അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ആര്‍സിബി ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന രാജസ്ഥാന് വലിയ തുടക്കം പ്രതീക്ഷിച്ചിരുന്നെങ്കിലും രാജസ്ഥാന്‍ ബൗളര്‍മാര്‍ കരുത്തുകാട്ടി. 56 റണ്‍സിനുള്ളില്‍ ആര്‍സിബിയുടെ സൂപ്പര്‍ താരങ്ങളും ഓപ്പണര്‍മാരുമായ വിരാട് കോലിയും ഫഫ് ഡുപ്ലെസിസും കൂടാരം കയറി.
ഡുപ്ലെസിസിനെ (14 പന്തില്‍ 17) ട്രന്റ് ബോള്‍ട്ട് മടക്കിയപ്പോള്‍ വിരാട് കോലിയെ യുസ് വേന്ദ്ര ചഹാലാണ് മടക്കി അയച്ചത്. 24 പന്തില്‍ 3 ഫോറും 1 സിക്‌സുമടക്കം 33 റണ്‍സെടുത്ത കോലിയെ ചഹാല്‍ ബൗണ്ടറി ലൈനില്‍ ഫെരൈറയുടെ കൈയിലെത്തിക്കുകയായിരുന്നു. ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്തുള്ള കോലിയുടെ വിക്കറ്റ് ആര്‍സിബിക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. എന്നാല്‍ എലിമിനേറ്ററില്‍ വലിയ സ്‌കോറിലേക്കുയരാതെ കോലിയെ പൂട്ടാന്‍ ചഹാലിനായി.
മുന്‍ ആര്‍സിബി താരമായ ചഹാലിന് കോലിയുടെ വിക്കറ്റ് ഒരു പ്രതികാരമാണ്. ആര്‍സിബിക്കായി തകര്‍പ്പന്‍ പ്രകടനമാണ് ചഹാല്‍ നടത്തിയിരുന്നത്. ടീമിനായി കൂടുതല്‍ വിക്കറ്റ് നേടിയ താരമായിട്ടും ആര്‍സിബി ചഹാലിനെ തഴഞ്ഞു. യാതൊന്നും ചോദിക്കാതെ തന്നെ പുറത്താക്കിയ ആര്‍സിബി ടീമിനോട് നിര്‍ണ്ണായക മത്സരത്തില്‍ നിര്‍ണ്ണായക വിക്കറ്റ് നേടി പകരം വീട്ടാന്‍ ചഹാലിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.
എലിമിനേറ്റര്‍ മത്സരങ്ങളില്‍ കോലിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്ന് ചരിത്രം വ്യക്തമാക്കുന്നു. ഇത്തവണയും ഈ ചീത്തപ്പേര് മാറ്റാന്‍ കോലിക്ക് സാധിച്ചില്ല. 2015ല്‍ രാജസ്ഥാനെതിരായ എലിമിനേറ്ററില്‍ 12 റണ്‍സാണ് കോലി നേടിയത്. 2020ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ എലിമിനേറ്ററില്‍ 6 റണ്‍സാണ് കോലി നേടിയത്. 2021ല്‍ കെകെആറിനെതിരായ എലിമിനേറ്ററില്‍ 39 റണ്‍സ് നേടിയ കോലി 2022ല്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായ എലിമിനേറ്ററില്‍ 25 റണ്‍സും നേടി.

ഇപ്പോഴിതാ രാജസ്ഥാനെതിരേ 33 റണ്‍സെടുത്ത് പുറത്തായിരിക്കുകയാണ്. 137. 50 മാത്രമാണ് കോലിയുടെ സ്‌ട്രൈക്ക് റേറ്റ് എന്നതാണ് എടുത്തു പറയേണ്ടത്. നിര്‍ണ്ണായക മത്സരങ്ങളില്‍ ആര്‍സിബിയുടെ രക്ഷകനാവാന്‍ കോലിക്ക് സാധിക്കുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. നായകന്‍ ഫഫ് ഡുപ്ലെസിസും നിരാശപ്പെടുത്തി. 14 പന്തില്‍ 17 റണ്‍സാണ് ഡുപ്ലെസിസ് നേടിയത്. വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ ഡുപ്ലെസിസിന് സാധിക്കാതെ പോയി.
എന്നാല്‍ വമ്പനൊരു റെക്കോഡ് സ്വന്തമാക്കിയാണ് കോലി കളം വിട്ടത്. ഐപിഎല്ലില്‍ 8000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ താരമായി മാറാന്‍ കോലിക്ക് സാധിച്ചു. ആദ്യം 6000, 7000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന റെക്കോഡും കോലിയുടെ പേരിലാണ്. ഇത്തവണ കോലി, ഡുപ്ലെസിസ് കൂട്ടുകെട്ടായിരുന്നു ആര്‍സിബിയുടെ നട്ടെല്ല്. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് 2000 റണ്‍സ് പൂര്‍ത്തിയാക്കി. വിരാട് കോലി മികച്ച തുടക്കം നല്‍കിയെങ്കിലും വലിയ സ്‌കോറിലേക്കത് ഉയര്‍ത്താനാവാതെ പോയി.
പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും ഇതുവരെ കപ്പിലേക്കെത്താന്‍ സാധിക്കാത്ത ടീമാണ് ആര്‍സിബി. ഇത്തവണ ടീമിന് വളരെ പ്രതീക്ഷയാണെങ്കിലും എലിമിനേറ്ററില്‍ രാജസ്ഥാന്‍ കടമ്പ മറികടക്കുമോയെന്നത് കണ്ടറിയണം. ഈ സീസണിലെ ആദ്യ എട്ട് മത്സരത്തില്‍ 1 മത്സരം മാത്രം ജയിച്ച ആര്‍സിബി പിന്നീട് 6 തുടര്‍ ജയങ്ങള്‍ നേടിയാണ് പ്ലേ ഓഫ് ടിക്കറ്റെടുത്തത്. നിര്‍ണ്ണായക മത്സരത്തില്‍ സിഎസ്‌കെയെ തോല്‍പ്പിച്ചാണ് നാലാം സ്ഥാനക്കാരായി ആര്‍സിബി പ്ലേ ഓഫിലെത്തിയത്.
പ്ലേയിങ് 11: ആര്‍സിബി-ഫഫ് ഡുപ്ലെസിസ് (c), വിരാട് കോലി, ഗ്ലെന്‍ മാക്‌സ് വെല്‍, രജത് പാട്ടീധാര്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക് (wc), മഹിപാല്‍ ലോംറോര്‍, യഷ് ദയാല്‍, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്, ലോക്കി ഫെര്‍ഗൂസന്‍
രാജസ്ഥാന്‍- യശ്വസി ജയ്‌സ്വാള്‍, ടോം കോഹ്ലര്‍ കാഡ്‌മോര്‍, സഞ്ജു സാംസണ്‍ (c,wc), റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍, റോവ്മാന്‍ പവല്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യുസ്‌വേന്ദ്ര ചഹാല്‍