ഐപിഎല്ലില്‍ ഇത്തവണയും പുതിയ താരോദയങ്ങള്‍ക്കു ക്രിക്കറ്റ് ലോകം സാക്ഷിയായിരുന്നു. ചില യുവതാരങ്ങള്‍ മിന്നുന്ന പ്രകടനങ്ങളിലൂടെ വലിയ ഇംപാക്ടാണുണ്ടാക്കിയത്. യുവതാരങ്ങള്‍ക്കു അന്താരാഷ്ട്ര തലത്തില്‍ മിടുക്ക് തെളിയിക്കാന്‍ ഐപിഎല്ലിനേക്കാള്‍ മികച്ചൊരു വേദിയില്ലെന്നു തന്നെ പറയേണ്ടിവരും. ഓരോ സീസണുകളിലും നിരവധി യുവതാരങ്ങളാണ് ടൂര്‍ണമെന്റിലൂടെ സാന്നിധ്യമറിയിച്ചിട്ടുള്ളത്.
അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനായി ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ 2026ലെ ടി20 ലോകകപ്പില്‍ പുതിയ ലുക്കിലുള്ള ഒരു ടീമിനെയാവും നമുക്കു കാണാന്‍ സാധിക്കുക. യുവതാരങ്ങളുള്‍പ്പെട്ട മികച്ചൊരു യുവ നിരയെ അതിനായി ഇന്ത്യക്കു വളര്‍ത്തിയെടുക്കേണ്ടതുണ്ട്. യുവതാരങ്ങളെ മാത്രം ഉള്‍പ്പെടുത്തി അത്തരമൊരു ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്താല്‍ ആരൊക്കെയുണ്ടാവുമെന്നു നമുക്കു നോക്കാം.

ഇടംകൈയന്‍ അഗ്രസീവ് ബാറ്റര്‍മാരായ യശസ്വി ജയ്‌സ്വാളും അഭിഷേക് ശര്‍മയുമായിരിക്കും ഇന്ത്യന്‍ ടീമിന്റെ ഓപ്പണര്‍മാര്‍. ജയ്‌സ്വാള്‍ ഇതിനകം ഇന്ത്യന്‍ ക്രിക്കറ്റിലെ സെന്‍സേഷനായി മാറിയ താരമാണെങ്കില്‍ അരങ്ങേറ്റം കാത്തിരിക്കുന്നയാളാണ് അഭിഷേക്. ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിക്കാന്‍ ഇഷ്ടപ്പെടുന്ന, പേസ്, സ്പിന്‍ ബൗളിങിനെ ഒരുപോലെ അനായാസമായി നേരിടാന്‍ സാധിക്കുന്നവരാണ് ഇരുവരും.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി റണ്‍സ് അടിച്ചുകൂട്ടുകയാണ് അഭിഷേക്. 12 ഇന്നിങ്‌സുകളില്‍ നിന്നും 205.64 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റില്‍ 401 റണ്‍സ് താരം നേടിക്കഴിഞ്ഞി. 30 ഫോറും 35 സിക്‌സറും ഇതിലുള്‍പ്പെടും. രാജസ്ഥാന്‍ റോയല്‍സിനായി 11 ഇന്നിങ്‌സുകളില്‍ നിന്നും 157.63 സ്‌ട്രൈക്ക് റേറ്റില്‍ 320 റണ്‍സാണ് ജയ്‌സ്വാള്‍ സ്‌കോര്‍ ചെയ്തത്.
ഈ യുവ ടീമിന്റെ മധ്യനിരയിലുള്ളത് തിലക് വര്‍മ, റിയാന്‍ പരാഗ്, അഭിഷേക് പൊറെല്‍, അശുതോഷ് ശര്‍മ എന്നിവരാണ്. ഇവരെല്ലാം ഈ സീസണിലെ ഐപിഎല്ലില്‍ മിന്നിക്കുന്നവരാണ്. മുംബൈ ഇന്ത്യന്‍സിനു വേണ്ടി തിലക് 12 ഇന്നിങ്‌സുകളില്‍ നിന്നും 384 റണ്‍സ് നേടിക്കഴിഞ്ഞു. മൂന്നു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. റോയല്‍സിനായി കസറുകയാണ് പരാഗ്. 10 ഇന്നിങ്‌സുകളില്‍ നിന്നും 436 റണ്‍സ് താരം അടിച്ചെടുത്തിട്ടുണ്ട്. നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും.
ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരമാണ് ഇടംകൈയന്‍ ബാറ്ററായ പൊറെല്‍. ഈ യുവ ടീമിന്റെ വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെ. ഡിസിക്കു വേണ്ടി 10 ഇന്നിങ്‌സുകളിലാണ് പൊറേല്‍ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 157.98 സ്‌ട്രൈക്ക് റേറ്റോടെ 267 റണ്‍സും നേടി. പഞ്ചാബിന്റെ വെടിക്കെട്ട് ബാറ്ററായ അശുതോഷ് ഈ സീസണിലെ കണ്ടെത്തലുകളിലൊന്നാണ്. ഫിനിഷറുടെ റോളില്‍ കസറുകയാണ് താരം. പഞ്ചാബിനായി 172.34 സ്‌ട്രൈക്ക് റേറ്റില്‍ 162 റണ്‍സാണ് അശുതോഷ് സ്‌കോര്‍ ചെയ്തത്.

യുവ ഇന്ത്യന്‍ ടീമിന്റെ ബൗളിങ് ലൈനപ്പിലുള്ളത് ആര്‍ സായ് കിഷോര്‍, മായങ്ക് യാദവ്, ഹര്‍ഷിത് റാണ, ഖലീല്‍ അഹമ്മദ്, രാഹുല്‍ ചാഹര്‍ എന്നിവരാണ്. ചാഹറും സായ് കിഷോറുമാണ് സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്യുക. ഗുജറാത്ത് ടൈറ്റന്‍സ് ഇടംകൈയന്‍ സ്പിന്നറായ സായ് അഞ്ചു കളിയില്‍ നിന്നും ഏഴു വിക്കറ്റെടുത്തിട്ടുണ്ട്.
പഞ്ചാബ് കിങ്‌സ് ബൗളറായ ചാഹര്‍ ഇത്തവണ മികച്ച ഫോമിലാണ്. ആറു മല്‍സരങ്ങളില്‍ നിന്നും എട്ടു വിക്കറ്റുകള്‍ താരം വീഴ്ത്തി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ അതിവേഗ ബൗളര്‍ മായങ്ക് ഈ സീസണിലെ കണ്ടെത്തലാണ്. ആദ്യം കളിച്ച രണ്ടു മല്‍സരങ്ങളിലും പ്ലെയര്‍ ഓഫ് ദി മാച്ചായിരുന്നു താരം. കെകെആറിനായി ഒമ്പതു കളിയില്‍ 14 വിക്കറ്റുകളെടുത്ത ബൗളറാണ് റാണ. ഡിസിക്കായി ഖലീലും 14 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.
ഇന്ത്യന്‍ യുവ ടീം
യശസ്വി ജയ്‌സ്വാള്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, റിയാന്‍ പരാഗ്, അഭിഷേക് ശര്‍മ (വിക്കറ്റ് കീപ്പര്‍), അശുതോഷ് ശര്‍മ, ആര്‍ സായ് കിഷോര്‍, മായങ്ക് യാദവ്, ഹര്‍ഷിത് റാണ, ഖലീല്‍ അഹമ്മദ്, രാഹുല്‍ ചാഹര്‍.