ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിലേക്കു ക്യാപ്റ്റനായുള്ള മടങ്ങിവരവില്‍ ശരിക്കും എയറിലായിരിക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യ. കളിക്കളത്തിനു പുറത്ത് ആരാധകരുടെ ഭാഗത്തു നിന്നും വലിയ പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണ് അദ്ദേഹം നേരിട്ടുകൊണ്ടിരിക്കുന്നത്. അവര്‍ മാത്രമല്ല മുന്‍ താരങ്ങളും ഹാര്‍ദിക്കിനെതിരേ തുറന്നടിച്ചിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ ഖാന്‍.
ജിടിയുമായുള്ള മല്‍സരത്തില്‍ ഹാര്‍ദിക്കിനു രണ്ടു പിഴവുകള്‍ സംഭവിച്ചുവെന്നാണ് ഇര്‍ഫാന്റെ വിലയിരുത്തല്‍. റണ്‍ചേസില്‍ ബാറ്റിങില്‍ നേരത്തേ ക്രീസിലേക്കു വരാതിരുന്ന ഹാര്‍ദിക്കിന്റെ തീരുമാനത്തെ അദ്ദേഹം ചോദ്യം ചെയ്തു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ശുഭ്മന്‍ ഗില്‍ നയിച്ച ജിടി ആറു റണ്‍സിനാണ് മുംബൈയെ വീഴ്ത്തിയത്. ക്യാപ്റ്റന്‍സിയില്‍ മാത്രമല്ല ബാറ്റിങ്, ബൗളിങ് എന്നിവയിലും ഹാര്‍ദിക് ഫ്‌ളോപ്പായി മാറി.

ബൗളിങില്‍ മൂന്നോവറുകളാണ് അദ്ദേഹം ബൗള്‍ ചെയ്തത്. 10 ഇക്കോണമി റേറ്റില്‍ 30 റണ്‍സ് വിട്ടുകൊടുത്ത ഹാര്‍ദിക്കിനു വിക്കറ്റൊന്നും ലഭിച്ചില്ല. പിന്നീട് ബാറ്റിങില്‍ ഏഴാം നമ്പറിലാണ് അദ്ദേഹം കളിച്ചത്. നാലു ബോളില്‍ ഓരോ ഫോറും സിക്‌സറും വീതം 11 റണ്‍സ് നേടി പുറത്താവുകയും ചെയ്തു.
പവര്‍പ്ലേയില്‍ രണ്ടോവറുകള്‍ ബൗള്‍ ചെയ്തുവെന്നതാണ് ഹാര്‍ദിക് വരുത്തിയ ആദ്യത്തെ അബദ്ധമെന്നു ഇര്‍ഫാന്‍ പറയുന്നു. പവര്‍പ്ലേയില്‍ ബൗള്‍ ചെയ്യാനെത്തിയപ്പോള്‍ ഹാര്‍ദിക് സ്വയം രണ്ടോവറുകള്‍ ബൗള്‍ ചെയ്തുവെന്നതാണ് ആദ്യത്തെ പിഴവ്. രണ്ടാമത്തെ അബദ്ധം ബാറ്റിങില്‍ തന്നേക്കാള്‍ നേരത്തേ ടിം ഡേവിഡിനെ ക്രീസിലേക്കു അയച്ചുവെന്നതാണ്.
റാഷിദ് ഖാന് അപ്പോള്‍ ഒരോവര്‍ മാത്രമേ ബൗളിങില്‍ ബാക്കിയുണ്ടായിരുന്നുള്ളൂ. റാഷിദിനെ നേരിടാന്‍ ഹാര്‍ദിക് ആഗ്രഹിച്ചിരുന്നില്ലെന്നാണ് എനിക്കു തോന്നുന്നത്. കുറച്ചു കാലമായി ക്രിക്കറ്റ് കളിച്ചിട്ടില്ല എന്നതാവാം ഇതിന്റെ കാരണം. ഇതു മാറ്റി നിര്‍ത്തിയാല്‍ ഹാര്‍ദിക്കിന്റെ ഈ തീരുമാനത്തിനു പിന്നില്‍ മറ്റൊരു ലോജിക്കും ഞാന്‍ കാണുന്നില്ല.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുപോലെയുള്ള ദുഷ്‌കരമായ സാഹചര്യങ്ങളില്‍ ഒരുപാട് കളിച്ചിട്ടുള്ളയാളാണ് ഹാര്‍ദിക്. എന്നിട്ടും സ്വയം ഡ്രസിങ് റൂമിലിരുന്ന് തനിക്കു പകരം ഒരു വിദേശ ബാറ്ററെയാണ് അദ്ദേഹം ക്രീസിലേക്കു അയച്ചതെന്നും ഇര്‍ഫാന്‍ വിമര്‍ശിച്ചു.

മുംബൈയുടെ അടുത്ത മല്‍സരം 27ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായിട്ടാണ്. പാറ്റ് കമ്മിന്‍സ് നയിക്കുന്ന എസ്ആര്‍എച്ചിനെതിരേ ശക്തമായൊരു തിരിച്ചുവരവായിരിക്കും ഹാര്‍ദിക്കും മുംബൈയും ലക്ഷ്യമിടുന്നത്. ഈ കളിയിലും തോല്‍ക്കുകയാണെങ്കില്‍ അതു ഹാര്‍ദിക്കിനെ നായകനെന്ന നിലയില്‍ വലിയ സമ്മര്‍ദ്ദത്തിലാക്കുമെന്നുറപ്പാണ്.
അതേസമയം, നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന കഴിഞ്ഞ മല്‍സരത്തില്‍ 169 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുംബൈയ്ക്കു ജിടി നല്‍കിയത്. ശക്തമായ ബാറ്റിങ് ലൈനപ്പുള്ള മുംബൈയ്ക്കു ഈ ടോട്ടല്‍ അത്ര വെല്ലുവിളിയാവില്ലെന്നാണ് കരുതപ്പെട്ടിരുന്നത്. 15 ഓവര്‍ കഴിയുമ്പോള്‍ മുംബൈ വിജയം ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തിരുന്നു. കാരണം അവസാന അഞ്ചോവറില്‍ ഏഴു വിക്കറ്റ് ബാക്കിനില്‍ക്കെ മുംബൈയ്ക്കു ജയിക്കാന്‍ 43 റണ്‍സ് മാത്രം മതിയായിരുന്നു.
പക്ഷെ ജിടി കളിയിലേക്കു ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 36 റണ്‍സ് മാത്രമേ അവര്‍ വിട്ടുകൊടുത്തുള്ളൂ. ആറു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. ഇതോടെ മുംബൈ ഒമ്പതു വിക്കറ്റിനു 162 റണ്‍സെടുത്ത് മല്‍സരം അടിയറവയ്ക്കുകയായിരുന്നു. ഇംപാക്ട് പ്ലെയറായി കളിച്ച ഡെവാള്‍ഡ് ബ്രെവിസ് (46), മുന്‍ നായകന്‍ രോഹിത് ശര്‍മ (43) എന്നിവരൊഴികെ മറ്റാരും മുംബൈ ബാറ്റിങ് ലൈനപ്പില്‍ തിളങ്ങിയില്ല.