അഹമ്മദാബാദ്: ഐപിഎല്ലില്‍ പുറത്താവലിന്റെ വക്കില്‍ നിന്നും സടകുടഞ്ഞ് എഴുന്നേറ്റിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ഇനിയും പല ടീമുകളുടെയും വഴി മുടക്കാന്‍ തങ്ങള്‍ക്കാവുമെന്നു കാണിച്ചുതന്നിരിക്കുകയാണ് ആര്‍സിബി. തോറ്റാല്‍ പ്ലേഓഫ് പ്രതീക്ഷ പൂര്‍ണമായി അവസാനിക്കുമെന്ന ആശങ്കയോടെ ഇറങ്ങിയ ആര്‍സിബി ഒമ്പതു വിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റന്‍സിനെ ഞെട്ടിച്ചത്. തൊട്ടുമുമ്പത്തെ കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു ആര്‍സിബി ഷോക്ക് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ജിടിയെയും അവര്‍ തീര്‍ത്തത്.
201 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് സ്വന്തം ഗ്രൗണ്ടില്‍ ആര്‍സിബിക്കു ജിടി നല്‍കിയത്. പക്ഷെ ഈ സ്‌കോര്‍ ആര്‍സിബിക്കു ഒരിക്കലും വെല്ലുവിളിയായില്ല. വില്‍ ജാക്ക്‌സിന്റെ (41 ബോള്‍ 100*) സ്‌ഫോടനാത്മക സെഞ്ച്വറി ആര്‍സിബിയെ നാലോവര്‍ ശേഷിക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. അവസാന ഓവറുകളില്‍ ജാക്ക്‌സിന്റെ സിക്‌സര്‍ മഴയാണ് കണ്ടത്. 10 സിക്‌സറും അഞ്ചു ഫോറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

പുറത്താവാതെ 70 റണ്‍സെടുത്ത വിരാട് കോലി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 44 ബോളില്‍ ആറു ഫോറും മൂന്നു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. നായകന്‍ ഫാഫ് ഡുപ്ലെസി (24) മാത്രമേ പുറത്തായുള്ളൂ.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ജിടി മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 200 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. വളരെ സ്ലോയായി ഇന്നിങ്‌സ് തുടങ്ങിയ ജിടിയെ 200ലെത്തിച്ചത് മൂന്നാം നമ്പറിലെത്തിയ യുവതാരം സായ് സുദര്‍ശനാണ്. പതിഞ്ഞ താളത്തില്‍ തുടങ്ങിയ ശേഷം തകര്‍ത്തടിച്ച താരം പുറത്താവാതെ 84 റണ്‍സെടുത്തു. 49 ബോളുകള്‍ നേരിട്ട സുദര്‍ശന്റെ ഇന്നിങ്‌സില്‍ എട്ടു ഫോറുകളും നാലു സിക്‌സറുമുള്‍പ്പെട്ടിരുന്നു.
58 റണ്‍സ് നേടിയ ഷാരൂഖ് ഖാനാണ് മറ്റൊരു പ്രധാന സ്‌കോറര്‍. അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച അദ്ദേഹം 30 ബോളിലാണ് അഞ്ചു സിക്‌സറും മൂന്നു ഫോറുമടക്കം 58 റണ്‍സോടെ മിന്നിച്ചത്. ഷാരൂഖിന്റെ കന്നി ഐപിഎല്‍ ഫിഫ്റ്റി കൂടിയാണിത്. സുദര്‍ശനൊപ്പം ഫിനിഷിങില്‍ ഡേവിഡ് മില്ലറുടെ (19 ബോളില്‍ 26*) പ്രകടനവും ജിടിയെ 200ലെത്താന്‍ സഹായിച്ചു. രണ്ടു ഫോറും ഒരു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. വൃധിമാന്‍ സാഹ (5), നായകന്‍ ശുഭ്മന്‍ ഗില്‍ (16) എന്നിവര്‍ ബാറ്റിങില്‍ തീര്‍ത്തും നിരാശപ്പെടുത്തി.

ജിടിയുടെ തുടക്കം ടെസ്റ്റ് ശൈലിയിലായിരുന്നു. പവര്‍പ്ലേയില്‍ വെറും 42 റണ്‍സാണ് ജിടിക്കു നേടാനായത്. സാഹയുടെ വിക്കറ്റ് ആദ്യ ഓവറില്‍ തന്നെ നഷ്ടമാവുകയും ചെയ്തു. ഏഴാം ഓവറില്‍ ഗില്ലും മടങ്ങിയതടെ ജിടി സമ്മര്‍ദ്ദത്തിലായി. തുടര്‍ന്നാണ് ഷാരൂഖിനെ നാലാം നമ്പറിലേക്കു ജിടി പ്രൊമോട്ട് ചെയ്തത്. ഈ നീക്കം വിജയമാവുകയും ചെയ്തു. ബൗളര്‍മാരെ കടന്നാക്രമിച്ച ഷാരൂഖ് കൗണ്ടര്‍ അറ്റാക്കിങ് ഇന്നിങ്‌സോടെ ജിടിയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. 86 റണ്‍സുമായി സുദര്‍ശന്‍- ഷാരൂഖ് ജോടി ടീമിനെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചു. ടീം സ്‌കോര്‍ 45ല്‍ ഒന്നിച്ച സഖ്യം 131ലാണ് വേര്‍പിരിഞ്ഞത്.
ഷാരുഖിനെ മുഹമ്മദ് സിറാജ് ക്ലീന്‍ ബൗള്‍ഡാക്കിയ ശേഷം മറ്റൊരു ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ട് കൂടി ജിടിയുടെ ഇന്നിങ്‌സില്‍ കണ്ടു. അപരാജിതമായ നാലാം വിക്കറ്റില്‍ 69 റണ്‍സാണ് സുദര്‍ശന്‍- മില്ലര്‍ ജോടി കൂട്ടിച്ചേര്‍ത്തത്. ഇതോടെ ടീം ടോട്ടല്‍ 200ലെത്തുകയും ചെയ്തു. ആര്‍സിബിക്കായി സ്വപ്‌നില്‍ സിങ്, മുഹമ്മദ് സിറാജ്, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
പ്ലെയിങ് ഇലവന്‍
ഗുജറാത്ത് ടൈറ്റന്‍സ്- വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, അസ്മത്തുല്ല ഒമര്‍സായി, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, ഷാരൂഖ് ഖാന്‍, റാഷിദ് ഖാന്‍, സായ് കിഷോര്‍, മോഹിത് ശര്‍മ, നൂര്‍ അഹമ്മദ്.
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു- വിരാട് കോലി, ഫാഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), വില്‍ ജാക്ക്‌സ്, രജത് പാട്ടിധാര്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്സ് വെല്‍, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്, യഷ് ദയാല്‍, സ്വപ്നില്‍ സിങ്