ജയ്പൂര്‍: റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള ഐപിഎല്ലിലെ കഴിഞ്ഞ മല്‍സരത്തില്‍ രാജസ്ഥാന്‍ റോല്‍സിന്റെ ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണിന്റെ പുറത്താവല്‍ വിവാദമാവുന്നു. കളിയില്‍ തകര്‍പ്പന്‍ ഫിഫ്റ്റി കുറിച്ചാണ് അദ്ദേഹം പുറത്തായത്. 42 ബോളില്‍ നിന്നും എട്ടു ഫോറും രണ്ടു സിക്‌സറുമടക്കം 69 റണ്‍സാണ് സഞ്ജു സ്‌കോര്‍ ചെയ്തത്. മുഹമ്മദ് സിറാജിന്റെ ബൗളിങില്‍ ബൗണ്ടറി ലൈനിനു തൊട്ടരികെ യഷ് ദയാലാണ് അദ്ദേഹത്തെ പിടികൂടിയത്.
പക്ഷെ ഈ പുറത്താവലില്‍ ദുരൂഹതകളുണ്ടെന്നാണ് ചില ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. യഥാര്‍ഥത്തില്‍ സഞ്ജു ഔട്ടായിരുന്നില്ലെന്നും ചില സംശയങ്ങള്‍ ഇക്കാര്യത്തിലുണ്ടെന്നുമാണ് അവരുടെ വാദം. സിറാജെറിഞ്ഞ 15ാമത്തെ ഓവറിലായിരുന്നു സഞ്ജു മടങ്ങിയത്. ഓവറിലെ നാലാമത്തെ ബോളിലായിരുന്നു ഇത്.

സഞ്ജുവിന്റെ ദേഹത്തേക്കു ഒരു ഷോര്‍ട്ട് ബോളാണ് സിറാജ് പരീക്ഷിച്ചത്. അദ്ദേഹം ഒരു പുള്‍ ഷോട്ടിലൂടെ സിക്‌സറിനു ശ്രമിക്കുകയും ചെയ്തു. പക്ഷെ പ്രതീക്ഷിച്ചതു പോലെ ബോള്‍ കണക്ടായില്ല. വായുവിലുയര്‍ന്ന ബോള്‍ ഡീപ്പ് ബാക്ക് വേര്‍ഡ് സ്‌ക്വയര്‍ ലെഗില്‍ ബൗണ്ടറി ലൈനിനു തൊട്ടരികെ ഫീല്‍ഡ് ചെയ്ത യഷ് ദയാലിനു നേരെയാണ് വന്നത്. അദ്ദേഹം അതു കൈയ്ക്കുള്ളിലാക്കുകയും ചെയ്തു. ഇതാണ് വിവാദമായിരിക്കുന്നത്.
ഈ ക്യാച്ചെടുക്കുമ്പോള്‍ ദയാലിന്റെ കാല്‍ അല്‍പ്പം പിറകിലേക്കു നീങ്ങുകയും ബൗണ്ടറി ലൈനില്‍ ടച്ച് ചെയ്തിട്ടുമുണ്ടെന്ന സംശയമാണ് ഇവര്‍ ഉന്നയിക്കുന്നത്. ഈ ക്യാച്ചിന്റെ വശങ്ങളില്‍ നിന്നുള്ള റീപ്ലേകളൊന്നും മല്‍സരത്തിനിടെ കാണിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ക്യാച്ച് സംശയാസ്പദമാണെന്നും റോയല്‍സ് ടീം റിവ്യു എടുക്കേണ്ടിയിരുന്നുവെന്നുമാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. വളരെ ക്ലോസായിട്ടുള്ള ഒരു ക്യാച്ചിരുന്നിട്ടും എന്തുകൊണ്ടാണ് ഫീല്‍ഡ് അംപയര്‍ ഇതേക്കുറിച്ച് തേര്‍ഡ് അംപയറുടെ അഭിപ്രായം തേടാതിരുന്നതെന്നും ആരാധകര്‍ ചോദിക്കുന്നു.
മികച്ച ഫോമില്‍ ബാറ്റ് ചെയ്തു കൊണ്ടിരുന്ന സഞ്ജു ക്രീസില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഉറപ്പായും സെഞ്ച്വറി നേടുമായിരുന്നു. അതു നിഷേധിക്കാനാണ് ഇത്തരമൊരു ഗൂഢാലോചന നടന്നിട്ടുള്ളത്. സെഞ്ച്വറി നേടിയാല്‍ വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്താന്‍ ഇന്ത്യ നിര്‍ബന്ധിതരാവും.
പക്ഷെ ബിസിസിഐയ്ക്കു താല്‍പ്പര്യം റിഷഭ് പന്ത്, കെഎല്‍ രാഹുല്‍ എന്നിവരോടാണ്. ഈ രണ്ടു പേരെയും എങ്ങനെയെങ്കിലും ലോകകപ്പ് ടീമിലേക്കു കൊണ്ടുവരാന്‍ അവര്‍ എന്തു കള്ളത്തരവും കാണിക്കും. അതുകൊണ്ടു തന്നെ ബിസിസിഐയുടെ കൂടി ഒത്താശയോടെ നടന്നതാണോ സഞ്ജുവിന്റെ പുറത്താവലെന്നു സംശയിക്കേണ്ടിയിരിക്കുന്നതായും ആരാധകര്‍ ആരോപിക്കുന്നു.
ആറു വിക്കറ്റ് കീപ്പര്‍മാരാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു ഇപ്പോള്‍ മല്‍സരരംഗത്തുള്ളത്. സഞ്ജുവിനെക്കൂടാതെ പരിക്കില്‍ നിന്നും മുക്തനായി ഐപിഎല്ലിലൂടെ തിരിച്ചെത്തിയ റിഷഭ്, രാഹുല്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ, ധ്രുവ് ജുറേല്‍ എന്നിവരും ലോകകപ്പില്‍ സ്ഥാനം മോഹിക്കുന്നവരാണ്.

ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഈ മാസം ലോകകപ്പ് സ്‌ക്വാഡിനെ തിരഞ്ഞെടുക്കുക. ഐപിഎല്ലില്‍ ഇതുവരെയുള്ള മല്‍സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ സഞ്ജുവാണ് മുന്നിട്ടുനില്‍ക്കുന്നത്.
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ മാത്രമല്ല ടൂര്‍ണമെന്റിലെ ആകെ വിക്കറ്റ് കീപ്പര്‍മാരെയെടുത്താലും ഏറ്റവുമധികം റണ്‍സ് നേടിയത് സഞ്ജുവാണ്. നാലു മല്‍സരങ്ങളില്‍ നിന്നും 59 ശരാശരിയില്‍ 150 സ്‌ട്രൈക്ക് റേറ്റോടെ 178 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും.
152 റണ്‍സുമായി റിഷഭിനാണ് രണ്ടാംസ്ഥാനം. രണ്ടു ഫിഫ്റ്റികളുള്‍പ്പെടെ 38 ശരാശരിയില്‍ 158 സ്‌ട്രൈക്ക് റേറ്റോടെയാണിത്. രാഹുലിനു മൂന്നാംസ്ഥാനം മാത്രമേയുള്ളൂ. അദ്ദേഹത്തിന്റെ സമ്പാദ്യം മൂന്നു കളിയില്‍ നിന്നും 93 റണ്‍സ് മാത്രമാണ്.