മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ പുരോഗമിക്കവെ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരായ ആരാധകരുടെ കൂവലിന് ശമനമില്ല. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ മത്സരത്തിലും ഹാര്‍ദിക്കിനെതിരേ കൂവല്‍ ഉയര്‍ന്നു. സ്വന്തം തട്ടകത്തില്‍ പോലും ഹാര്‍ദിക്കിനെതിരേ കാണികള്‍ കൂവുന്ന അവസ്ഥയുണ്ടായി. എന്നാല്‍ ഇതിനെയൊന്നും വകവെക്കാതെ ടീമിനൊപ്പം മുന്നോട്ട് പോവുകയാണ് ഹാര്‍ദിക്.
ആദ്യത്തെ മൂന്ന് മത്സരത്തിലും മുംബൈ തോറ്റപ്പോഴും നായകനായ ഹാര്‍ദിക് പാണ്ഡ്യ തളര്‍ന്നില്ല. പിന്നീടുള്ള രണ്ട് മത്സരത്തിലും മുംബൈയെ ജയിപ്പിക്കാന്‍ ഹാര്‍ദിക്കിനായി. എന്നാല്‍ ഇപ്പോഴും ആരാധകര്‍ക്ക് ഹാര്‍ദിക്കിനെ ഉള്‍ക്കൊള്ളാനായിട്ടില്ല. ഇപ്പോഴിതാ ഹാര്‍ദിക്കിനെ ആരാധകര്‍ കൂവിയാലും അവന്‍ തളരില്ലെന്ന് പറഞ്ഞിരിക്കുകയാണ് മുംബൈയുടെ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷന്‍. അതിന്റെ കാരണവും ഇഷാന്‍ വ്യക്തമാക്കുന്നുണ്ട്.
'ഹാര്‍ദിക് പാണ്ഡ്യ വെല്ലുവിളികള്‍ നേരിടാന്‍ ആഗ്രഹിക്കുന്ന ആളാണ്. ഇത്തരം സാഹചര്യങ്ങളിലൂടെ അവന്‍ ഇതിന് മുമ്പും കടന്ന് പോയിട്ടുണ്ട്. ഇപ്പോഴും അത്തരം ചില സാഹചര്യത്തിലൂടെയാണ് അവന്‍ കടന്ന് പോകുന്നത്. ഇത് അങ്ങനെയാണ് ഇങ്ങനെയാണെന്ന് ഹാര്‍ദിക് ആരോടും പറയാറില്ല. കളത്തിനകത്തും പുറത്തും അവന്‍ ശക്തമായി പടയൊരുക്കം നടത്തുന്നു. നിലവിലെ പ്രശ്‌നങ്ങളെല്ലാം അവന്‍ ആസ്വദിക്കുന്നുണ്ട്. അവനോടൊപ്പം നിരവധി സമയം ഞാന്‍ ചിലവിടാറുണ്ട്.
ആരാധകരോട് അവന്‍ പരാതി പറയില്ല. എന്നാല്‍ ഇത്തരം വെല്ലുവിളികളെയെല്ലാം നേരിടാന്‍ അവന്‍ തയ്യാറാണ്. ആരാധകരെ കുറ്റം പറയാനാവില്ല. അവര്‍ക്ക് അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ നായകന് അവന്റേതായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റേണ്ടതായുണ്ട്. വരുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയാല്‍ ആരാധകര്‍ തീര്‍ച്ചയായും ഹാര്‍ദിക്കിനെ മനസിലാക്കും. അവന്‍ എന്താണ് ടീമിനായി ചെയ്യുന്നതെന്ന് തിരിച്ചറിയും. കാണികള്‍ അവനെ കൂവുന്നതായി കരുതുന്നില്ല.

ടീമിനുള്ള പിന്തുണയാണത്. നേരിട്ട ആദ്യ പന്തില്‍ത്തന്നെ ഹാര്‍ദിക് സിക്‌സര്‍ നേടി. ആരാധകര്‍ ചോദ്യം ചെയ്യുമ്പോഴും അവന്‍ തന്റെ ജോലി കൃത്യമായി ചെയ്യുന്നു' ഇഷാന്‍ മത്സരശേഷം പറഞ്ഞു. ഹാര്‍ദിക്കിനെതിരേ ആദ്യം ആരാധകര്‍ കൂവിയെങ്കിലും മത്സരശേഷം കൈയടികള്‍ ലഭിച്ചിരുന്നു. എന്നാല്‍ രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് നായകനായത് ഇപ്പോഴും അംഗീകരിക്കാന്‍ ആരാധകര്‍ക്ക് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ രോഹിത്തിനോടുള്ള സ്‌നേഹമാണ് ഹാര്‍ദിക്കിനെതിരായ വിമര്‍ശനമായി മാറുന്നത്.
എന്നാല്‍ ടീമെന്ന നിലയില്‍ മുംബൈ ഒത്തിണക്കത്തിലേക്കെത്തിയിട്ടുണ്ട്. സൂര്യകുമാര്‍ യാദവിന്റെ വരവ് മുംബൈ ടീമിനുള്ളിലെ സാഹചര്യം മാറ്റിയിട്ടുണ്ട്. വരുന്ന മത്സരങ്ങളിലും മുംബൈ വിജയക്കുതിപ്പ് നടത്തിയാല്‍ ഹാര്‍ദിക്കിനെതിരായ വിമര്‍ശനങ്ങള്‍ കൈയടിയായി മാറും. മൂന്ന് മത്സരങ്ങള്‍ തോറ്റ മുംബൈ അവസാന രണ്ട് മത്സരത്തിലും വിജയ വഴിയില്‍ തിരിച്ചെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വരുന്ന മത്സരങ്ങളിലും വിജയക്കുതിപ്പ് തുടരുമെന്ന് പ്രതീക്ഷിക്കാം.
ആര്‍സിബിക്കെതിരായ മത്സരത്തിനിടെ ഹാര്‍ദിക് പാണ്ഡ്യയെ കൂവിയപ്പോള്‍ വിരാട് കോലി ഇടപെട്ടിരുന്നു. കാണികളോട് കൂവരുതെന്നും ഇന്ത്യന്‍ താരമാണെന്ന് മറക്കരുതെന്നും ആരാധകരോട് കോലി ആവശ്യപ്പെടുന്ന വീഡിയോ വൈറലായിക്കഴിഞ്ഞു. എന്നാല്‍ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് ക്യാംപില്‍ സംതൃപ്തനല്ലെന്നതാണ് ആരാധകരുടെ വിലയിരുത്തല്‍. പഴയതുപോലെ സന്തോഷത്തോടെയല്ല ഇപ്പോള്‍ രോഹിത്തിനെ കാണുന്നത്.
ഈ സീസണിന് ശേഷം രോഹിത് മുംബൈ ഇന്ത്യന്‍സ് വിടാനാണ് സാധ്യത കൂടുതല്‍. രോഹിത്തിനോട് വേണ്ടത്ര ചര്‍ച്ച നടത്താതെയാണ് അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റിയത്. എന്നാല്‍ ടീം മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ ടീമിന്റെ ഭാവി ഹാര്‍ദിക്കിലാണ്. തലമുറ മാറ്റം അത്യാവശ്യമായ ഘട്ടത്തിലാണ് ഇത്തരമൊരു മാറ്റം മുംബൈ നടത്തിയത്. ഇതിനെ തെറ്റാണെന്ന് പറയാനാവില്ല. എന്തായാലും വരുന്ന മത്സരങ്ങളിലൂടെ ഹാര്‍ദിക്കിന് കൂടുതല്‍ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.