മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണിനെ സംബന്ധിച്ച് കരിയര്‍ ബെസ്റ്റ് ഐപിഎല്‍ സീസണായി ഇത്തവണത്തേത് മാറിയിരിക്കുകയാണ്. 2013 മുതല്‍ ടൂര്‍ണമെന്റില്‍ കളിച്ചു കൊണ്ടിരിക്കുകയാണെങ്കിലും ബാറ്റിങില്‍ ഇത്രയും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനു ഒരിക്കലുമായിട്ടില്ല. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു സഞ്ജുവിനു വഴി തുറന്നതും ഇതു തന്നെയാണ്. എങ്ങനെയാണ് ബാറ്റിങില്‍ അദ്ദേഹത്തിനു ഇത്രയും സ്ഥിരത പുലര്‍ത്താന്‍ സാധിച്ചത്? ഇതിനു പിന്നിലെ രഹസ്യം തുറന്നു പറഞ്ഞിരിക്കുകയാണ് സഞ്ജുവിന്റെ ബാല്യകാല കോച്ചായ ബിജു ജോര്‍ജ്.
രാജസ്ഥാന്‍ റോയല്‍സ് നായകന്‍ കൂടിയായ സഞ്ജു ഇത്തവണ 13 ഇന്നിങ്‌സുകളില്‍ നിന്നും 56 ശരാശരിയില്‍ അടിച്ചെടുത്തത് 504 റണ്‍സാണ്. 156.62 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റോടെയാണിത്. അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുപ്പെടും. കരിയറിലാദ്യമായിട്ടാണ് സഞ്ജു ഒരു സീസണില്‍ 500 റണ്‍സെന്ന മാന്ത്രിക സംഖ്യ തികയ്ക്കുന്നത്. മാത്രമല്ല അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ സീസണില്‍ അദ്ദേഹം നേടിയതും ഇതാദ്യമായാണ്.

ഈ സീസണിനു മുമ്പ് നടത്തിയ ചില മാനസികമായുള്ള തയ്യാറെടുപ്പുകളാണ് സഞ്ജുവിനെ ഇത്രയും മികച്ച പ്രകടനം നടത്താന്‍ സഹായിച്ചതെന്നാണ് ബിജു ജോര്‍ജ് തുറന്നു പറഞ്ഞിരിക്കുന്നത്. സീസണിനു മുമ്പ് സഞ്ജു ആദ്യം ചെയ്ത കാര്യം അവന്റെ ഫോണ്‍ നമ്പര്‍ മാറ്റുകയെന്നതാണ്. സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരുന്ന പഴയ നമ്പര്‍ ഇപ്പോള്‍ സഞ്ജു തല്‍ക്കാലം ഉപയോഗിക്കുന്നില്ല. വളരെ അടുപ്പമുള്ളമുള്ളവര്‍ക്കു മാത്രമേ പുതിയ നമ്പര്‍ അവന്‍ നല്‍കിയിട്ടുള്ളൂവെന്നും ബിജു ജോര്‍ജ് വ്യക്തമാക്കി.
പുറമെ നിന്നും മാനസികമായി തനിക്കു നേരിടാന്‍ സാധ്യതയുള്ള എല്ലാ തരത്തിലുമുള്ള തടസ്സങ്ങളും ബ്ലോക്ക് ചെയ്യുന്നതിനു വേണ്ടിയാണ് സഞ്ജു ഫോണ്‍ നമ്പര്‍ മാറ്റിയത്. അങ്ങനെ ചെയ്താല്‍ അതു തന്റെ ജോലിയില്‍ കൂടുതര്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുമെന്നും അവന് ഉറപ്പായിരുന്നു. തനിക്കു വളരെ വേണ്ടപ്പെട്ടവരോടു അല്ലാതെ ആരുമായും സംസാരിക്കാന്‍ പോലും സഞ്ജു ആഗ്രഹിച്ചിരുന്നില്ലെന്നും ബിജു ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
റോയല്‍സ് ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിന്റെ നാലാമത്തെ വര്‍ഷമാണിത്. 2021ലെ ഐപിഎല്ലിനു മുമ്പാണ് സ്റ്റീവന്‍ സ്മിത്തിനു പകരം അദ്ദേഹം പുതിയ ക്യാപ്റ്റനായി നിയമിക്കപ്പെട്ടത്. നായകനായുള്ള ആദ്യ സീസണില്‍ ടീമിനെ പ്ലേഓഫിലെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും 2022ല്‍ റോയല്‍സിനെ റണ്ണറപ്പാക്കി സഞ്ജു ഈ ക്ഷീണം തീര്‍ക്കുകയായിരുന്നു.

കഴിഞ്ഞ തവണ പ്ലേഓഫിനു തൊട്ടരികെ വരെയെത്തിയെങ്കിലും ഒരു ജയമകലെ അഞ്ചാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഇത്തവണ വീണ്ടുമൊരിക്കല്‍ക്കൂടി ടീമിനെ സഞ്ജു പ്ലേഓഫിലെത്തിച്ചിരിക്കുകയാണ്. ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ ഐപിഎല്‍ ട്രോഫിയാണ് അദ്ദേഹം സ്വപ്‌നം കാണുന്നത്.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമായതിനെക്കുറിച്ചൊന്നും സഞ്ജു ഇപ്പോള്‍ അത്ര ആലോചിക്കുന്നില്ലെന്നാണ് ബിജു ജോര്‍ജ് പറയുന്നത്. ലോകകപ്പ് സെലക്ഷനെപ്പറ്റിയൊന്നും ഇപ്പോള്‍ അവന്റെ മനസ്സില്‍ ഇല്ല. ഇപ്പോളുള്ള തന്റെ ജോലിയിലാണ് സഞ്ജു പൂര്‍ണമായും ശ്രദ്ധിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി നന്നായി കളിക്കുകയും, മികച്ച രീതിയില്‍ അവരെ നയിക്കുകയും ചെയ്യുകയാണ് ഇപ്പോള്‍ അവനു പ്രധാനം.
ഈ സീസണില്‍ റോയല്‍സിനെ സഞ്ജു നന്നായി നയിക്കുന്നതും സ്‌കോര്‍ ചെയ്യുന്നതും കാണുമ്പോള്‍ ഞാന്‍ വളരെ സന്തോഷവാനാണ്. വര്‍ഷങ്ങളായി അവന്‍ നടത്തിവരുന്ന കഠിനാധ്വാനത്തിന്റെ ഫലം തന്നെയാണ് ലോകകപ്പ് സെലക്ഷനെന്നും നിലവില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഫീല്‍ഡിങ് കോച്ച് കൂടിയായ ബിജു ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.