ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ഏറ്റവും കൂടുതല്‍ കൈയടി നേടുന്ന താരങ്ങളിലൊരാള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ റിയാന്‍ പരാഗാണ്. അവസാന സീസണ്‍വരെ ട്രോളുകള്‍ ഏറ്റുവാങ്ങി എല്ലാവരും അപമാനിക്കുകയും പരിഹസിക്കുകയും ചെയ്ത താരമാണ് റിയാന്‍ പരാഗ്. എന്നാല്‍ ഇത്തവണത്തെ സീസണ്‍ പുരോഗമിക്കവെ ഏറ്റവും കൈയടി നേടുന്നത് പരാഗാണ്. അഞ്ച് മത്സരത്തില്‍ നിന്ന് 261 റണ്‍സാണ് പരാഗ് അടിച്ചെടുത്തത്.
158ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്ന പരാഗ് 3 അര്‍ധ സെഞ്ച്വറികള്‍ ഇതിനോടകം നേടിയിട്ടുണ്ട്. 17 വീതം സിക്‌സും ഫോറും പറത്താനും അദ്ദേഹത്തിനായി. നിലവില്‍ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് പരാഗുള്ളത്. വരാനിരിക്കുന്ന ടി20 ലോകകപ്പിലേക്ക് സര്‍പ്രൈസായി പരാഗ് വരവറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവര്‍ ഏറെയാണ്. ഇതുവരെ ഇന്ത്യക്കായി അരങ്ങേറ്റം നടത്താന്‍ പരാഗിനായിട്ടില്ല. എന്നാല്‍ സമീപകാലത്തായി ആഭ്യന്തര ക്രിക്കറ്റില്‍ താരം മിന്നുന്നു.
കൂടാതെ 17ാം സീസണിലും മിന്നല്‍ പ്രകടനം നടത്തുന്നതോടെ പരാഗ് വൈകാതെ ഇന്ത്യന്‍ ടീമിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നവരേറെയാണ്. ഇപ്പോഴിതാ പരാഗ് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ യോഗ്യനാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ടീം ഡയടറക്ടറായ കുമാര്‍ സംഗക്കാര. 'അവന്റെ പ്രതിഭ എന്താണെന്ന് എല്ലാവരും കണ്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അവന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്രകടനത്തിലേക്കാണ് പൂര്‍ണ്ണമായും ശ്രദ്ധ നല്‍കുന്നത്.
മറ്റെല്ലാം അതിന് ശേഷം മാത്രമാണ്. എന്നാല്‍ അവന്‍ ചിന്തിക്കുന്നതിലും അപ്പുറത്തേക്കാണ് കാര്യങ്ങളുള്ളത്. കഠിനമായി പ്രയത്‌നിക്കുന്ന താരമാണവന്‍. ഇപ്പോള്‍ നന്നായി ബാറ്റു ചെയ്യുന്നുണ്ട്. ഇതേ പ്രകടനം തുടര്‍ന്നാല്‍ വൈകാതെ നല്ല കാര്യങ്ങള്‍ സംഭവിക്കും' സംഗക്കാര പറഞ്ഞു. ഇന്ത്യന്‍ ടീമിനായി കളിക്കാന്‍ പരാഗ് യോഗ്യനായിക്കഴിഞ്ഞുവെന്നാണ് സംഗക്കാര പറയുന്നത്. അധികം വൈകാതെ തന്നെ പരാഗിനെ ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിക്കാം.

22കാരനായ താരത്തെ ടി20 ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത കുറവാണ്. അതിന് കാരണം മധ്യനിരയില്‍ കളിപ്പിക്കാന്‍ ഇന്ത്യക്ക് നിരവധി താരങ്ങളുണ്ട്. ഇതിനിടെയിലേക്ക് പരാഗിനെ പരിഗണിക്കുകയെന്നത് അത്ര എളുപ്പമാവില്ല. എന്നാല്‍ അധികം വൈകാതെ പരാഗിന് ദേശീയ ടീമിലേക്ക് വിളിയെത്തിയേക്കും. ടി20 ലോകകപ്പിന് ശേഷം സിംബാബ്‌വെക്കെതിരേ ഇന്ത്യയുടെ ടി20 പരമ്പര വരാനിരിക്കുന്നുണ്ട്. ഇതില്‍ പരാഗിന് വിളിയെത്താനാണ് സാധ്യത.
നിലവില്‍ രാജസ്ഥാന്റെ മധ്യനിരയില്‍ അതി ഗംഭീര പ്രകടനം നടത്താന്‍ പരാഗിന് സാധിക്കുന്നുണ്ട്. പരാഗിന്റെ വളര്‍ച്ചയില്‍ രാജസ്ഥാന്‍ ടീം മാനേജ്‌മെന്റാണ് അഭിനന്ദനം അര്‍ഹിക്കുന്നത്. പരാഗിന്റെ മോശം സമയത്തും ടീം അദ്ദേഹത്തിന് വലിയ പിന്തുണ നല്‍കി. പരാഗിനെ പുറത്താക്കണമെന്നുള്ള വിമര്‍ശനം സ്വന്തം ആരാധകരടക്കം ഉന്നയിച്ചിട്ടും രാജസ്ഥാന്‍ പരാഗിന്റെ മികവിനെ പിന്തുണച്ചു. ഇതിന്റെ ഫലമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.
പരാഗിനെ ബൗളറെന്ന നിലയിലും ഉപയോഗിക്കാം. ഭയമില്ലാതെ കടന്നാക്രമിക്കുന്ന ബാറ്റ്‌സ്മാനാണ് പരാഗ്. സഞ്ജു സാംസണെക്കാളും ഒരുപടി മുന്നില്‍ നില്‍ക്കുന്ന പ്രകടനമാണ് പരാഗ് 17ാം സീസണില്‍ കാഴ്ചവെക്കുന്നത്. നാലാം നമ്പറിലേക്ക് പരാഗിന് പ്രൊമോഷന്‍ നല്‍കാനുള്ള സഞ്ജുവിന്റേയും സംഗക്കാരയുടേയും തീരുമാനം തെറ്റായില്ലെന്ന് പ്രകടനം കൊണ്ട് തെളിയിക്കാന്‍ പരാഗിന് സാധിക്കുന്നുണ്ട്. നിലവിലെ രാജസ്ഥാന്റെ കുതിപ്പിന്റെ എഞ്ചിന്‍ പരാഗാണെന്ന് പറയാം.
എന്നാല്‍ വരുന്ന മത്സരങ്ങളിലും ഇതേ മികവ് തുടരാന്‍ പരാഗിന് സാധിക്കേണ്ടതായുണ്ട്. അതിവേഗത്തില്‍ ബാറ്റുചെയ്യാന്‍ ധൈര്യം കാട്ടുന്ന പരാഗ് ഗംഭീര ഫീല്‍ഡര്‍ കൂടിയാണ്. ഭാവിയില്‍ രാജസ്ഥാന്റെ നായകനായും ഇന്ത്യന്‍ ടി20 ടീമിന്റെ അഭിവാജ്യ ഘടകമായും പരാഗ് വളര്‍ന്നുവരാന്‍ സാധ്യത കൂടുതലാണെന്ന് പറയാം.