For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 12 ഓവറില്‍ എസ്ആര്‍എച്ച് 3ന് 173, മുംബൈ 3ന് 165! കളി മാറിയതെങ്ങനെ? വില്ലനാര്

ഹൈദരാബാദ്: അസാധ്യമെന്നു കരുതപ്പെട്ടിരുന്ന വിജയലക്ഷ്യത്തിലേക്കു വീറോടെ പൊരുതിയ ശേഷം പരാജയം സമ്മതിച്ചിരിക്കുകയാണ് അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ്. റണ്‍മഴ കണ്ട പോരാട്ടത്തില്‍ 31 റണ്‍സിന്റെ വിജയമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. നിരവധി ബാറ്റിങ് റെക്കാര്‍ഡുകളാണ് ഈ മല്‍സരത്തില്‍ തകര്‍ക്കപ്പെട്ടത്. ബാറ്റര്‍മാര്‍ കളംവാണ കളിയില്‍ പിറന്നത് 523 റണ്‍സായിരുന്നു.

ടി20 ക്രിക്കറ്റില്‍ ഒരു ടീമും ഇതു വരെ ചേസ് ചെയ്തിട്ടില്ലാത്ത 278 റണ്‍സെന്ന അസാധ്യമായ വിജയലക്ഷ്യമാണ് മുംബൈയ്ക്കു എസ്ആര്‍എച്ച് നല്‍കിയത്. ഈ സ്‌കോര്‍ ചേസ് ചെയ്യാന്‍ മുംബൈ ഇറങ്ങിയപ്പോള്‍ ഒരിക്കലും അതു സാധ്യമല്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ അവിശ്വസനീയ മറുപടിയാണ് മുംബൈയുടെ ഭാഗത്തു നിന്നും കണ്ടത്. ഒരു ഘട്ടത്തില്‍ ഈ ടോട്ടല്‍ ചേസ് ചെയ്ത് മുംബൈ ലോക റെക്കോര്‍ഡ് കുറിക്കുമെന്നും കരുതി.

HARDIK- TILAK

12ാം ഓവര്‍ വരെ ഹൈദരാബാദും മുംബൈയും ഏറെക്കുറെ തോളോടു തോള്‍ തന്നെയായിരുന്നു. മുംബൈ ചരിത്ര വിജയം കുറിക്കുമെന്നായിരുന്നു ഈ ഘട്ടത്തില്‍ പ്രതീക്ഷിച്ചത്. കാരണം മുംബൈ 12 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ മൂന്നു വിക്കറ്റിനു 165 റണ്‍സെന്ന നിലയിലായിരുന്നു. ഇതേ ഘട്ടത്തില്‍ 12 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ ഹൈദരാബാദ് നേടിയതാവട്ടെ 173 റണ്‍സുമാണ്. ഇരുടീമുകളും തമ്മിലുള്ള വ്യത്യാസം വെറും എട്ടു റണ്‍സ് മാത്രം. രണ്ടു ടീമുകള്‍ക്കും നഷ്ടമായത് മൂന്നു വിക്കറ്റുകള്‍ വീതവുമാണ്.

പക്ഷെ ഇവിടെ നിന്നാണ് മല്‍സരം മുംബൈയില്‍ നിന്നും വഴുതിപ്പോയത്. എവിടെയാണ് മുംബൈയ്ക്കു പാളിപ്പോയത്, ആരാണ് അവരുടെ യഥാര്‍ഥ വില്ലന്‍? ഇതേക്കുറിച്ചു നമുക്കു നോക്കാം. സ്പിന്നര്‍ മായങ്ക് മാര്‍ക്കാണ്ഡെയെറിഞ്ഞ 12ാം ഓവറില്‍ മുംബൈ 14 റണ്‍സ് അടിച്ചെടുത്തിരുന്നു. 28 ബോളില്‍ 53 റണ്‍സോടെ തിലക് വര്‍മയും ആറു ബോളില്‍ 13 റണ്‍സുമായി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുമായിരുന്നു ക്രീസില്‍.

