ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയും ടീം ഇന്ത്യയെയും സംബന്ധിച്ച് ഏറെ സന്തോഷിക്കാന്‍ വക നല്‍കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇന്ത്യയുടെ മുന്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായിരുന്ന റിഷഭ് പന്ത് ഇത്തവണത്തെ ഐപിഎല്ലില്‍ ഡിസിക്കായി വിക്കറ്റ് കാക്കാന്‍ ഫിറ്റാണെന്നു ബിസിസഐ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
നേരത്തേ അദ്ദേഹത്തിന്റെ ഫിറ്റ്‌നസിനെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നു. റിഷഭ് പൂര്‍ണ ഫിറ്റ്നസിലേക്കു ഇപ്പോഴുമെത്തിയിട്ടില്ലെന്നും സ്‌പെഷ്യലിസ്റ്റ് ബാറ്ററായിട്ടാവും ഡിസി ക്യാപ്റ്റന്‍ കൂടിയായ റിഷഭ് ഐപിഎല്ലില്‍ കളിക്കുകയെന്നുമായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. ഇതു ഡിസി ടീമിനെ വലിയ ആശങ്കയിലാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി തന്നെ റിഷഭ് കളിക്കാന്‍ ഫിറ്റാണെന്നു ബിസിസിഐയുടെ പ്രഖ്യാപനം വന്നതോടെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ആവേശത്തിലാണ്. ഡിസിക്കു മാത്രമല്ല ഇന്ത്യന്‍ ടീമിനും ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യമാണിത്. കാരണം ജൂണില്‍ ഐസിസിയുടെ ടി20 ലോകകപ്പ് നടക്കാനിരിക്കെ റിഷഭിന്റെ തിരിച്ചുവരവ് ഇന്ത്യക്കു നല്‍കുന്ന ആഹ്ലാദം കുറച്ചൊന്നുമാവില്ല.
ലോകകപ്പില്‍ ആരു വിക്കറ്റ് കീപ്പറാവുമെന്ന കാര്യത്തില്‍ അവ്യക്തത തുടരവെയാണ് താന്‍ റെഡിയാണെന്നു റിഷഭ് അറിയിച്ചിരിക്കുന്നത്. ഇതോടെ ലോകകപ്പ് സ്‌ക്വാഡിലും അദ്ദേഹമുണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. റിഷഭ് വിക്കറ്റ് കീപ്പിങ് പുനരാരംഭിക്കുകയാണെങ്കില്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നു കഴിഞ്ഞ ദിവസം ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കുകയും ചെയ്തിരുന്നു.
അതു തന്നെയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ഇനി ഐപിഎല്ലിലൂടെ തനിക്കു പഴയ വിക്കറ്റ് കീപ്പിങ്, ബാറ്റിങ് ടച്ച് നഷ്ടമായിട്ടില്ലെന്നു തെളിയിക്കുകയാണ് റിഷഭ് ചെയ്യേണ്ടത്. അതിനു കഴിഞ്ഞാല്‍ ലോകകപ്പില്‍ തീര്‍ച്ചയായും അദ്ദേഹത്തെ ഇന്ത്യയുടെ സ്‌ക്വാഡില്‍ കാണാം.
റിഷഭിന്റെ ഈ മടങ്ങിവരവ് ലോകകപ്പില്‍ സ്ഥാനം മോഹിക്കുന്ന മറ്റു പലരുടെയും ഉറക്കം കെടുത്തിയിരിക്കുകയാണ്. റിഷഭ് ലോകകപ്പ് ടീമിലേക്കു വന്നാല്‍ ജിതേഷ് ശര്‍മ, മലയാളി താരം സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍ എന്നിവരിലൊരാള്‍ക്കു മാത്രമേ ലോകകപ്പ് സ്‌ക്വാഡിലേക്കു ഇടം ലഭിക്കുകയുള്ളൂ.

14 മാസത്തോളം നീണ്ട ബ്രേക്കിനൊടുവിലാണ് റിഷഭ് ക്രിക്കറ്റിലേക്കു മടങ്ങിയെത്തുന്നത്. 2022 ഡിസംബറിലായിരുന്നു ഇന്ത്യന്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹത്തിനു കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്.
കുടുംബത്തെ സന്ദര്‍ശിക്കാന്‍ തനിച്ച് കാറോടിച്ച് യാത്ര ചെയ്യവെ നിയന്ത്രണം വിട്ട് കാര്‍ മറിയുകയും അഗ്നിക്ക് ഇരയാവുകയുമായിരുന്നു. അദ്ഭുതകരമായാണ് ഈ കാറില്‍ നിന്നും റിഷഭ് രക്ഷപ്പെട്ടത്. തുടര്‍ന്നു ശസ്ത്രക്രിയകള്‍ക്കു വിധേയനായ ശേഷം അദ്ദേഹം മാസങ്ങളോളം വിശ്രമത്തിലായിരുന്നു.
ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഫുള്‍ സ്ക്വാഡ്
റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഡേവിഡ് വാർണർ, പൃഥ്വി ഷാ, മിച്ചെൽ മാർഷ്, ഹാരി ബ്രൂക്ക്, ട്രിസ്റ്റൻ സ്റ്റബ്‌സ്, യാഷ് ധൂല്‍, അക്ഷർ പട്ടേൽ, ലളിത് യാദവ്, ഖലീൽ അഹമ്മദ്, വിക്കി ഓസ്റ്റ്വാൾ, പ്രവീൺ ദുബെ, ഇഷാന്ത് ശർമ, ആൻറിച്ച് നോർക്കിയ, അഭിഷേക് പൊറെൽ, കുൽദീപ് യാദവ്, മുകേഷ് കുമാര്‍,റിക്കി ഭുയ്, കുമാർ കുഷാഗ്ര, റാസിഖ് ദാർ, ജൈ റിച്ചാർഡ്‌സൺ, സുമിത് കുമാർ, ഷെയ് ഹോപ്പ്, സ്വാസ്തിക് ചിക്കാര, ലുങ്കി എൻഗിഡി.