മുബൈ: ഹാട്രിക്ക് വിജയവുമായി സഞ്‌സു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലില്‍ പടയോട്ടം തുടരുകയാണ്. ഈ സീസണില്‍ കളിച്ച മൂന്നു മല്‍സരങ്ങളിലും വിജയക്കൊടി പാറിച്ച ആദ്യത്തെ ടീമായി മാറിയിരിക്കുകയാണ് പിങ്ക് ആര്‍മി. പോയിന്റ് പട്ടികയിലെ പുതിയ ഒന്നാംസ്ഥാനക്കാരായും റോയല്‍സ് മാറിയിരിക്കുകയാണ്. 14ാമത് പോരാട്ടത്തില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെയാണ് ഹോംഗ്രൗണ്ടായ വാംഖഡെയില്‍ റോയല്‍സ് തകര്‍ത്തെറിഞ്ഞത്. ഏകപക്ഷീയമായ കളിയില്‍ മുംബൈയെ അവര്‍ ആറു വിക്കറ്റിനു കെട്ടുകെട്ടിക്കുകയായിരുന്നു.
ബാറ്റിങ് പറുദീസയായ വാംഖഡെയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട മുംബൈയെ ഒമ്പതു വിക്കറ്റിനു വെറും 125 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ റോയല്‍സ് കളി വരുതിയിലാക്കിയിരുന്നു. സഞ്ജുവിന്റെ മാരക ക്യാപ്റ്റന്‍സിയാണ് ശക്തമായ ബാറ്റിങ് ലൈനപ്പുള്ള മുബൈയെ ഈ ചെറിയ ടോട്ടലില്‍ പിടിച്ചുകെട്ടാന്‍ റോയല്‍സിനെ സഹായിച്ചത്.

തന്റെ ബൗളര്‍മാരെ സഞ്ജു ഉപയോഗിച്ച രീതി ഗംഭീരമായിരുന്നു. മുംബൈയ്ക്കു മൂക്കുകയറിടാന്‍ വെറും അഞ്ചു ബൗളര്‍മാരെ മാത്രമേ അദ്ദേഹത്തിനു ആവശ്യമായി വന്നുള്ളൂ. ബൗളര്‍മാരെ അത്യുജ്വലമായിട്ടാണ് സഞ്ജു റൊട്ടേറ്റ് ചെയ്തത്. കൂടാതെ അദ്ദേഹത്തിന്റെ ഫീല്‍ഡ് പ്ലേസ്‌മെന്റുകളും എടുത്തു പറയേണ്ടതാണ്. കൃത്യമായ പ്ലാനൊരുക്കിയാണ് സഞ്ജു ഓരോ ബാറ്റര്‍ക്കുമെതിരേ ഫീല്‍ഡ് ക്രമീകരിച്ചത്.
കളിയില്‍ പവര്‍പ്ലേയില്‍ തന്നെ മുംബൈയെ റോയല്‍സ് ബാക്ക്ഫൂട്ടിലാക്കി. ഇതില്‍ നിര്‍ണായക പങ്കുവഹിച്ചത് ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടായിരുന്നു. ന്യൂബോളിലെ മാസ്റ്ററായ അദ്ദേഹം രോഹിത് ശര്‍മ, നമാന്‍ ദിര്‍, ഡെവാള്‍ഡ് ബ്രെവിസ് എന്നിവരെയെല്ലാം ഗോള്‍ഡന്‍ ഡെക്കാക്കുകയായിരുന്നു. ഇതോടെ മുംബൈ മൂന്നിനു 14 റണ്‍സിലക്കു കൂപ്പുകുത്തി. ഇഷാന്‍ കിഷനെ നാന്ദ്രെ ബര്‍ഗറും പുറത്താക്കിയതോടെ മുംബൈ നാലിന് 20 റണ്‍സ്.
തുടര്‍ന്നാണ് മുംബൈ ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് കണ്ടത്. അഞ്ചാം വിക്കറ്റില്‍ നായകന്‍ ഹാര്‍ദിക്- തിലക് വര്‍മ 56 റണ്‍സിന്റെ കൂട്ടുകെട്ടുമായി മുംബൈയെ കരകയറ്റി. വളരെ അഗ്രസീവായ രീതിയിലാണ് ഇരുവരും ബാറ്റ് വീശിയത്. ഇതോടെ മല്‍സരത്തിലേക്കു മുംബൈ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നു ആരാധകര്‍ പ്രതീക്ഷിക്കുകയും ചെയ്തു. പക്ഷെ എട്ടാം ഓവറില്‍ തന്നെ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ സഞ്ജു ബൗളിങില്‍ കൊണ്ടുവന്നു. കാരണം ചഹലിനെതിരേ ഹാര്‍ദിക്കിന്റെ റെക്കോര്‍ഡ് മികച്ചതല്ല.

ഇതുവരെ 64 ബോളുകള്‍ നേരിട്ട ഹാര്‍ദിക്കിനു അദ്ദേഹത്തിനെതിരേ നേടാനായത് 58 റണ്‍സ് മാത്രമാണ്. മൂന്നു തവണ വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തു. ചഹലിനൊപ്പം അടുത്ത എന്‍ഡില്‍ ആര്‍ അശ്വിനെയും സഞ്ജു പരീക്ഷിച്ചു. ഒമ്പതോവര്‍ കഴിയുമ്പോള്‍ മുംബൈ നാലു വിക്കറ്റിനു 75 റണ്‍സെന്ന മികച്ച നിലയിലായിരുന്നു.
പക്ഷെ 10ാം ഓവറില്‍ ഹാര്‍ദിക്കിനെ (34) പുറത്താക്കിയ ചഹല്‍ റോയല്‍സിനു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കി. രണ്ടോവറില്‍ എട്ടു റണ്‍സിനു ഒരു വിക്കറ്റെടുത്ത ചഹലിനെ തികച്ചും അപ്രതീക്ഷിതമായാണ് 12ാം ഓവറില്‍ സഞ്ജു പിന്‍വലിച്ചത്. പകരം ആവേശ് ഖാനെ പന്തേല്‍പ്പിച്ചു. ആദ്യ ബോളില്‍ തന്നെ പിയൂഷ് ചൗളയെ അദ്ദേഹം മടക്കി.
അശ്വിനു ഒരോവര്‍ കൂടി നല്‍കിയ ശേഷമാണ് 14ാം ഓവറില്‍ ചഹലിനെ സഞ്ജു തിരികെ വിളിച്ചത്. ഈ നീക്കവും ഫലം കണ്ടു. രണ്ടാമത്തെ ബോളില്‍ തിലകിനെയും (32) അദ്ദേഹം മടക്കിയതോടെ മുംബൈയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. ഇതോടെ 14 ഓവര്‍ കഴിഞ്ഞപ്പോള്‍ മുംബൈ ഏഴിനു 97 റണ്‍സിലേക്കും കൂപ്പുകുത്തി. 17ാം ഓവറിലാണ് ചഹലിനെക്കൊണ്ട് സഞ്ജു അവസാന ഓവര്‍ എറിയിച്ചത്. ഈ ഓവറിലും വിക്കറ്റ് വരികയും ചെയ്തു. ജെറാള്‍ഡ് കോട്‌സിയാണ് എട്ടാമനായി പുറത്തായത്.