൂര്‍ണമെന്റില്‍ ഇത്തവണ 600 റണ്‍സ് എനിക്കു നേടാന്‍ സാധിക്കുമെന്നു വിശ്വസിക്കുന്നു, അതാണ് താന്‍ ലക്ഷ്യമിടുകയെന്നും റാണ കൂട്ടിച്ചേര്‍ത്തു.

ഈ സീസണില്‍ കെകെആറിന്റെ ആദ്യ പോരാട്ടം ശനിയാഴ്ച ഹോംഗ്രൗണ്ടായ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ പാറ്റ് കമ്മിന്‍സ് നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയാണ്. കഴിഞ്ഞ സീസണില്‍ റാണയുടെ ക്യാപ്റ്റന്‍സിയില്‍ പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനത്താണ് കെകെആര്‍ ഫിനിഷ് ചെയ്തത്. ഇത്തവണ പ്ലേഓഫ് ടിക്കറ്റ് തന്നെയാണ് അവര്‍ ലക്ഷ്യമിടുന്നത്.

2021ലായിരുന്നു കെകെആര്‍ അവസാനമായി പ്ലേഓഫ് കളിച്ചത്. ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ ഒയ്ന്‍ മോര്‍ഗന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു ഇത്. അന്നു ഫൈനല്‍ വരെയെത്താന്‍ കെകെആറിനായെങ്കിലും എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു മുന്നില്‍ മുട്ടുമടക്കുകയായിരുന്നു.

Story first published: Friday, March 22, 2024, 15:22 [IST]
Other articles published on Mar 22, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+