13ാം ഓവറില്‍ പരിചയസമ്പന്നനായ ഭുവനേശ്വര്‍ കുമാറിനെയാണ് എസ്ആര്‍എച്ച് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ബൗള്‍ ചെയ്യാന്‍ വിളിച്ചത്. ഈ ഓവറില്‍ തിലകിനും ഹാര്‍ദിക്കിനു കൂടെ ഒരു ഡബിളും രണ്ടു സിംഗിളുമടക്കം നേടാനായത് അഞ്ചു റണ്‍സ് മാത്രം. മാര്‍ക്കാണ്ഡെയെറിഞ്ഞ അടുത്ത ഓവറിലെ രണ്ടാമത്തെ ബോളില്‍ തിലക് സിക്‌സറടിച്ചു. ഓവറില്‍ ലഭിച്ചത് 12 റണ്‍സായിരുന്നു.

നായകന്‍ കമ്മിന്‍സെറിഞ്ഞ 15ാം ഓവറിലെ ആദ്യ ബോളില്‍ തിലക് പുറത്തായതു കളിയിടെ ടേണിങ് പോയിന്റായി മാറി. മുംബൈ ബാറ്റര്‍മാരില്‍ ഏറ്റവും അനായാസമായി റണ്‍സ് വാരിക്കൂട്ടിയത് തിലകാണ്. 34 ബോളില്‍ 64 റണ്‍സെടുത്ത് അദ്ദേഹം മടങ്ങി. ടിം ഡേവിഡാണ് തുടര്‍ന്നു ക്രീസിലെത്തിയത്. തിലക് മടങ്ങിയ ശേഷം വലിയ റണ്‍സ് ദാരിദ്ര്യമാണ് മുംബൈ നേരിട്ടത്.

ROHIT- HARDIK

ഈ ഓവറില്‍ വെറും മൂന്നു റണ്‍സ് മാത്രമ മുബൈ നേടിയുള്ളൂ. ജയദേവ് ഉനാട്കട്ടിന്റെ 16ാം ഓവറില്‍ അഞ്ചു റണ്‍സ് മാത്രം. തുടരെ മൂന്നാം ഓവറിലും ബൗണ്ടറിയോ, സിക്‌സറോ വന്നില്ല. മുംബൈ മല്‍സരം കൈവിട്ടതും ഈ മൂന്നു ഓവറുകളിലാണെന്നു കാണാം. പിന്നീട് മുംബൈയ്ക്കു കളിയിലേക്കൊരു മടങ്ങിവരവ് അസാധ്യമായിരുന്നു.

20 ബോളുകള്‍ക്കു ശേഷമാണ് 17ാമത് ഓവറിലെ മൂന്നാമത്തെ ബോളില്‍ ഭുവിക്കെതിരേ ഡേവിഡ് സിക്‌സര്‍ പറത്തിയത്. അടുത്ത രണ്ടു ബോളില്‍ ഓരോ ഫോറും സിക്‌സറും കൂടി അദ്ദേഹം നേടി. ക്രീസിന്റെ മറുഭാഗത്ത് ഹാര്‍ദിക്ക് ശരിക്കും തുഴയുകയായിരുന്നു. 18 ബോളില്‍ അദ്ദേഹം നേടിയത് 23 റണ്‍സാണ്.

18ാം ഓവറില്‍ 14 റണ്‍സ് വന്നെങ്കിലും അവസാന ബോളില്‍ ഹാര്‍ദിക് പുറത്തായി. 20 ബോളില്‍ ഓരോ ഫോറും സിക്‌സറുമടക്കം 23 റണ്‍സാണ് നേടിയത്. അപ്പോഴേക്കും മംബൈ തോല്‍വിയുറപ്പിച്ചിരുന്നു. അവസാനത്തെ രണ്ടോവറില്‍ 54 റണസ് മുംബൈയ്ക്കു ആവശ്യമായിരുന്നു. ഇംപാക്ട് പ്ലെയറായി റൊമാരിയോ ഷെപ്പേര്‍ഡിനെ ഇറക്കി മുംബൈ അവസാമായി ഒരു കൈ കൂടി നോക്കിയെങ്കിലും ഫലമുണ്ടായില്ല.

ഏഴു റണ്‍സാണ് കമ്മിന്‍സെറിഞ്ഞ 19ാം ഓവറില്‍ അവര്‍ നേടിയത്. 20ം ഓവറില്‍ മാര്‍ണ്ഡെയ്‌ക്കെതിരേ 15 റണ്‍സ് നേടിയെങ്കിലും കളി തോറ്റു. അഞ്ചു വിക്കറ്റിനു 246 റണ്‍സാണ് മുംബൈയ്ക്കു 20 ഓവറില്‍ നേടാനായത്.

Story first published: Wednesday, March 27, 2024, 23:49 [IST]
Other articles published on Mar 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+