കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള ഐപിഎല്ലിലെ നിര്‍ണാക പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരൂ സൂപ്പര്‍ താരം വിരാട് കോലിയുടെ പുറത്താവല്‍ വന്‍ വിവാദത്തില്‍. റണ്‍ചേസില്‍ ഉജ്ജ്വലമായി ബാറ്റ് ചെയ്തു കൊണ്ടിരിക്കെയാണ് പേസര്‍ ഹര്‍ഷിത് റാണയെറിഞ്ഞ മൂന്നാമത്തെ ഓവറില്‍ കോലി പുറത്തായത്. ഏഴു ബോൡ രണ്ടു ഫോറും ഒരു സിക്‌സറുമടക്കം 18 റണ്‍സെടുത്ത അദ്ദേഹത്തെ പേസര്‍ ഹര്‍ഷിത് റാണ സ്വന്തം ബൗളിങില്‍ പിടികൂടുകയായിരുന്നു.
മൂന്നാം ഓവറിലെ ആദ്യ ബോളിലാണ് ആര്‍സിബിയെ ഞെട്ടിച്ച് കോലി വീണത്. അരക്കെട്ടിന്റെ ഉയരത്തില്‍ വന്ന ഒരു ഫുള്‍ടോസ് ബോളിനെ ബാറ്റ് കൊണ്ട് ബ്ലോക്ക് ചെയ്യാനാണ് ശ്രമിച്ചത്. പക്ഷെ ബാറ്റില്‍ തട്ടിയുയര്‍ന്ന ബോള്‍ നേരെ ഹര്‍ഷിതിന്റെ കൈകളിലെത്തുകയായിരുന്നു. തുടര്‍ന്നു അംപയര്‍ ഔട്ട് വിധിച്ചതോടെ കോലി റിവ്യു എടുക്കുകയായിരുന്നു. റീപ്ലേകള്‍ പരിശോധിച്ച തേര്‍ഡ് അംപയറും ഈ തീരുമാനം തന്നെ ശരിവയ്ക്കുകയായിരുന്നു.

ക്രീസിനു അല്‍പ്പം പുറത്തേക്കിറങ്ങിയാണ് കോലി സ്‌ട്രൈക്ക് നേരിട്ടതെന്നു റീപ്ലേയില്‍ കാണാം. മാത്രമല്ല ബോള്‍ കൈയില്‍ നിന്നും റിലീസ് ചെയ്ത ശേഷം മുകളില്‍ താഴേക്കാണ് വരുന്നതെന്നും ഇതില്‍ നിന്നും വ്യക്തമാണ്. കോലിയുടെ അരക്കെട്ടിനു നേരെയാണ് ഈ ബോള്‍ വരികയും ചെയ്തത്. ഈ കാരത്താല്‍ തന്നെയാണ് തേര്‍ഡ് അംപയറും കോലിക്കെതിരേ തീരുമാനം പ്രഖ്യാപിച്ചത്.
തേര്‍ഡ് അംപയറുടെ തീരുമാനം അദ്ദേഹത്തെ ശരിക്കും ഞെട്ടിക്കുക തന്നെ ചെയ്തു. രോഷത്തോടെ ക്രീസ് വിടവെ പെട്ടെന്നു അംപയര്‍മാരുടെ അരികിലേക്കു വന്ന കോലി അവരോടു രോഷം പ്രകടിപ്പിക്കുകുയും വാദിക്കുകയും ചെയ്യുന്നതു കാണാമായിരുന്നു. നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലുണ്ടായിരുന്ന ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയും ഈ തീരുമാനത്തില്‍ തൃപ്തനായിരുന്നില്ല.
കോലി പുറത്തായി മടങ്ങുമ്പോള്‍ അംപയറോടു ഡുപ്ലെസി പുറത്താവലിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ഭാഗത്തു നിന്നും സമ്മിശ്ര പ്രതികരണമാണ് കോലിയുടെ പുറത്താവലിനെക്കുറിച്ച് വന്നു കൊണ്ടിരിക്കുന്നത്. ഒരു വിഭാഗം ആരാധകര്‍ കോലി ശരിക്കും ഔട്ട് തന്നെയാണെന്നു അഭിപ്രായപ്പെടുമ്പോള്‍ അതു ഔട്ടല്ലെന്നാണ് മറ്റൊരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.

തേര്‍ഡ് അംപയറുടെ തീരുമാനം ഒട്ടും ശരിയല്ല. അതു നോട്ടൗട്ട് തന്നെയാണ്. വ്യത്യസ്ത ആംഗിളില്‍ നിന്നും നോക്കിയാല്‍ ബോള്‍ വിരാട് കോലിയുടെ നെഞ്ചിനു നേരെയാണ് വരുന്നതെന്നു വ്യക്തമായി കാണാം. ഉറപ്പായും നോ ബോളും ഫ്രീഹിറ്റും വിധിക്കേണ്ട ബോളാണിത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സംശയത്തിന്റെ ആനുകൂല്യം ലഭിക്കേണ്ടതും ബാറ്റര്‍ക്കാണ്. പക്ഷെ തേര്‍ഡ് അംപയര്‍ കോലിക്കെതിരേയാണ് തീരുനാനം പ്രഖ്യാപിച്ചതെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.
ഇതെങ്ങനെ നോ ബോള്‍ ആവാതിരിക്കും? വിരാട് കോലിയുടെ പൊസിഷന്‍ നോക്കൂ. ഈ സീസണിലെ ഐപിഎല്ലില്‍ അംപയറിങ് വലിയ ദുരന്തമായി മാറിയിരിക്കുകയാണ്. അതു നോ ബോള്‍ തന്നെയാണെന്നു അംപയര്‍മാര്‍ പോലും പറയുന്നുണ്ടായിരുന്നു. പക്ഷെ തേര്‍ഡ് അംപയര്‍ വളരെ മോശം തീരുമാനമാണ് സ്വീകരിച്ചത്. ഇതില്‍ കോലി അരിശം പ്രകടിപ്പിച്ചതില്‍ യാതൊരു തെറ്റുമില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
വിരാട് കോലി ഔട്ട് തന്നെയാണ്. തേര്‍ഡ് അംപയറുടെ തീരുമാനം വളരെ കൃത്യം തന്നെ. ക്രീസിനു പുറത്തു നിന്നാണ് കോലി സ്‌ട്രൈക്ക് നേരിട്ടത്. മാത്രമല്ല ബോളിന്റെ ഇംപാക്ട് നോക്കിയാല്‍ അതു അരക്കെട്ടിനു താഴേക്കാണ് വരുന്നതെന്നും വ്യക്തമായി കാണാമെന്നും ആരാധകര്‍ പറയുന്നു.