അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന കളിക്കിടെയുള്ള ചില ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുന്നത്. ഗാലറിയിരുന്ന് മല്‍സരം ആസ്വദിക്കുന്ന സുന്ദരിയായ ഒരു യുവതിയെ ജിടി നായകന്‍ ശുഭ്മന്‍ ഗില്‍ ആശ്ചര്യത്തോടെ നോക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. ഈ യുവതി ആരാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഉന്നയിക്കുന്ന ചോദ്യം. പ്രമുഖ സ്പാനിഷ് നടി അനാ ഡി അര്‍മാസുമായുള്ള രൂപസാദൃശ്യമാണ് ഈ യുവതിയെ സ്റ്റാറാക്കിയത്. ഇതു അന തന്നെയാണോയെന്ന സംശയവും ആരോധകര്‍ ഉന്നയിക്കുന്നു.
അഹമ്മാദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഗില്ലിന്റെ ജിടിയും റിഷഭ് പന്ത് നയിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സും കൊമ്പുകോര്‍ത്തത്. കളിയില്‍ ജിടി വന്‍ ബാറ്റിങ് തകര്‍ച്ച നേരിടവെയായിരുന്നു മോഡേണ്‍ ലുക്കില്‍ ഗാലറിയിലിരുന്ന കൈയടിക്കുന്ന യുവതിയിലേക്കു ക്യാമറക്കണ്ണുകളെത്തിയത്. ഇതു സ്റ്റേഡിയത്തിലെ സ്‌ക്രീനില്‍ കണ്ട ശേഷമായിരുന്നു ഡഗൗട്ടില്‍ ഇരിക്കുകയായിരുന്ന ഗില്‍ ആശ്ചര്യത്തോടെ നോക്കുകയും ചിരിക്കുകയും ചെയ്തത്.

ഗില്ലിന്റെ ഈ പ്രതികരണത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചില രസകരമായ കമന്റുകളും വന്നിട്ടുണ്ട്. ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറയുമായി പേര് ചേര്‍ത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന താരം കൂടിയാണ് ഗില്‍. ഈ കാരണത്താല്‍ തന്നെ സാറയ്ക്കു ആരാധകര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന വീഡിയോ കാണാം
സാറയൊന്നു സൂക്ഷിച്ചോ, ശുഭ്മന്‍ ഗില്‍ അത്ര നല്ല പുള്ളിയല്ല. സുന്ദരിയായ ഒരു യുവതിയെ കണ്ടപ്പോഴുള്ള പ്രതികരണം കണ്ടില്ലേയെന്നായിരുന്നു ചില കമന്റുകള്‍. എന്നാല്‍ ശുഭ്മന്‍ ഗില്‍ യഥാര്‍ഥത്തില്‍ നോക്കിയത് ഈ യുവതിയെ അല്ലെന്നും ടീമംഗമായ റാഷിദ് ഖാന്റെ വമ്പന്‍ സിക്‌സര്‍ കണ്ടപ്പോഴുള്ള ആശ്ചര്യമാണ് ഇതെന്നും മറ്റു ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, ഗില്ലിനെയും ജിടിയെയും സംബന്ധിച്ച് ഐപിഎല്ലില്‍ ഇത്തവണ മറക്കാനാഗ്രഹിക്കുന്ന മല്‍സരങ്ങളിലൊന്നായിരുന്നു കഴിഞ്ഞ ദിവസത്തേത്. കാരണം പൊരുതാന്‍ പോലുമാവാതെ തികച്ചും ഏകപക്ഷീയമായ പരാജയമാണ് മല്‍സരത്തില്‍ ജിടിക്കു നേരിട്ടത്. വെറും ഒമ്പതു ഓവറില്‍ ആറു വിക്കറ്റിനു ജിടിയെ ഡിസി വാരിക്കളയുകയായിരുന്നു. ബൗളിങ് നിരയുടെ ഗംഭീര പ്രകടനമാണ് റിഷഭിനും സംഘത്തിലും ഇത്രയും മികച്ചൊരു വിജയം സമ്മാനിച്ചത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഡിസി ആറാംസ്ഥാനത്തേക്കും മുന്നേറിയിരിക്കുകയാണ്.
ടോസ് നഷ്ടപ്പെട്ട് ഹോംഗ്രൗണ്ടില്‍ ബാറ്റിങിനു അയക്കപ്പെട്ട ജിടി ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിയുകയായിരുന്നു. 17.3 ഓവറില്‍ വെറും 89 റണ്‍സിനാണ് അവര്‍ കൂടാരം കയറിയത്. ഈ സീസണിലെ ഏറ്റവും ചെറിയ ടീം ടോട്ടലും കൂടിയാണിത്. വാലറ്റത്ത് റാഷിദ് ഖാന്റെ (31) ഒറ്റയാള്‍ പോരാട്ടം കൂടി ഇല്ലായിരുന്നെങ്കില്‍ ജിടി കൂടുതല്‍ നാണംകെട്ടേനെ. 24 ബോളില്‍ രണ്ടു ഫോറും ഒരു സിക്‌സറുമടക്കമാണ് റാഷിദ് ടീമിന്റെ ടോപ്‌സ്‌കോററാായത്.
റാഷിദിനെ മാറ്റിര്‍ത്തിയാല്‍ ജിടി ബാറ്റിങ് ലൈനപ്പില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍ സായ് സുദര്‍ശന്‍ (12), രാഹുല്‍ തെവാത്തിയ (10) എന്നിവര്‍ മാത്രമാണ്. വൃധിമാന്‍ സാഹ (2), ഗില്‍ (8), ഡേവിഡ് മില്ലര്‍ (2), അഭിനവ് മനോഹര്‍ (8), ഷാരൂഖ് ഖാന്‍ (0), മോഹിത് ശര്‍മ (0), നൂര്‍ അഹമ്മദ് (1), സ്‌പെന്‍സര്‍ ജോണ്‍സന്‍ (1*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. മൂന്നു വിക്കറ്റുകളെടുത്ത പേസര്‍ മുകേഷ് കുമാറാണ് ജിടിയുടെ കഥ കഴിച്ചത്. ഇഷാന്ത് ശര്‍മയും ട്രിസ്റ്റണ്‍ സ്റ്റബ്‌സും രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി. മറുപടിയില്‍ ഡിസി അനായാസം വിജയത്തിലെത്തുകയും ചെയ്തു.