മുംബൈ ഇന്ത്യന്‍സിനു അഞ്ചു ഐപിഎല്‍ ട്രോഫികള്‍ സമ്മാനിച്ച ക്യാപ്റ്റനായ രോഹിത് ശര്‍മയെ നായകസ്ഥാനത്തും തികച്ചും അപ്രതീക്ഷിതമായി നീക്കിയതില്‍ ആരാധകരുടെ രോഷം ഇപ്പോഴും ശമിച്ചിട്ടില്ല. രോഹിത്തിനു പകരം മുംബൈ ടീമിന്റെ പുതിയ നായകനായി മാറിയ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെയാണ് എല്ലാവരും പഴിക്കുന്നത്. രോഹിത്തിനെ മാറ്റാനുള്ള പ്രധാന കാരണം ഹാര്‍ദിക്കാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.
എന്നാല്‍ ഹാര്‍ദിക്കിനെ മാത്രം വില്ലനാക്കാന്‍ വരട്ടെ. ഇതിനു പിന്നില്‍ യഥാര്‍ഥത്തില്‍ ചരടുവലിച്ചത് മറ്റൊരാളാണെന്നാണ് സൂചനകള്‍. അത് മറ്റാരുമല്ല മുംബൈ ടീമിന്റെ മുഖ്യ ഉപദേശകനും ബാറ്റിങ് ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. സച്ചിന്‍ എന്തു കൊണ്ട് ഇങ്ങനെയൊരു നീക്കം നടത്തിയെന്നും രോഹിത്തിനോടു എന്തിനാണ് വൈരാഗ്യമെന്നും പലര്‍ക്കും സംശയമുണ്ടാവും.

മുംബൈ ടീമിലെ ക്യാപ്റ്റന്‍സി മാറ്റത്തിനു പിന്നില്‍ എന്തുകൊണ്ട് സച്ചിനെ സംശയിക്കണം എന്നതിന്റെ കാരണങ്ങള്‍ നമുക്കു പരിശോധിക്കാം. മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിനു മുംബൈയുടെ പ്ലെയിങ് ഇലവനില്‍ മതിയായ അവസരം നല്‍കാത്തതിന്റെ പേരില്‍ രോഹിത്തുമായി സച്ചിന്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നല്ല രസത്തിലല്ലെന്നാണ് വിവരം.
2021 മുതല്‍ മുംബൈ ടീമിന്റെ ഭാഗമാണ് അര്‍ജുന്‍. പക്ഷെ തുടരെ രണ്ടു സീസണുകളില്‍ അദ്ദേഹത്തിനു രോഹിത് അവസരം നല്‍കിയില്ല. 2022ല്‍ അര്‍ജുനെ ഒരു മല്‍സരത്തില്‍പ്പോലും പരീക്ഷിക്കാത്തതിന്റെ പേരില്‍ രോഹിത്തിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടിയും വന്നിരുന്നു. കഴിഞ്ഞ സീസണില്‍ മുംബൈയ്ക്കായി അര്‍ജുന്‍ അരങ്ങേറിയെങ്കിലും രണ്ടു മല്‍സരങ്ങള്‍ക്കു ശേഷം ടീമില്‍ നിന്നൊഴിവാക്കപ്പെട്ടു.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി നില്‍ക്കുന്നയാളാണ് സച്ചിന്‍. പല മല്‍സരങ്ങളെക്കുറിച്ചും താരങ്ങളുടെ വ്യക്തിഗത നേട്ടങ്ങളെക്കുറിച്ചുമെല്ലാം പ്രശംസിച്ചു കൊണ്ട് അദ്ദേഹം പോസ്റ്റുകള്‍ ഇടാറുമുണ്ട്. പക്ഷെ രോഹിത്തിനെക്കുറിച്ച് സച്ചിന്റെ ഒരു പോസ്റ്റ് പോലും നമുക്കു കുറച്ചു കാലമായി എടുത്തു കാണിക്കാന്‍ സാധിക്കില്ല.
ബംഗ്ലാദേശിനെതിരേ വിരല്‍ പൊട്ടിയിട്ടും വകവയ്ക്കാതെ രോഹിത് പുറത്താവാതെ 51 റണ്‍സ് നേടിയപ്പോഴും ലോകകപ്പില്‍ പാകിസ്താനെതിരേ 86 റണ്‍സ് കുറിച്ചപ്പോഴുമൊന്നും സച്ചിന്റെ ഒരു പോസ്റ്റ് പോലുമില്ലായിരുന്നു. വിരാട് കോലി, ശുഭ്മന്‍ ഗില്‍ എന്നിവരുടെ നേട്ടങ്ങളെ സോഷ്യല്‍ മീഡിയയില്‍ അഭിനന്ദിക്കാറുള്ള സച്ചിന്‍ പക്ഷെ രോഹിത്തിന്റെ കാര്യത്തില്‍ മാത്രം മൗനം പാലിക്കുകയാണ്.
അവസാനമായി രോഹിത്തിനെക്കുറിച്ച് സച്ചിന്‍ സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റിട്ടത് 2022 ഏപ്രില്‍ 30നാണ്. രോഹിത് നന്നായി പെര്‍ഫോം ചെയ്യുമ്പോഴെല്ലാം തനിച്ച് അദ്ദേഹത്തെ പ്രശംസിക്കാതെ ടീമിലെ മറ്റാരുടെയെങ്കിലും പേര് കൂടി ചേര്‍ത്താണ് സച്ചിന്‍ പോസ്റ്റിടാറുള്ളത്.

ഇന്ത്യന്‍ താരങ്ങളായ സുരേഷ് റെയ്‌ന, യൂസുഫ് പഠാന്‍, വിരാട് കോലി, ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ഹര്‍ഭജന്‍ സിങ്, രവീന്ദ്ര ജഡേജ എന്നിവരുടെയെല്ലാം പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം ആശംസകള്‍ നേരാറുണ്ട്. പക്ഷെ ഒരിക്കല്‍പ്പോലും രോഹിത്തിനു ഈ തരത്തില്‍ സച്ചിന്റെ പിറന്നാള്‍ ആശംസ ലഭിച്ചിട്ടില്ല.
ഇതുകൊണ്ടും തീരുന്നില്ല, സോഷ്യല്‍ മീഡിയില്‍ രോഹിത്തിനെ അര്‍ജുന്‍ ഫോളോ പോലും ചെയ്യുന്നില്ലെന്നതും ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. ഹാര്‍ദിക്, ഇഷാന്‍ തുടങ്ങി മുംബൈ ടീമിലെ ഏറെക്കുറെ മുഴുവന്‍ കളിക്കാരെയും അര്‍ജുന്‍ ഫോളോ ചെയ്യുന്നുണ്ട്. കൂടാതെ നിരവധി ഇന്ത്യന്‍ താരങ്ങളെയും താരം ഫോളോ ചെയ്യുന്നു.
പക്ഷെ രോഹിത് മാത്രം ഈ ലിസ്റ്റില്‍ ഇല്ലെന്നു കാണാം. ഈ കാര്യങ്ങളെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ രോഹിത്തും സച്ചിനും തമ്മില്‍ തീര്‍ച്ചയായും പടലപ്പിണക്കങ്ങളുണ്ടെന്നു നമുക്കു ബോധ്യമാവും. അതുകൊണ്ടു തന്നെ മുംബൈ ടീം ഉപദേശകനെന്ന നിലയില്‍ രോഹിത്തിനെ മാറ്റുന്നതിലും സച്ചിന്‍ ചരടു വലിച്ചിട്ടുണ്ടാവുമെന്ന കാര്യം ഉറപ്പുമാണ്.