സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവില്ലാതെയാണ് അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനു ഐപിഎല്ലിലെ ആദ്യ പോരാട്ടത്തിന് ഇറങ്ങേണ്ടി വരികയെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. മുന്‍ ചാംപ്യന്‍മാരും കഴിഞ്ഞ തവണത്തെ റണ്ണറപ്പുമായ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ഞായറാഴ്ചയാണ് പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ മുംബൈയുടെ ആദ്യ പോരാട്ടം. സൂര്യയുടെ അഭാവം എങ്ങനെ നികത്തുമെന്നും പകരം ആരെ പ്ലെയിങ് ഇലവനിലേക്കു കൊണ്ടു വരുമെന്നതുമാണ് ഹാര്‍ദിക്കിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.
ജിടി വിട്ട് മുംബൈയിലേക്കു വരികയും രോഹിത് ശര്‍മയുടെ നായകസ്ഥാനം തെറിപ്പിച്ച് ക്യാപ്റ്റനാവുകയും ചെയ്തതു മുതല്‍ ഹാര്‍ദിക് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. ഇനി ആദ്യ കളിയില്‍ തോല്‍വിയോടെയാണ് മുംബൈ തുടങ്ങുന്നതെങ്കില്‍ എന്തായിരിക്കും സംഭവിക്കുകയെന്നു സങ്കല്‍പ്പിച്ച് നോക്കൂ.

രോഹിത്തിനെ പുറത്താക്കിയതിന്റെ പേരില്‍ ആരാധകരില്‍ ഭൂരിഭാഗവും ഹാര്‍ദിക്കിന് എതിരായിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ എന്തു വില കൊടുത്തും നായകനായുള്ള മുംബൈയിലെ തുടക്കം അദ്ദേഹത്തിനു ഗംഭീരമാക്കിയേ തീരൂ.
പരിക്കില്‍ നിന്നും മുക്തനായിക്കൊണ്ടിരിക്കുന്ന സൂര്യക്കു ഇനിയും എന്‍സിഎയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഈ കാരണത്താല്‍ തന്നെയാണ് ജിടിയുമായുള്ള ആദ്യ മല്‍സരം അദ്ദേഹത്തിനു നഷ്ടമാവുന്നത്. കഴിഞ്ഞ ഡിസംബറിലെ സൗത്താഫ്രിക്കന്‍ പര്യടനത്തിനിടെയായിരുന്നു ലോകത്തിലെ നമ്പര്‍ വണ്‍ ടി20 ബാറ്ററായ സൂര്യക്കു പരിക്കേല്‍ക്കുന്നത്. അതിനു ശേഷം മല്‍സരരംഗത്തു നിന്നും താരം മാറിനില്‍ക്കുകയായിരുന്നു.
നിലവില്‍ മുംബൈയ്ക്കു ശക്തമായ ബാറ്റിങ് ലൈനപ്പുണ്ടെങ്കിലും സൂര്യയുടെ അഭാവം അവരുടെ ഓവറോള്‍ ടീം ബാലന്‍സിനെ ബാധിച്ചേക്കും. ബാറ്റിങ് ഓര്‍ഡറില്‍ ചില മാറ്റങ്ങളും ഹാര്‍ദിക്കിനു വരുത്തേണ്ടതായി വന്നേക്കും. നിലവില്‍ മുംബൈയ്ക്കായി മൂന്നാം നമ്പറിലാണ് സ്‌കൈ കളിച്ചുകൊണ്ടിരിക്കുന്നത്.
പക്ഷെ ജിടിക്കെതിരേ അദ്ദേഹത്തിന്റെ അഭാവത്തില്‍ ഈ പൊസിഷനില്‍ കളിച്ചേക്കുക യുവ താരം തിലക് വര്‍മയാവാനാണ് സാധ്യത. നിലവില്‍ നാലാം നമ്പറിലാണ് താരം ബാറ്റ് ചെയ്യുന്നതെങ്കിലും ജിടിക്കെതിരേ ഒരു സ്ഥാനം മുകളിലേക്കു പ്രൊമോഷന്‍ ലഭിച്ചേക്കും.
മറ്റൊരു ഓപ്ഷന്‍ സൂര്യയുടെ മൂന്നാം നമ്പര്‍ പൊസിഷനില്‍ ഹാര്‍ദിക് കളിക്കുകയെന്നതാണ്. നേരത്തേ ജിടിയില്‍ മൂന്ന്, നാല് നമ്പറുകളിലെല്ലാം അദ്ദേഹം ബാറ്റ് ചെയ്തിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ മുംബൈയിലും ഹാര്‍ദിക് മൂന്നാം നമ്പറില്‍ കളിച്ചാല്‍ അദ്ഭുതപ്പെടാനില്ല. മൂന്നാമനായി അദ്ദേഹമെത്തിയാല്‍ തിലക് പതിവുപോലെ നാലാം നമ്പറില്‍ തന്നെയാവും ബാറ്റ് ചെയ്യുക.

സൂര്യക്കു പകരം മലയാളി വെടിക്കെട്ട് താരം വിഷ്ണു വിനോദിനു മുംബൈ പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുമോയെന്നു ആരാധകര്‍ ഉറ്റുനോക്കുന്നുണ്ടെങ്കിലും ഇതിനുള്ള സാധ്യത തീരെ കുറവാണ്. കഴിഞ്ഞ സീസണില്‍ ഐപിഎല്ലില്‍ അരങ്ങേറുകയും മുംബൈയ്ക്കായി മികച്ച പ്രകടനം നടത്തുകയും ചെയ്ത യുവതാരം നെഹാല്‍ വദേരയാവും സൂര്യയുടെ പകരക്കാരനായി ടീമിലേക്കു വന്നേക്കുക.
14 മല്‍സരങ്ങളില്‍ നിന്നു കഴിഞ്ഞ തവണ 241 റണ്‍സ് വദേര സ്‌കോര്‍ ചെയ്തിരുന്നു. 145.18 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റോടെയാണിത്. പക്ഷെ സൂര്യയുടെ ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പറില്‍ വദേരയെ പരീക്ഷിക്കാനുള്ള സാധ്യത തീരെ കുറവാണെന്നാണ് സൂചനകള്‍.
തിലകോ, ഹാര്‍ദിക്കോയായിരിക്കും മൂന്നാമനായി ബാറ്റ് ചെയ്‌തേക്കുക. വദേരയ്ക്കു ലോവര്‍ ഓര്‍ഡറിലായിരിക്കും അവസരം ലഭിക്കുക. കഴിഞ്ഞ സീസണില്‍ താരം കസറിയതും ഈ റോളില്‍ തന്നെയായിരുന്നു. അതിനാല്‍ തന്നെ വദേരയെ ബാറ്റിങില്‍ മുന്‍നിരയിലക്കേു പ്രൊമോട്ട് ചെയ്യാന്‍ മുംബൈ ശ്രമിച്ചേക്കില്ല.