ഐപിഎല്‍ ട്രേഡ് വിന്‍ഡോയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ട്രാന്‍സ്ഫറുകളിലൊന്നാണ് ഇത്തവണ സംഭവിച്ചത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനും ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയെ തികച്ചും നാടകീയമായിട്ടാണ് മുന്‍ ടീമായ മുംബൈ ഇന്ത്യന്‍സ് തിരികെ വാങ്ങിയത്. 2022ലെ ഐപിഎല്ലില്‍ ജിടിയെ ചാംപ്യന്മാരാക്കിയ ഹാര്‍ദിക് കഴിഞ്ഞ തവണ ടീമിനെ റണ്ണറപ്പാക്കുകയും ചെയ്തിരുന്നു. ഇത്തരമൊരു ട്രാന്‍സ്ഫര്‍ ഇരുടീമുകളുടെയും ആരാധകര്‍ക്കു മാത്രമല്ല ക്രിക്കറ്റ് പ്രേമികള്‍ക്കു മുഴുവന്‍ വലിയ സര്‍പ്രൈസ് തന്നെയായിരുന്നു.
ഹാര്‍ദിക്കിന്റെ പ്രതിഫലമായ 15 കോടി രൂപയോടൊപ്പം പുറത്തുവിട്ടിട്ടില്ലാത്ത ട്രാന്‍സ്ഫര്‍ തുകയും നല്‍കിയാണ് മുംബൈ ഇതു യാഥാര്‍ഥ്യമാക്കിയത്. സമാനമായൊരു സംഭവം 2009ലെ ഐപിഎല്ലിലും സംഭവിച്ചിരുന്നു. അന്നു ഹാര്‍ദിക്കിന്റെ സ്ഥാനത്തുണ്ടായിരുന്നത് ഇന്ത്യയുടെ മറ്റൊരു സൂപ്പര്‍റൗണ്ടറായ രവീന്ദ്ര ജഡേജയായിരുന്നു.

അന്നു പക്ഷെ രാജസ്ഥാന്‍ റോയല്‍സ് വിട്ട് മറ്റൊരു ടീമായി കരാറിലേര്‍പ്പെടാന്‍ ശ്രമിച്ച ജഡ്ഡുവിനു വിലക്ക് നേരിടേണ്ടി വന്നിരുന്നു. ഒരു സീസണില്‍ ഇതേ തുടര്‍ന്നു അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വരികയും ചെയ്തു. ട്രാന്‍സ്ഫറിനു ശ്രമിച്ച് ജഡേജയ്ക്കു മുട്ടന്‍ പണി കിട്ടിയപ്പോള്‍ ഹാര്‍ദിക്കിനെതിരേ എന്തുകൊണ്ടാണ് അത്തരം ശിക്ഷാ നടപടിയൊന്നും ഉണ്ടാവാതിരുന്നത്? ഇതിന്റെ കാരണമറിയാം.
ഓരോ സീസണിലെയും ഐപിഎല്‍ ലേലത്തിനു മുമ്പാണ് ട്രേഡ് വിന്‍ഡോ തുറക്കാറുള്ളത്. ഈ സമയത്തു ലീഗിലെ മുഴുവന്‍ ടീമുകള്‍ക്കും പരസ്പരം താരങ്ങളെ വാങ്ങാനും വില്‍ക്കാനും അനുമതിയുണ്ട്. ട്രേഡ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ നിലനിര്‍ത്തുകയും ഒഴിവാക്കുകയും കളിക്കാരുടെ ലിസ്റ്റ് ഫ്രാഞ്ചൈസി സ്ഥിരീകരിക്കുകയും വേണം. ഒഴിവാക്കപ്പെട്ട താരങ്ങള്‍ ലേലത്തിന്റെ പൂളില്‍ ഇടം പിടിക്കുകയും ഇവരുടെ പ്രതിഫലം അതാത് ഫ്രാഞ്ചൈസികളുടെ പഴ്‌സിലേക്കു വരികയും ചെയ്യും.
കളിക്കാരുടെ ട്രേഡ് രണ്ടു തരത്തിലുള്ളവയാണ്. ഒന്ന് ടീമിലെ ഒരു താരത്തെ വിട്ടുനല്‍കി പകരം മറ്റൊരു താരത്തെ ഫ്രാഞ്ചൈസിയില്‍ നിന്നും ആവശ്യപ്പെടുകയെന്നതാണ്. രണ്ടാമത്തേതാവട്ടെ താരങ്ങളെയൊന്നും വിട്ടുകൊടുക്കാതെ പണം മാത്രം നല്‍കി ഒരു കളിക്കാരനെ വാങ്ങുകയെന്നതുമാണ്. നേരത്തേ ആ താരത്തിനു ഫ്രാഞ്ചൈസിയില്‍ ലഭിച്ചുകൊണ്ടിരുന്ന ശമ്പളം തന്നെ ഇതിനായി വാങ്ങുന്ന ടീമിനു മുടക്കേണ്ടതായും വരും.
