മുംബൈ: അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലില്‍ തോല്‍വികളില്‍ നിന്നും തോല്‍വികളിലേക്കു കൂപ്പുകുത്തുകയാണ്. സീസണിലെ ഹാട്രിക്ക് പരാജയമാണ് ഹോംഗ്രൗണ്ടായ വാംഖഡെയില്‍ കഴിഞ്ഞ ദിവസം മുംബൈയ്ക്കു നേരിട്ടത്. സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനോടു ആറു വിക്കറ്റിനു മുംബൈ തകര്‍ന്നടിയുകയായിരുന്നു. ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും നിരാശാജകമായ പ്രകടനമാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ മുംബൈ കാഴ്ചവച്ചത്.
കഴിഞ്ഞ രണ്ടു മല്‍സരങ്ങളെയും അപേക്ഷിച്ച് തികച്ചും ഏകപക്ഷീയമായിട്ടാണ് മുംബൈ ഈ കളിയില്‍ കീഴടങ്ങിയത്. ടീമിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ യഥാര്‍ഥ കാരണത്തെക്കുറിച്ച് തുറന്നു പറയുകയും ചെയ്തു. മുംബൈയെ സംബന്ധിച്ച് വളരെ കടുപ്പമേറിയ രാത്രിയായിരുന്നു ഇതെന്നും ആഗ്രഹിച്ചതു പോലെയൊരു തുടക്കമല്ല ടീമിനു ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മല്‍സരശേഷം സംസാരിക്കുകയായിരുന്നു ഹാര്‍ദിക്.

അതെ, ഇതു വളരെ ദുഷ്‌കരമായ രാത്രി തന്നെയാണ്. ഞങ്ങള്‍ ആഗ്രഹിച്ചതു പോലെയൊരു തുടക്കമല്ല മല്‍സരത്തില്‍ ടീമിനു ലഭിച്ചത്. ടീമിനു തകര്‍ച്ച നേരിട്ടപ്പോള്‍ തിരിച്ചടിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. 150-160 റണ്‍സിനു അടുത്തെങ്കിലും നേടാന്‍ സാധിക്കുമെന്ന അവസ്ഥയിലായിരുന്നു ഞങ്ങളുണ്ടായിരുന്നത്. പക്ഷെ എന്റെ വിക്കറ്റ് രാജസ്ഥാന്‍ റോയല്‍സിനെ കളിയിലേക്കു തിരികെ വരാന്‍ അനുവദിക്കുകയായിരുന്നു. ഞാന്‍ കൂടുതല്‍ ചെയ്യേണ്ടത് ആവശ്യമായിരുന്നുവെന്നും ഹാര്‍ദിക് വ്യക്തമാക്കി.
വാംഖഡെയിലെ പിച്ചില്‍ നിന്നും ഇത്രയും വലിയൊരു സഹായം ബൗളര്‍മാര്‍ക്കു ലഭിക്കുമെന്നു താനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നു അദ്ദേഹം പറഞ്ഞു. ഇതില്‍ കുഴപ്പമില്ല, ഇത്തരമൊരു പിച്ച് ഞങ്ങള്‍ ഇവിടെ പ്രതീക്ഷിച്ചതല്ല. പക്ഷെ ബാറ്ററെന്ന നിലയില്‍ നിങ്ങള്‍ക്കു എല്ലായ്‌പ്പോഴും പിച്ചില്‍ നിന്നും ആനുകൂല്യം കിട്ടില്ല, ചില സമയങ്ങങ്ങളില്‍ ബൗളര്‍മാര്‍ക്കും ഈ തരത്തില്‍ പിന്തുണ കിട്ടുന്നത് നല്ലതാണ്.
ശരിയായ കാര്യങ്ങള്‍ ചെയ്യുകയെന്നതാണ് പ്രധാനം. ചില സമയങ്ങളില്‍ ശരിയായ ഫലം ലഭിക്കും, ചില സമയങ്ങളില്‍ അതു നിങ്ങള്‍ക്കു ലഭിക്കുകയും ചെയ്യില്ല. ഒരു ഗ്രൂപ്പെന്ന നിലയില്‍ ഞങ്ങള്‍ക്കു ഒരുപാട് നന്നായി ചെയ്യാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്. പക്ഷെ ഞങ്ങള്‍ കുറേക്കൂടി അച്ചടക്കവും കൂടുതല്‍ ധൈര്യവും കാണിക്കേണ്ടതുണ്ടെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബാറ്റിങ് നിര തികഞ്ഞ പരാജയമായി മാറിയ മല്‍സരത്തില്‍ മുംബൈയുടെ ടോപ്‌സ്‌കോററായത് ഹാര്‍ദിക്കാണ്. ടീം വന്‍ തകര്‍ച്ച നേരിട്ടപ്പോഴും വളരെ അഗ്രസീവായ ബാറ്റിങാണ് അദ്ദേഹം കാഴ്ചവച്ചത്. 21 ബോളില്‍ ആറു ഫോറുകളടക്കം 34 റണ്‍സ് നേടിയാണ് ഹാര്‍ദിക് ക്രീസ് വിട്ടത്.

അഞ്ചാം വിക്കറ്റില്‍ തിലക് വര്‍മയ്‌ക്കൊപ്പം (32) 56 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ അദ്ദേഹത്തിനായിരുന്നു. തുടക്കത്തിലേറ്റ തകര്‍ച്ചയില്‍ നിന്നും ഈ ജോടി മുംബൈയെ കരകയറ്റവെയാണ് ഹാര്‍ദിക്കിനെ യുസ്വേന്ദ്ര ചഹല്‍ പുറത്താക്കിയത്. ഇതോടെ മുംബൈ വീണ്ടും തകരുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട മുംബൈയ്ക്കു ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. പവര്‍പ്ലേയില്‍ മൂന്നു വിക്കറ്റുകളെടുത്ത ട്രെന്റ് ബോള്‍ട്ടും മധ്യ ഓവറുകളില്‍ മൂന്നു പേരെ പുറത്താക്കിയ ചഹലും ചേര്‍ന്നാണ് മുംബൈയെ തകര്‍ത്തത്. രണ്ടു വിക്കറ്റുകളെടുത്ത നാന്ദ്രെ ബര്‍ഗറുടെ സഹായവും റോയല്‍സിനു ലഭിച്ചു. ഹാര്‍ദിക്, തിലക് എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ മറ്റാരും മുംബൈ നിരയില്‍ 20നു മുകളില്‍ സ്‌കോര്‍ ചെയ്തില്ല.
റണ്‍ചേസില്‍ വെറും 15.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ റോയല്‍സ് വിജയത്തിലെത്തുകയായിരുന്നു. റിയാന്‍ പരാഗിന്റെ (54*) തകര്‍പ്പന്‍ ഫിഫ്റ്റിയാണ് റോയല്‍സിന്റെ ജയം എളുപ്പമാക്കിയത്. 39 ബോളുകള്‍ നേരിട്ട താരം അഞ്ചു ഫോറും മൂന്നു സിക്‌സറുകളുമടിച്ചു. ബോള്‍ട്ടാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.