ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനും ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയെ തിരികെ കൊണ്ടുവരാനുള്ള തിരക്കിട്ട നീക്കത്തിലാണ് അഞ്ചു തവണ ഐപിഎല്‍ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. രണ്ടു സീസണുകള്‍ക്കു മുമ്പായിരുന്നു ഹാര്‍ദിക്കിനെ ഒഴിവാക്കുകയെന്ന വലിയ മണ്ടത്തരം മുംബൈ കാണിച്ചത്. തുടര്‍ച്ചയായ പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമെല്ലാമായിരുന്നു മുംബൈയെ ഇത്തരമൊരു അബദ്ധത്തിനു പ്രേരിപ്പിച്ചത്.
പക്ഷെ മുംബൈ ഒഴിവാക്കിയതോടെ ഹാര്‍ദിക്കിനെ ജിടി ലേലത്തിനു മുമ്പ് തന്നെ ടീമിലേക്കു കൊണ്ടു വരികയും നായകസ്ഥാനം നല്‍കുകയുമായിരുന്നു. കന്നി സീസണില്‍ തന്നെ ജിടിയെ ചാംപ്യന്‍മാരാക്കിയ ഹാര്‍ദിക് മുംബൈയ്ക്കു ആദ്യത്തെ ഷോക്ക് നല്‍കി. കഴിഞ്ഞ സീസണില്‍ ടീമിനെ അദ്ദേഹം റണ്ണറപ്പാക്കുകയും ചെയ്തു. ഇതോടെയാണ് ഹാര്‍ദിക്കിനെ എന്തു വില കൊടുത്തും തിരികെ കൊണ്ടുവരാന്‍ മുംബൈ രംഗത്തിറങ്ങിയത്.

15 കോടിയിലേറ രൂപയാണ് അദ്ദേഹത്തെ ടീമിലേക്കു തിരികെയെത്തിക്കാന്‍ മുംബൈയ്ക്കു വേണ്ടിവരിക. ഇതിനു വേണ്ടി മുംബൈയ്ക്കു ചില താരങ്ങളെ വില്‍ക്കേണ്ടതായും വരും. ഓസ്‌ട്രേലിയയുടെ യുവ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍, ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ എന്നിവരെയാവും മുംബൈ കൈവിട്ടേക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ലേലത്തില്‍ 17.5 കോടി രൂപയ്ക്കാണ് ഗ്രീനിനെ മുംബൈ തങ്ങളുടെ ടീമിലേക്കു കൊണ്ടുവന്നത്. ആര്‍ച്ചര്‍ക്കായി മുംബൈ മുടക്കിയതാവട്ടെ എട്ടു കോടി രൂപയുമായിരുന്നു. പരിക്കുകളുടെ തോഴനായ ആര്‍ച്ചറെ കൈവിടുന്നതു തന്നെയായിരിക്കും മുംബൈയ്ക്കു നല്ലത്. പക്ഷെ ഗ്രീനിനെ ഒഴിവാക്കിയാല്‍ അതു മുംബൈ ചെയ്യുന്ന മണ്ടത്തരമായിരിക്കും. ഇതു എന്തുകൊണ്ടാണെന്നറിയാം.
മുംബൈയ്ക്കായി കഴിഞ്ഞ സീസണില്‍ അരങ്ങേറിയ ഗ്രീന്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു. കന്നി ഐപിഎല്‍ സീസണില്‍ തന്നെ സാന്നിധ്യമറിയിക്കാന്‍ താരത്തിനു സാധിച്ചു. 16 മല്‍സരങ്ങളിലാണ് ഗ്രീന്‍ കളിച്ചത്. ഇവയില്‍ 50.22 എന്ന മികച്ച ശരാശരിയില്‍ 160.28 എന്ന തകര്‍പ്പന്‍ സട്രൈക്ക് റേറ്റോടെ 452 റണ്‍സ് അദ്ദേഹം നേടിയിരുന്നു. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കമാണിത്. കൂടാതെ 9.5 ഇക്കോണമി റേറ്റില്‍ ആറു വിക്കറ്റുകളും ഗ്രീന്‍ വീഴ്ത്തി.
24 വയസ്സ് മാത്രം പ്രായമുള്ള അദ്ദേഹത്തിനു മുന്നില്‍ വലിയൊരു കരിയര്‍ തന്നെയാണുള്ളത്. ഫോമും ഫിറ്റ്‌നസും നിലനിര്‍ത്താനായാല്‍ ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷെയ്ന്‍ വാട്‌സനെപ്പോലെ വലിയൊരു മാച്ച് വിന്നറായി മാറാന്‍ ഗ്രീനിനു കഴിയും. മാത്രമല്ല വെസ്റ്റ് ഇന്‍ഡീസീന്റെ വമ്പനടിക്കാരനായ മുന്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡിന്റെ പകരക്കാരനെ തിരയുന്ന മുംബൈയ്ക്കു ഈ റോളില്‍ വളര്‍ത്തിയെടുക്കാവുന്ന താരം കൂടിയാണ് ഗ്രീന്‍.

ഓപ്പണിങ് മുതല്‍ ടോപ്പ് സിക്‌സില്‍ ഏതു പൊസിഷനിലും ബാറ്റ് ചെയ്യാനുള്ള മിടുക്കാണ് ഗ്രീനിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ഇങ്ങനെയൊരാളെ മുംബൈ കൈവിട്ടാല്‍ അതു വലിയ മണ്ടത്തരം തന്നെയായിരിക്കും. ഹാര്‍ദിക്കിന്റെ കരിയര്‍ നോക്കിയാല്‍ പരിക്കും ഫിറ്റ്‌നസില്ലായ്മയുമെല്ലാം അദ്ദേഹത്തെ നിരന്തരം വലച്ചിട്ടുള്ളതായി കാണാം. ഇങ്ങനെയൊരാള്‍ക്കുവേണ്ടി ഗ്രീനിനെ ഒഴിവാക്കിയാല്‍ മുംബൈയ്ക്കു ഭാവിയില്‍ പണി കിട്ടും.
മികച്ച ബാറ്ററും വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള ബൗളറും മാത്രമല്ല കിടിലന്‍ ഫീല്‍ഡറും കൂടിയാണ് ഗ്രീന്‍. അതുകൊണ്ടു തന്നെ മുംബൈയുടെ ഭാവി ടീമില്‍ അദ്ദേഹം തീര്‍ച്ചയായും സ്ഥാനം അര്‍ഹിക്കുന്നു. ഒരുപക്ഷെ മുംബൈയുടെ നായകസ്ഥാനത്തേക്കു പോലും ഗ്രീനിനു പിന്നീട് വരാന്‍ സാധിച്ചേക്കും. ഈ കാര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോള്‍ ഹാര്‍ദിക് വന്നാലും ഗ്രീന്‍ മുംബൈ ടീമില്‍ തന്നെ വേണമെന്ന കാര്യത്തില്‍ സംശയമില്ല. ആര്‍ച്ചര്‍ക്കൊപ്പം ടീമിനു ബാധ്യതയായി മാറിയ മറ്റു ചില താരങ്ങളെ ഒഴിവാക്കുന്നതായിരിക്കും മുംബൈയ്ക്കു നല്ലത്.