2009ലെ ഐപിഎല്ലില്‍ രാജസ്ഥോന്‍ റോയല്‍സലിന്റെ ഭാഗമായിരിക്കെയാണ് ജഡേജയ്ക്കു വിലക്ക് നേരിടേണ്ടി വന്നത്. 2008ലെ പ്രഥമ സീസണില്‍ റോയല്‍സിനായി മിന്നുന്ന പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിരുന്നു. ഇതേ തുടര്‍ന്ന് അടുത്ത സീസണില്‍ തന്റെ പ്രതിഫലം വര്‍ധിപ്പിക്കണമെന്നു ഫ്രാഞ്ചൈസിയോടു ജഡേജ ആവശ്യപ്പെടുകയായിരുന്നു. പക്ഷെ ഇതു റോയല്‍സ് തള്ളുകയും ചെയ്തു.
ഇതിനു പിന്നാലെ മുംബൈ ഇന്ത്യന്‍സിലേക്കു ചേക്കേറാന്‍ അവരുമായി ജഡ്ഡു ചര്‍ച്ച നടത്തുകയായിരുന്നു. റോയല്‍സുമായി കരാര്‍ നിലനില്‍ക്കവെയായിരുന്നു താരം ഇത്തരമൊരു നീക്കം നടത്തിയത്. 2010ലെ സീസണിലേക്കു റോയല്‍സുമായി കരാര്‍ പുതുക്കാന്‍ ജഡേജ വിസമ്മതിക്കുകയും ചെയ്തു. കളിക്കാരുടെ മാര്‍ഗനിര്‍ദേശങ്ങളിലെ നിയമത്തിന്റെ ലംഘനമായിരുന്നു ഇത്. തുടര്‍ന്നാണ് 2010ലെ ഐപിഎല്ലില്‍ താരത്തെ ഐപിഎല്‍ ഭരണസമിതി വിലക്കിയത്.

അതേസമയം, ഹാര്‍ദിക്കിന്റെ കാര്യത്തിലേക്കു വന്നാല്‍ ഇത്തരത്തിലുള്ള നിയമലംഘനങ്ങളൊന്നും തന്നെ സംഭവിച്ചിട്ടില്ല. മുംബൈയിലേക്കു കൂടുമാറുന്നതുമായി ബന്ധപ്പെട്ട് ഹാര്‍ദിക് അവരെ സമീപിക്കുകയോ, ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല.
ജഡേജയെപ്പോലെ കരാര്‍ പുതുക്കാന്‍ ജിടിയോടു ഹാര്‍ദിക് ഉയര്‍ന്ന പ്രതിഫലം ആവശ്യപ്പെടുകയും ചെയ്തിട്ടില്ല. മറിച്ച് അദ്ദേഹത്തിനു വേണ്ടി മുംബൈ നേരിട്ട് ഗുജറാത്ത് ടൈറ്റന്‍സിനെ സമീപിക്കുകയായിരുന്നു. മുംബൈയുടെ ഓഫര്‍ ജിടി അംഗീകരിച്ചതോടെ ഹാര്‍ദിക്കിന്റെ ട്രാന്‍സ്ഫര്‍ യാഥാര്‍ഥ്യമായി മാറുകയും ചെയ്യുകയായിരുന്നു.
ഹാര്‍ദിക്കിനെ വാങ്ങുന്നതിനു 15 കോടിയിലേറെ രൂപ മുംബൈയ്ക്കു ആവശ്യമായിരുന്നു. അത്രയും തുക അവരുടെ പഴ്‌സില്‍ ബാക്കിയുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ തവണ 17.5 കോടി രൂപയ്ക്കു വാങ്ങിയ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു അവര്‍ക്കു വില്‍ക്കേണ്ടതായി വന്നത്. 2022ലെ ലേലത്തില്‍ എട്ടു കോടി രൂപയ്ക്കു വാങ്ങിയ ജോഫ്ര ആര്‍ച്ചറിനെയും മുംബൈ ഒഴിവാക്കിയിരുന്നു.