ഐപിഎല്ലില്‍ ഇത്തവണത്തെ ഏറ്റവും മികച്ച ടീം തങ്ങള്‍ തന്നെയാണെന്നു അടിവരയിടുന്ന പ്രകടനം നടത്തിയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് ഫൈനലിലേക്കു കുതിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ അനായാസ വിജയമാണ് ശ്രേയസ് അയ്യരും സംഘവും ആദ്യ ക്വാളിഫയറില്‍ സ്വന്തമാക്കിയത്. എസ്ആര്‍എച്ചിനെ എട്ടു വിക്കറ്റിനു അവര്‍ വാരിക്കളയുകയായിരുന്നു. ഇനി കെകെആറിനും മൂന്നാം ഐപിഎല്‍ ട്രോഫിക്കുമിടയില്‍ ഒരേയൊരു വിജയത്തിന്റെ ദൂരം മാത്രം.
പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത് പ്ലേഓഫിലേക്കു മുന്നേറിയ കെകെആര്‍ ആദ്യ ക്വാളിഫയറിലും ഈ ആധിപത്യം കാത്തുസൂക്ഷിക്കുന്ന കളിയാണ് കെട്ടഴിച്ചത്. ഇത്തവണ ഇനി കെകെആറിനെ തടയുകയെന്നത് ഏതൊരു ടീമിനും അസാധ്യം തന്നെയാണെന്നു പറയേണ്ടി വരും. കിരീട ഫേവറിറ്റുകള്‍ അവര്‍ തന്നെ ആണെന്നതിനു അഞ്ചു കാരണങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌ന്റെ മാജിക്കല്‍ ഫോമാണ് ആദ്യത്തെ കാരണം. തന്റെ പഴയ ബാറ്റിങ് പൊസിഷനായ ഓപ്പണിങിലേക്കു ഈ സീസണില്‍ പ്രൊമോട്ട് ചെയ്യപ്പെട്ട ശേഷം നരെയ്ന്‍ ആളാകെ മാറിയിരിക്കുകയാണ്. ബാറ്റിങിലെ പഴയ മൂര്‍ച്ച ഇപ്പോഴും നഷ്ടമായിട്ടില്ലെന്ന് അദ്ദേഹം കാണിച്ചുതന്നു.
13 മല്‍സരങ്ങളില്‍ നിന്നും 482 റണ്‍സ് നരെയ്ന്‍ അടിച്ചെടുത്തു കഴിഞ്ഞു. കൂടാതെ 16 വിക്കറ്റുകളുമായി ബൗളിങിലും കസറി. ടീമിനു സ്‌ഫോടനാത്മക തുടക്കങ്ങളാണ് ഈ സീസണില്‍ നരെയ്ന്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ഇതു മധ്യനിരയുടെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ഫൈനലിലും നരെയ്ന്‍ ഫോം തുടര്‍ന്നാല്‍ കെകെആറിനു കിരീടമുറപ്പാണെന്നതില്‍ സംശയമില്ല.
ഈ സീസണിലുടനീളം പുലര്‍ത്തിയ സ്ഥിരതയാണ് കെകെആറിനെ കിരീട ഫേവറിറ്റാക്കി മാറ്റുന്ന രണ്ടാമത്തെ ഘടകം. ചുരുക്കം ചില മല്‍സരങ്ങളില്‍ പാളിയതൊഴിച്ചാല്‍ ഒരു കംപ്ലീറ്റ് പെര്‍ഫോമന്‍സാണ് അവര്‍ ഇത്തവണ കാഴ്ചവച്ചത്. പോയിന്റ് പട്ടികയില്‍ തലപ്പത്ത് ഫിനിഷ് ചെയ്യാന്‍ കെകെആറിനെ സഹായിച്ചതും ഇതു തന്നെയാണ്.
14 മല്‍സരങ്ങളില്‍ ഒമ്പതിലും ജയിച്ച കെകെആര്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് തോല്‍വിയറിഞ്ഞത്. രണ്ടു കളികള്‍ മഴ കാരണം ഉപേക്ഷിക്കപ്പെടുകയായിരുന്നു. 20 പോയിന്റുമായി ഒരു ടീമിനു തല്ലപ്പത്തു ഫിനിഷ് ചെയ്യാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അതു അവരുടെ സ്ഥിരത തന്നെയാണ് കാണിക്കുന്നത്.
ഏതെങ്കിലുമൊരു താരത്തെ ആശ്രയിക്കാതെ, കൂട്ടായി ഒരു ടീമെന്ന നിലയില്‍ പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്നുവെന്നതാണ് കെകെആറിനെ ഫേവറിറ്റാക്കുന്ന മൂന്നാമത്തെ കാരണം. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഒരുപോല മികവ് പുലര്‍ത്താന്‍ കെകെആര്‍ ടീമിനു സാധിക്കുന്നുണ്ട്. ബാറ്റിങില്‍ സുനില്‍ നരെയ്ന്‍. ഫില്‍ സാള്‍ട്ട്. വെങ്കടേഷ് അയ്യര്‍, നായകന്‍ ശ്രേയസ് എന്നിവരെല്ലാം മികവ് പുലര്‍ത്തുമ്പോള്‍ ബൗളിങില്‍ വരുണ്‍ ചക്രവര്‍ത്തി, നരെയ്ന്‍, ഹര്‍ഷിത് റാണ എന്നിവരെല്ലാം വിക്കറ്റുകളുമായി മിന്നിക്കുകയും ചെയ്യുന്നു.

ഗൗതം ഗംഭീറെന്ന ടീമിന്റെ മുഖ്യ ഉപദേശകനാണ് കെകെആറിനെ മൂന്നാം ഐപിഎല്‍ കിരീടം സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുന്ന നാലാമത്തെ കാരണം. ഈ സീസണില്‍ അദ്ദേഹം മുഖ്യ ഉപദേശകനായി വന്നതിനു ശേഷം കെകെആര്‍ അടിമുടി മാറിയിരിക്കുകയാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തുടര്‍ച്ചയായി രണ്ടു തവണ പ്ലേഓഫിലെത്തിച്ച ശേഷമാണ് ഗംഭീര്‍ പഴയ തട്ടകമായ കെകെആറില്‍ തിരിച്ചെത്തിയത്. നേരത്തേ ക്യാപ്റ്റനെന്ന നിലയില്‍ രണ്ടു ഐപിഎല്‍ ട്രോഫികള്‍ ടീമിനു സമ്മാനിച്ച അദ്ദേഹം ഇപ്പോള്‍ ഉപദേശകന്റെ റോളിലും ഈ നേട്ടത്തിന് കൈയെത്തുദൂരത്താണ്.
കെകെആറിനെ ഫേവറിറ്റാക്കി മാറ്റുന്ന അഞ്ചാമത്തെ കാരണം നായകന്‍ ശ്രേയസ് അയ്യരാണ്. പരിക്കു കാരണം കഴിഞ്ഞ സീസണ്‍ നഷ്ടമായ അദ്ദേഹം ഇത്തവണ ടീമിനെ ഫൈനലിലെത്തിച്ചാണ് ഇതിന്റെ ക്ഷീണം തീര്‍ത്തിരിക്കുന്നത്.
വളരെ കൂളും അതോടൊപ്പം തന്നെ അഗ്രസീവുമായ ക്യാപ്റ്റനാണ് ശ്രേയസ്. തന്നേക്കാള്‍ അനുഭവസമ്പത്തുള്ള, സൂപ്പര്‍ താരങ്ങളുള്‍പ്പെട്ട ടീമിനെ വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ മിടുക്ക് തന്നെയാണ്. ബാറ്റിങിലും വളരെ അഗ്രസീവായി കളിക്കാന്‍ ശ്രേയസിനു സാധിക്കുന്നുണ്ട്.