IPL 2024: എന്തൊരു ടീമാണിത്? കപ്പടിക്കും! കെകെആറിനെ അപകടകാരിയാക്കുന്നതെന്ത്, ചൂണ്ടിക്കാട്ടി ഭാജി
ശ്രേയസ് അയ്യര്‍ക്കു കീഴില്‍ ഐപിഎല്ലില്‍ സ്വപ്‌നതുല്യമായ കുതിപ്പ് നടത്തുന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ഇത്തവണ പ്ലേഓഫില്‍ സ്ഥാനമുറപ്പിച്ച ആദ്യത്തെ ടീമായി കെകെആര്‍ മാറിയിരുന്നു. മാത്രമല്ല ക്വാളിഫയര്‍ വണ്ണില്‍ അവര്‍ സ്ഥാനവുമുറപ്പിച്ചിരുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് ഈ സീസണില്‍ കെകെആറിന്റെ പ്രകടനത്തെ ഭാജി പ്രശംസിച്ചത്.
ഈ സീസണിന്റെ ആദ്യപകുതി പിന്നിടുമ്പോള്‍ കിരീടസാധ്യതയില്‍ ഏറ്റവും മുന്നിലുണ്ടായിരുന്ന ടീം സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സായിരുന്നു. എന്നാല്‍ സീസണിന്റെ രണ്ടാംപകുതിയില്‍ പതറുകയാണ് റോയല്‍സ്. ഇനിയും പ്ലേഓഫില്‍ കടക്കാന്‍ അവര്‍ക്കായിട്ടില്ല. അവസാനം കളിച്ച മൂന്നു മല്‍സരങ്ങളിലും അവര്‍ തോല്‍ക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കെകെആറാണ് ഇപ്പോള്‍ ഏറ്റവുമധികം കിരീട സാധ്യതയുള്ള ടീമെന്നു ഹര്‍ഭജന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

കെകെആറും ഗുജറാത്ത് ടൈറ്റന്‍സും തമ്മില്‍ കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ നടന്ന കളി മഴയെ തുടര്‍ന്നു ഉപേക്ഷിച്ചിരുന്നു. ഇതോടെയാണ് സെമി ഫൈനലിനു തുല്യമായ ക്വാളിഫയര്‍ വണ്ണില്‍ കെകെആര്‍ സ്ഥാനവുമുറപ്പിച്ചത്. ഈ മല്‍സരശേഷം സംസാരിക്കവെയായിരുന്നു കൊല്‍ക്കത്തയുടെ കിരീടസാധ്യതകളെക്കുറിച്ച് ഹര്‍ഭജന്‍ വിശകലനം നടത്തിയത്.
ഇത്തവണ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വളരെ മികച്ച സാധ്യത തന്നെയാണുള്ളത്. കാരണം വളരെ മികച്ച ടീമാണ് അവരുടേത്. വളരെ സന്തുലിതമായ ടീം തന്നെയാണ് കൊല്‍ക്കത്തയുടേത്. എന്തെങ്കിലുമൊരു കുറവ് കെകെആറിനു ഉള്ളതായി എനിക്കു തോന്നിയിട്ടില്ല. ഓപ്പണിങ് സ്ലോട്ട്, മധ്യനിര, ഫാസ്റ്റ്, സ്പിന്‍ ബൗളിങ് തുടങ്ങി എല്ലാം വളരെ മികച്ചത് തന്നെ. ഒരു മികച്ച ടീമിനുള്ള എല്ലാ ഓപ്ഷനുകളും കെകെആറിനുണ്ട്. അതുകൊണ്ടു തന്നെയാണ് പോയിന്റ് പട്ടികയില്‍ അവര്‍ തലപ്പത്തുള്ളതെന്നും ഹര്‍ഭജന്‍ നിരീക്ഷിച്ചു.
ഈ സീസണില്‍ കിരീടസാധ്യതയില്‍ ഏറ്റവും മുന്നിലുള്ള ടീം അവരാണെന്നു ഞാന്‍ കരുതുന്നു. കാരണം ഒരുപാട് മാച്ച് വിന്നര്‍മാര്‍ അവര്‍ക്കുണ്ട്. എതിര്‍ ടീമിനു വളരെ മികച്ചൊരു ദിവസമാണെങ്കില്‍ മാത്രമേ കെകെആറിനെ തോല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ. ഈ സീസണില്‍ അവരെ പരാജയപ്പെടുത്തുകയെന്നത് അല്‍പ്പം ബുദ്ധിമുട്ടായിരിക്കുമെന്നു എനിക്കു തോന്നുന്നു. അത്രയും ഗംഭീരമായ ക്രിക്കറ്റാണ് കെകെആര്‍ കാഴ്ചവച്ചു കൊണ്ടിരിക്കുന്നതെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

13 മല്‍സരങ്ങളില്‍ നിന്നു 19 പോയിന്റുമായിട്ടാണ് കെകെആര്‍ തലപ്പത്തുള്ളത്. ഒമ്പതു മല്‍സരങ്ങളില്‍ ജയിച്ച ശ്രേയസും സംഘവും വെറും മൂന്നെണ്ണത്തില്‍ മാത്രമേ തോറ്റിട്ടുള്ളൂ. ജിടിയുമായുള്ള അവസാന മല്‍സരം ഫലമില്ലാതെ ഉപേക്ഷിക്കുകയും ചെയ്തു. ഇത്തവണ കെകെആറിനെ പരാജയപ്പെടുത്തിയിട്ടുള്ള ടീമുകള്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്‌സ് എന്നിവരാണ്.
അതേസമയം, കഴിഞ്ഞ രണ്ടു സീസണുകളിലും സ്ഥിരതയില്ലാത്ത പ്രകടനങ്ങള്‍ നടത്തിയ ശേഷം ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്തിയ കെകെആര്‍ ടീമിനെ അഭിനന്ദിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റര്‍ മുഹമ്മദ് കൈഫ്. ക്വാളിഫയര്‍ വണ്ണില്‍ കെകെആര്‍ എത്തിനില്‍ക്കുമ്പോള്‍ ഫില്‍ സാള്‍ട്ട് അവര്‍ക്കൊപ്പം കാണില്ല. ഒരു പുതിയ താരമായിരിക്കും പകരം കളിക്കാന്‍ പോവുന്നത്.
അതുകൊണ്ടു തന്നെ അന്തരീക്ഷം അല്‍പ്പം വ്യത്യസ്തമായിരിക്കും. എങ്കിലും ഇതുവരെ അവര്‍ കളിച്ചുകൊണ്ടിരിക്കുന്ന രീതി പരിഗണിക്കുമ്പോള്‍ കെകെആര്‍ ഹാപ്പിയായിരിക്കും. എല്ലാ താരങ്ങളും ഫോമിലാണ്. ഇത്തരമൊരു തിരിച്ചുവരവ് നമ്മള്‍ അധികം കാണാറില്ലെന്നും കൈഫ് നിരീക്ഷിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications