IPL 2024: 20ാം ഓവറിന് മുമ്പ് റാണയോടു പറഞ്ഞതെന്ത്? ഒറ്റക്കാര്യം! തുറന്നുപറഞ്ഞ് ശ്രേയസ്
കൊല്‍ക്കത്ത: മുന്‍ ചാംപ്യന്‍മാര്‍ തമ്മിലുള്ള ഐപിഎല്‍ ത്രില്ലറില്‍ ആവേശോജ്വല വിജയം കൈക്കലാക്കിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. അവസാന ബോളിലേക്കു നീണ്ട കളിയില്‍ നാലു റണ്‍സിന്റെ വിജയമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ കെകെആര്‍ സ്വന്തമാക്കിയത്. യുവ പേസര്‍ ഹര്‍ഷിത് റാണയെറിഞ്ഞ 20ാം ഓവറാണ് കളിയിലെ ടേണിങ് പോയിന്റായി മാറിയത്.
13 റണ്‍സായിരുന്നു ഈ ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത്. പക്ഷെ എട്ടു റണ്‍സ് മാത്രമേ അവര്‍ക്കു ലഭിച്ചുള്ളൂ. രണ്ടു വിക്കറ്റുകള്‍ കൈവിടുകയും ചെയ്തു. ഒറ്റ ഓവറിലെ മാജിക്കല്‍ പ്രകടനം കൊണ്ട് ഹീറോയായി മാറിയിരിക്കുകയാണ് റാണ. അവസാനത്തെ ഓവര്‍ ബൗള്‍ ചെയ്യുന്നതിനു മുമ്പ് റാണയ്ക്കു നല്‍കിയ ഉപദേശം എന്തായിരുന്നുവെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് കെകെആര്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

photocredit
ഓവറിലെ ആദ്യത്തെ ബോളില്‍ ഹെന്‍ട്രിച്ച് ക്ലാസനതിരേ സിക്‌സര്‍ വഴങ്ങിയെങ്കിലും അടുത്ത അഞ്ചു ബോളില്‍ വെറും രണ്ടു റണ്‍സ് മാത്രമേ റാണ വിട്ടു നല്‍കിയുള്ളൂ. മാത്രമല്ല ക്രീസില്‍ നിലയുറപ്പിച്ച ഷഹബാസ് അഹമ്മദ്, ക്ലാസെന്‍ എന്നിവരെ പുറത്താക്കുകയും ചെയ്തു. മൂന്നാമത്തെ ബോളില്‍ ഷഹബാസിനെ വീഴ്ത്തിയ റാണ അഞ്ചാമത്തെ ബോളില്‍ അപകടകാരിയായ ക്ലാസെനെയും മടക്കുകയായിരുന്നു. ഇതോടെയാണ് കെകെആര്‍ വിജയമുറപ്പാക്കിയത്.
17ാമത്തെ ഓവര്‍ മുതല്‍ ഞാന്‍ വലിയ സമ്മര്‍ദ്ദത്തിലായിരുന്നു, അവസാനത്തെ ഓവറില്‍ എന്തു വേണമെങ്കിലും സംഭവിക്കാമെന്നും തോന്നിയിരുന്നു. അവര്‍ക്കു വിജയിക്കാന്‍ 13 റണ്‍സ് വേണ്ടിയിരുന്നു. ഞങ്ങള്‍ക്കാവട്ടെ ഏറ്റവും അനുഭവസമ്പത്തുള്ള ബൗളറുമില്ലായിരുന്നു. പക്ഷെ എനിക്കു ഹര്‍ഷിത് റാണയയില്‍ വിശ്വാസമുണ്ടായിരുന്നു. നീ സ്വന്തം കഴിവില്‍ വിശ്വമര്‍പ്പിക്കൂയെന്നാണ് ഞാന്‍ അവനോടു ഓവറിനു മുമ്പ് പറഞ്ഞത്. എന്തു സംഭവിച്ചാലും അതു വിഷയമല്ല.
അവസാനത്തെ ഓവര്‍ ബൗള്‍ ചെയ്യുന്നതിനു മുമ്പ് അവനും നല്ല ഭയത്തിലാണ് കാണപ്പെട്ടത്. സുഹൃത്തെ, ഇതാണ് നിന്റെ സമയമെന്നു ഞാന്‍ ഹര്‍ഷിതിന്റെ കണ്ണുകളിലേക്കു നോക്കിപ്പറഞ്ഞു. കളിയില്‍ എന്തു സംഭവിച്ചാലും കാര്യമാക്കേണ്ടെന്നും നിന്റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ച് പന്തെറിയൂയെന്നു പറഞ്ഞതായും ശ്രേയസ് വിശദമാക്കി.

ഓള്‍റൗണ്ട് പ്രകടനം നടത്തിയ ആന്ദ്രെ റസ്സലിനെയും ഉജ്ജ്വലമായി ബൗള്‍ ചെയ്ത സുനില്‍ നരെയ്‌നെയും അദ്ദേഹം പ്രശംസിച്ചു. രണ്ടു പേരും അത്രയുമധികം അനുഭവസമ്പത്തുള്ള താരങ്ങളാണ്. ബാറ്റും ബോളും കൊണ്ട് ആന്ദ്രെ പെര്‍ഫോം ചെയ്തത് കണ്ടപ്പോള്‍ വളരെയധികം സന്തോഷം തോന്നി. സണ്ണിയും (സുനില്‍ നരെയ്ന്‍) ബൗളിങ്ങില്‍ ഉജ്ജ്വല പ്രകടനമാണ് നടത്തിയത്. രണ്ടു പേരും ടീമിലുള്ളത് വളരെ മികച്ച കാര്യമാണെന്നും ശ്രേയസ് വ്യക്തമാക്കി.
ഓള്‍റൗണ്ട് പ്രകടനമാണ് റസ്സല്‍ കെകെആറിനായി കാഴ്ചവച്ചത്. തന്റെ സുവര്‍ണകാലത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ സ്‌ഫോടനാത്മക ഇന്നിങ്‌സായിരുന്നു അദ്ദേഹം കെട്ടഴിച്ചത്. വെറും 25 ബോളില്‍ പുറത്താവാതെ 64 റണ്‍സ് റസ്സല്‍ വാരിക്കൂട്ടി. ഏഴു സിക്‌സറും മൂന്നു ഫോറുമുള്‍പ്പെടെയാണിത്. പിന്നീട് ബൗളിങിലും മികവ് തുടരാന്‍ അദ്ദേഹത്തിനു സാധിച്ചു.
രണ്ടോവറുകള്‍ ബൗള് ചെയ്ത റസ്സല്‍ രണ്ടു വിക്കറ്റുകളെടുത്തിരുന്നു. നരെയ്‌നാവട്ടെ കെകെആര്‍ ബൗളിങില്‍ ഏറ്റവും മികച്ച പ്രകനമാണ് നടത്തിയത്. നാലോവില്‍ 4.8 ഇക്കോണമി റേറ്റില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി. തന്‍റെ നാലോവര്‍ സ്‌പെല്ലില്‍ ഒരു ബൗണ്ടറിയോ, സിക്‌സറോ പോലും നരെയ്ന്‍ വഴങ്ങിയില്ലെന്നതും ശ്രദ്ധേയമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications