ഐപിഎല്ലില്‍ ഏതൊരു യുവ താരവും ആഗ്രഹിക്കുന്ന പുരസ്‌കാരങ്ങളിലൊന്നാണ് എമേര്‍ജിങ് പ്ലെയര്‍ അവാര്‍ഡ്. മിന്നുന്ന പ്രകടനം നടത്തി ഭാവി സൂപ്പര്‍ താരമായി മാറാന്‍ ശേഷിയുണ്ടെന്ന് തെളിയിക്കാറുള്ള യുവ ക്രിക്കറ്റര്‍മാരാണ് ഈ പുരസ്‌കാരത്തിനു വേണ്ടി പരിഗണിക്കപ്പെടാറുള്ളത്. ഇന്ത്യക്കു വേണ്ടി ഇതിനകം അരങ്ങേറ്റം നടത്തിക്കഴിഞ്ഞ ചില താരങ്ങള്‍ക്കു ഈ അവാര്‍ഡ് ഇത്തവണ ലഭിക്കാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല.
വിവിധ ടീമുകള്‍ക്കു വേണ്ടി ഉജ്ജ്വല പ്രകടനം കാഴ്ചവച്ച് എമേര്‍ജിങ് പ്ലെയര്‍ അവാര്‍ഡ് സ്വന്തമാക്കാനിടയുള്ള ഇന്ത്യന്‍ യുവതാരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. രാജസ്ഥാന്‍ റോയല്‍സിന്റെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ധ്രുവ് ജുറേലാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. കഴിഞ്ഞ സീസണിലാണ് റോയല്‍സിനൊപ്പം അദ്ദേഹം ഐപിഎല്ലില്‍ അരങ്ങേറിയത്.

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തന്നെ വിക്കറ്റ് കീപ്പറുടെ റോളും കൈകാര്യം ചെയ്യുന്നതിനാല്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായിട്ടാണ് ജുറേല്‍ കളിച്ചത്. ഫിനിഷറുടെ റോളാണ് ടീം മാനേജ്‌മെന്റ് താരത്തിനു നല്‍കിയത്. അതു മോശമല്ലാതെ നിറവേറ്റാന്‍ ജുറേലിനു സാധിക്കുകയും ചെയ്തു. 14 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം 172.73 സ്‌ട്രൈക്ക് റേറ്റില്‍ 152 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. നേടിയ റണ്‍സ് കുറവാണെങ്കിലും വളരെ ഇംപാക്ടുള്ള ഇന്നിങ്‌സുകളായിരുന്നു ജുറേല്‍ കളിച്ചത്.
ഇംഗ്ലണ്ടിനെതിരേ സമാപിച്ച ടെസ്റ്റ് പരമ്പരയിലൂടെ ജുറേല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. കരിയറിലെ രണ്ടാമത്തെ ടെസ്റ്റില്‍ തന്നെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു. ഇനി ഐപിഎല്ലില്‍ റോയല്‍സിനൊപ്പവും മിന്നിക്കാനൊരുങ്ങുകയാണ് ജുറേല്‍. പുതിയ സീസണില്‍ ബാറ്റിങില്‍ കൂടുതല്‍ അവസരങ്ങള്‍ അദ്ദേഹത്തിനു ലഭിക്കാന്‍ സാധ്യതയുണ്ട്. ഇതു മുതലാക്കാനായാല്‍ എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരവും ജുറേലിനെ തേടിയെത്തിയേക്കും.
തമിഴ്‌നാട്ടില്‍ നിന്നുള്ള യുവ ഓള്‍റൗണ്ടര്‍ ബി സായ് സുദര്‍ശനാണ് ഐപിഎല്ലില്‍ എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം സ്വന്തമാക്കാന്‍ സാധ്യതയുള്ള രണ്ടാമത്തെയാള്‍. ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടിയാണ് താരം കഴിഞ്ഞ രണ്ടു ഐപിഎല്ലിലും കളിച്ചത്. ഫൈനലിലുള്‍പ്പെടെ സുദര്‍ശന്‍ മിന്നുന്ന പ്രകടനം നടത്തുകയും ചെയ്തിരുന്നു. എട്ടു മല്‍സരങ്ങളിലാണ് കഴിഞ്ഞ തവണ താരം കളിച്ചത്. ഇവയില്‍ നിന്നും 51.71 ശരാശരിയില്‍ 362 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തിരുന്നു. മൂന്നു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും.
2022ലാണ് ഐപിഎല്ലില്‍ സുദര്‍ശന്റെ അരങ്ങേറ്റം. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 145 റണ്‍സാണ് താരത്തിനു നേടാനായത്. ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യക്കു വേണ്ടി സുദര്‍ശന്‍ ഇതിനകം കളിച്ചു കഴിഞ്ഞു. ശ്രദ്ധേയമായ പ്രകടനം ഇടംകൈയന്‍ ബാറ്റര്‍ കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. മൂന്നു മല്‍സരങ്ങളില്‍ രണ്ടു ഫിഫ്റ്റികളടക്കം 127 റണ്‍സാണ് സുദര്‍ശന്‍ സ്‌കോര്‍ ചെയ്തത്.
വരാനിരിക്കുന്ന ഐപിഎല്ലില്‍ പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനോടൊപ്പം സുദര്‍ശന്‍ ജിടിക്കു വേണ്ടി ഓപ്പണറായി ഇറങ്ങാനുള്ള സാധ്യത കൂടുതലാണ്. ചിലപ്പോള്‍ മൂന്നാം നമ്പറായിരിക്കും താരത്തിനു ലഭിച്ചേക്കുക. ഏതു പൊസിഷന്‍ ലഭിച്ചാലും അവിടെ മിന്നുന്ന പ്രകടനം നടത്താനുള്ള കഴിവ് സുദര്‍ശനുണ്ട്.

യുവ പേസര്‍ ചേതന്‍ സക്കാരിയയാണ് എമേര്‍ജിങ് പ്ലെയര്‍ അവാര്‍ഡ് സ്വന്തമാക്കാന്‍ സാധ്യതയുള്ള മൂന്നാമത്തെ താരം. ഇന്ത്യക്കു വേണ്ടി ഇതിനകം അരങ്ങേറ്റം നടത്തിക്കഴിഞ്ഞ താരമാണ് അദ്ദേഹം. ഐപിഎല്ലില്‍ 19 മല്‍സരങ്ങളിലാണ് സക്കാരിയ കളിച്ചിട്ടുള്ളത്.
2021ല്‍ ശിഖര്‍ ധവാനു കീഴില്‍ ഇന്ത്യയുടെ രണ്ടാംനിര ടീം ശ്രീലങ്കയില്‍ പര്യടനം നടത്തിയപ്പോഴാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. ഒരു ഏകദിനവും രണ്ടു ടി20കളുമാണ് താരം കളിച്ചത്. ഏകദിനത്തില്‍ രണ്ടും ടി20യില്‍ ഒരു വിക്കറ്റുമാണ് സക്കാരിയക്കു ലഭിച്ചത്.
പുതിയ ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പമാണ് അദ്ദേഹം. രാജസ്ഥാന്‍ റോയല്‍സിനൊപ്പം അരങ്ങേറിയ ശേഷം ഡല്‍ഹി ക്യാപ്പിറ്റല്‍സിലും കളിച്ച ശേഷമാണ് സക്കാരിയ ഇപ്പോള്‍ കെകെആറിലെത്തിയത്. ഐപിഎല്ലില്‍ 19 മല്‍സരങ്ങളില്‍ നിന്നും 20 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം.