ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു സമയത്ത് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി വിലസിയ താരമാണ് യുവ ഓപ്പണര്‍ ഇഷാന്‍ കിഷന്‍. പോക്കറ്റ് ഡയനാമിറ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം തന്റേതായ ദിവസം തനിച്ചു മല്‍സരഗതി മാറ്റിമറിക്കാന്‍ ശേഷിയുള്ള താരമാണ്. പക്ഷെ ഇപ്പോള്‍ ടീം ഇന്ത്യയിലെ സ്ഥിരം സാന്നിധ്യമല്ല ഇഷാന്‍. എങ്കിലും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം കസറിയാല്‍ വീണ്ടും ദേശീയ ടീമില്‍ ചുവടുറപ്പിക്കാന്‍ തനിക്കാവുമെന്ന ശുഭപ്രതീക്ഷയിലാണ് താരം.
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ വാംഖഡെയില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ മുംബൈയുടെ മിന്നുന്ന വിജയത്തില്‍ ഇഷാന്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. 197 റണ്‍സെന്ന വലിയ വിജയലക്ഷ്യം വെറും 15.3 ഓവറില്‍ മുംബൈ മറികടന്നപ്പോള്‍ ടോപ്‌സ്‌കോററായത് ഇഷാനാണ്. 34 ബോളില്‍ ഏഴു ഫോറും അഞ്ചു സക്‌സറുമടക്കം 69 റണ്‍സ് വാരിക്കൂട്ടിയാണ് താരം ക്രീസ് വിട്ടത്.

ബാറ്റിങില്‍ തന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിച്ച രണ്ടു പേരെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇഷാന്‍. മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, ടീമംഗമായ സൂര്യകുമാര്‍ യാദവ് എന്നിവരാണ് തന്നെ ബാറ്റിങില്‍ സഹായിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. ആര്‍സിബിക്കെതിരായ മല്‍സരശേഷം സൂര്യയുമായി സംസാരിക്കവെയാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.
എച്ച്പി (ഹാര്‍ദിക് പാണ്ഡ്യ) ഭായ് എന്നോടു പറഞ്ഞിട്ടുള്ളത് എല്ലായ്‌പ്പോഴും ആറാമത്തെ ഗിയറില്‍ തന്നെ ബാറ്റ് ചെയ്യേണ്ട ആവശ്യമില്ലെന്നായിരുന്നു. ഞാന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നപ്പോള്‍ നിങ്ങളും (സൂര്യ) എന്നെ ഉപദേശിച്ചിരുന്നു. സിംഗിളുകളുടെ കാര്യത്തില്‍ നീ കൂടുതല്‍ ശ്രദ്ധിക്കണമെന്നായിരുന്നു നല്‍കിയ ഉപദേശം.
ബാറ്റിങില്‍ എനിക്കൊരു ഓള്‍റൗണ്ട് ഗെയിമുണ്ടെങ്കില്‍ ഏതു ഗിയറിലായിരിക്കും ഞാന്‍ ബാറ്റ് ചെയ്യുകയെന്നു ബൗളര്‍മാര്‍ ഊഹിച്ചു കൊണ്ടിരിക്കുകയും ചെയ്യും. ഞാന്‍ ചെറിയ കാര്യങ്ങളിലാണ് കൂടുതല്‍ ശ്രദ്ധിക്കുകയും മല്‍സരത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തിട്ടുള്ളതെന്നും സൂര്യയോടു ഇഷാന്‍ വിശദമാക്കി.
സീസണിന്റെ തുടക്കത്തില്‍ പതറിയെങ്കിലും ഇപ്പോള്‍ ഇഷാന്‍ ഏറ്റവും മികച്ച ഫോമിലേക്കു ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഐപിഎല്ലില്‍ കളിക്കുന്ന ഇന്ത്യയുടെ പ്രധാനപ്പെട്ട വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തവരില്‍ ഇപ്പോള്‍ ഇഷാന്‍ രണ്ടാംസ്ഥാനത്തേക്കു ഉയര്‍ന്നു കഴിഞ്ഞു.

ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ റിഷഭ് പന്താണ് നേരത്തേ ഈ പൊസിഷനിലുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ റിഷഭിനെ മറികടന്ന് ഇഷാന്‍ രണ്ടാമനായിരിക്കുകയാണ്. അഞ്ചു ഇന്നിങ്‌സുകളില്‍ നിന്നും 161 റണ്‍സാണ് ഇഷാന്റെ സമ്പാദ്യം. 182.95 എന്ന അതിശയിപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റിലാണിത്. ഒരു ഫിഫ്റ്റിയാണ് താരം നേടിയിട്ടുള്ളത്.
മാനസികമായ ക്ഷീണം കാരണം ഇഷാന്‍ ഈ വര്‍ഷം ക്രിക്കറ്റില്‍ നിന്നും അല്‍പ്പം മാറിനിന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സൗത്താഫ്രിക്കന്‍ പര്യടനത്തിനിടെയാണ് ടെസ്റ്റ് പരമ്പരയ്ക്കു തൊട്ടുമുമ്പ് അദ്ദേഹം ടീം വിട്ടത്. മാനസികമായി തനിക്കൊരു ബ്രേക്ക് ആവശ്യമാണെന്നു ടീം മാനേജ്‌മെന്റിനെ ഇഷാന്‍ അറിയിക്കുകയായിരുന്നു. അതിനു ശേഷം ഐപിഎല്ലിലൂടെയാണ് താരം മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയത്., അഫ്ഗാനിസ്താനുമായുള്ള രണ്ടു ടി20കളുടെ പരമ്പര, ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പര എന്നിവയാണ് ഇഷാന് നഷ്ടമായത്.
ക്രിക്കറ്റില്‍ നിന്നും മാറിനിന്നപ്പോള്‍ പരിശീലനം നടത്തിയിരുന്നതായും അതു ഗെയിമിനെക്കുറിച്ച് കൂടുതലായി മനസിലാക്കാന്‍ സഹായിച്ചതായും ഇഷാന്‍ വ്യക്തമാക്കി. നമ്മള്‍ എല്ലാ ഘട്ടത്തിലും കളിച്ചുകൊണ്ടേയിരിക്കുമ്പോള്‍ അടിസ്ഥാനപരമായ കാര്യങ്ങള്‍ മറക്കും. പക്ഷെ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത പ്രധാനപ്പെട്ട കാര്യമാണത്. നമ്മള്‍ ഗെയിമില്‍ നിന്നും മാറി നില്‍ക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. നിര്‍ണായകമായ ചെറിയ കാര്യങ്ങളെപ്പറ്റിയും നിങ്ങള്‍ക്കു മനസ്സിലാവുമെന്നും ഇഷാന്‍ കൂട്ടിച്ചേര്‍ത്തു.