ബെംഗളൂരു: ഈ സീസണിലെ ഐപിഎല്ലിലെ ഏറ്റവും വലിയ ദുരന്തമായി മാറിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ബൗളര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക്. ഓള്‍ടൈം റെക്കോര്‍ഡ് തുകയ്ക്കു കഴിഞ്ഞ മിനി താരലേലത്തില്‍ കെകെആറിലെത്തിയ അദ്ദേഹത്തിനു കളിച്ച രണ്ടു മല്‍സരങ്ങളിലും യാതൊരു ഇംപാക്ടും സൃഷ്ടിക്കാനായിട്ടില്ല. ഇതോടെ സ്റ്റാര്‍ക്കിനെ പ്ലെയിങ് ഇലവനില്‍ നിന്നുമൊഴിവാക്കണമോയെന്ന സംശയത്തിലാണ് കെകെആര്‍.
25 കോടിയോളം (24.75 കോട) രൂപയാണ് ലേലത്തില്‍ സ്റ്റാര്‍ക്കിനായി കെകെആര്‍ വാരിയെറിഞ്ഞത്. പക്ഷെ ഇതിന്റെ മൂന്നിലൊന്ന് പ്രതിഫലം പോലും താന്‍ അര്‍ഹിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രകടനം കാണിക്കുന്നത്. സീസണില്‍ ഇതിനകം കളിച്ച രണ്ടു മല്‍സരങ്ങളിലും സ്റ്റാര്‍ക്ക് നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയിരുന്നു. ഇവയില്‍ അദ്ദേഹം വാരിക്കോരി നല്‍കിയത് 100 റണ്‍സാണ്. ഒരു വിക്കറ്റ് പോലും വീഴ്ത്താനുമായിട്ടില്ല.

സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായിട്ടായിരുന്നു കെകെആറിന്റെ ആദ്യ പോരാട്ടം. ഈ മല്‍സരത്തില്‍ എല്ലാവരും ഉറ്റുനോക്കിയത് സ്റ്റാര്‍ക്കിന്റെ പ്രകടനമായിരുന്നു. 25 കോടിയെന്ന റെക്കോര്‍ഡ് തുക തന്നെയായിരുന്നു ഇതിന്റെ കാരണം. പക്ഷെ കളിയിലെ ഏറ്റവും വലിയ ചെണ്ടയായി സ്റ്റാര്‍ക്ക് മാറുകയായിരുന്നു. നാലോവറില്‍ 13.20 എന്ന ദയനീയ ഇക്കോണമി റേറ്റില്‍ എതിരാളികള്‍ക്കു വിട്ടുകൊടുത്തത് 53 റണ്‍സായിരുന്നു.
ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ സ്റ്റാര്‍ക്കിന്റെ ശക്തമായൊരു മടങ്ങിവരവ് ആരാധകര്‍ മുഴുവന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ അദ്ദേഹം വീണ്ടുമൊരിക്കല്‍ കൂടി തല്ലുകൊള്ളിയായി മാറി. കെകെആര്‍ ബൗളിങ് ലൈനപ്പിലെ ഏറ്റവും വലിയ ഫ്‌ളോപ്പ് സ്റ്റാര്‍ക്കായിരുന്നു. നാലോവറുകള്‍ ബൗള്‍ ചെയ്ത അദ്ദേഹം വിട്ടു നല്‍തിയത് 47 റണ്‍സാണ്. 11.80 ആയിരുന്നു ഇക്കോണമി റേറ്റ്. വിക്കറ്റൊന്നും സ്റ്റാര്‍ക്കിനു വീഴ്ത്താനുമായില്ല.
മിച്ചെല്‍ സ്റ്റാര്‍ക്കിനു ഇതെന്തു പറ്റി? ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വില കൂടിയ താരം, എല്ലാ ഫോര്‍മാറ്റുകളിലും ഏറ്റവും ഏറ്റവും അപകടകാരിയായ ബൗളര്‍മാരില്‍ ഒരാള്‍. പക്ഷെ ഒരു വിക്കറ്റ് പോലും രണ്ടു കളിയില്‍ സ്റ്റാര്‍ക്കിനു ലഭിച്ചില്ല. അവിശ്വസനീയമെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പ്രതികരിച്ചത്.

25 കോടിയൊന്നും മിച്ചെല്‍ സ്റ്റാര്‍ക്ക് ഒരിക്കലും അര്‍ഹിച്ചിരുന്നില്ലെന്നതാണ് സത്യം. ഈ സീസണിലെ ഐപിഎല്ലിലെ രണ്ടു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു ഇതു ബോധ്യമായിക്കാണും. ബംഗാളികള്‍ ബിസിനസില്‍ അത്ര മിടുക്കരല്ലെന്നതു ശരിയാണെന്നു ഇതു തെളിയിക്കുന്നതായും ആരാധകര്‍ പരിഹസിക്കുന്നു.
ഓസ്‌ട്രേലിയന്‍ ടീമിനു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുമ്പോള്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് ഇത്രയും മോശമായി ബൗള്‍ ചെയ്യില്ല. 24.75 കോടി മുടക്കി അദ്ദേഹത്തെ വാങ്ങിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ശരിക്കും പാഠം പഠിച്ചിരിക്കുകയാണ്. ഈ പ്രതിഫലം പ്രകാരം ഒരു കളിയില്‍ സ്റ്റാര്‍ക്കിനു ലഭിക്കുന്നത് 1.76 കോടി രൂപയാണ്. ഒരോവറിന്റെ മൂല്യം 44.196 ലക്ഷവും ഒരു ബോളിന്റേത് 7.366ഉം ആണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, സ്റ്റാര്‍ക്ക് തുടരെ രണ്ടു മല്‍സരങ്ങളിലും ഫ്‌ളോപ്പായെങ്കിലും അതു ടീമെന്ന നിലയില്‍ കെകെആറിനെ ബാധിച്ചിട്ടില്ല. കളിച്ച രണ്ടു മല്‍സരങ്ങളിലും ജയിച്ച് മുന്നേറുകയാണ് അവര്‍. പോയിന്റ് പട്ടികയില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു പിറകില്‍ അവര്‍ രണ്ടാംസ്ഥാനത്തുമുണ്ട്. കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ആര്‍സിബിയെ ഏഴു വിക്കറ്റിനാണ് കെകെആര്‍ കെട്ടുകെട്ടിച്ചത്.