മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ആദ്യത്തെ മൂന്ന് മത്സരങ്ങളിലും തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയ മുംബൈ ഡല്‍ഹി ക്യാപിറ്റല്‍സിനെ വീഴ്ത്തിയാണ് സീസണിലെ ആദ്യ ജയം നേടിയെടുത്തത്. ഡല്‍ഹിയെ 29 റണ്‍സിനാണ് മുംബൈ കീഴടക്കിയത്. ആദ്യം ബാറ്റുചെയ്ത മുംബൈ 5 വിക്കറ്റിന് 234 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് 8 വിക്കറ്റിന് 205 റണ്‍സാണ് നേടാനായത്.
ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയ ശേഷം മുംബൈ ഇന്ത്യന്‍സ് ടീമില്‍ ഒത്തിണക്കമില്ലായിരുന്നു. എന്നാല്‍ ഇടവേളക്ക് ശേഷം വീണ്ടും മുംബൈ ഒത്തിണക്കത്തോടെ കളിക്കുന്നതാണ് കണ്ടത്. രോഹിത് ശര്‍മയും ഹാര്‍ദിക് പാണ്ഡ്യയും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ക്കും അവസാനമായിരിക്കുകയാണ്. രണ്ട് പേരും പരസ്പരം ചര്‍ച്ചകള്‍ ചെയ്യുന്നതും വിക്കറ്റ് ആഘോഷവും വിജയവും ഒന്നിച്ച് ആഘോഷിക്കുന്നതുമെല്ലാം ഇന്നലെ കണ്ടു.
എങ്ങനെയാണ് രോഹിത്തും ഹാര്‍ദിക്കും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചതെന്നാണ് ആരാധകരുടെ ചോദ്യം. ഇതിന് പിന്നില്‍ സൂര്യകുമാര്‍ യാദവിന്റെ ഇടപെടലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മുംബൈ ഇന്ത്യന്‍സ് ടീമിലേക്ക് സൂര്യകുമാര്‍ കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. താരം വന്നതിന് ശേഷം ടീമിനുള്ളില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് ഇവരുടെയെല്ലാം പെരുമാറ്റങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ്.
രോഹിത്തിനോടും ഹാര്‍ദിക്കിനോടും സൂര്യകുമാര്‍ സംസാരിച്ചിരുന്നുവെന്നും രണ്ട് പേരും തമ്മിലുള്ള അഭിപ്രായ ഭിന്നത അവസാനിപ്പിക്കാന്‍ സൂര്യ മുന്‍കൈയെടുത്തെന്നുമാണ് മുംബൈ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന വിവരം. രണ്ട് സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത മുംബൈ ടീമിന്റെ പ്രകടനത്തെ കാര്യമായിത്തന്നെ ബാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മുംബൈ ടീം മാനേജ്‌മെന്റ് പല വട്ടം ഇടപെടല്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

എന്നാല്‍ സൂര്യകുമാറിന്റെ ഇടപെടല്‍ ഫലമുണ്ടാക്കിയിരിക്കുകയാണ്. രോഹിത്തുമായും ഹാര്‍ദിക്കുമായും സൂര്യക്ക് നല്ല സൗഹൃദമുണ്ടായിരുന്നു. ഇത് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിച്ചുവെന്ന് തന്നെ പറയാം. രോഹിത് ശര്‍മ മുംബൈയെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച നായകനാണ്. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി വേണ്ടത്ര ചര്‍ച്ചകളില്ലാതെ രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമായത്.
ഇതോടെ ടീമിനുള്ളില്‍ ഭിന്നിപ്പ് രൂപപ്പെടുകയും ടീം രണ്ട് തട്ടായി തിരിയുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായിരിക്കുന്നു. രോഹിത് ശര്‍മക്ക് വേണ്ട പ്രാധാന്യം കളത്തില്‍ ലഭിക്കുന്നുണ്ട്. ഡല്‍ഹിക്കെതിരേ മുംബൈയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ രോഹിത്തിനായി. ആദ്യം ബാറ്റുചെയ്ത മുംബൈക്കായി രോഹിത് 27 പന്തില്‍ 49 റണ്‍സാണ് നേടിയത്. 6 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് രോഹിത് കത്തിക്കയറിയത്.
ഇഷാന്‍ കിഷന്‍ 23 പന്തില്‍ 42 റണ്‍സും നേടി. 4 ഫോറും 2 സിക്‌സുമാണ് ഇഷാന്റെ സമ്പാദ്യം. സൂര്യകുമാര്‍ യാദവ് മടങ്ങിവരവ് ഇന്നിങ്‌സില്‍ ഡെക്കായി. 2 പന്ത് നേരിട്ടാണ് താരം പൂജ്യത്തിന് പുറത്തായത്.
ഹാര്‍ദിക് പാണ്ഡ്യ 33 പന്തില്‍ 39 റണ്‍സ് നേടിയപ്പോള്‍ ടിം ഡേവിഡ് 21 പന്തില്‍ പുറത്താവാതെ 45 റണ്‍സാണ് അടിച്ചെടുത്തത്. റൊമാരിയോ ഷിഫേര്‍ഡിന്റെ ബാറ്റിങ് വെടിക്കെട്ടും ഡല്‍ഹിക്കെതിരേ മുംബൈക്ക് നിര്‍ണ്ണായകമായി. അവസാന ഓവറിലെ 32 റണ്‍സ് ഉള്‍പ്പെടെ 10 പന്തില്‍ 39 റണ്‍സാണ് ഷിഫേര്‍ഡിന്റെ സമ്പാദ്യം.
ജയത്തിന് ശേഷം മുംബൈ ടീം ഒന്നാകെ ആരാധകരെ അഭിവാദ്യം ചെയ്തിരുന്നു. അപ്പോഴും രോഹിത് ശര്‍മ മുദ്രാവാക്യമാണ് ആരാധകര്‍ ഉയര്‍ത്തിയത്. എന്തായാലും നിലവില്‍ മുംബൈയുടെ തിരിച്ചുവരവ് പ്രതീക്ഷ നല്‍കുന്നതാണ്. വരുന്ന മത്സരങ്ങളിലും ഇതേ മികവ് തുടരാന്‍ മുംബൈക്ക് സാധിക്കുമെന്ന് തന്നെ വിലയിരുത്താം.