വിശാഖപട്ടണം: രണ്ടു തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ ഐപിഎല്ലില്‍ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയിരിക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ശ്രേയസ് അയ്യരുടെ കെകെആര്‍ 106 റണ്‍സിനാണ് റിഷഭ് പന്തിന്റെ ടീമിനെ വാരിക്കളഞ്ഞത്. തികച്ചും ഏകപക്ഷീയമായാണ് ഡിസിക്കെതിരേ കെകെആര്‍ ജയിച്ചുകയറിയത്.
ആദ്യം ബാറ്റിങിലും പിന്നീട് ബളിങിലും കെകെആറിന്റെ ആധിപത്യത്തിനു മുന്നില്‍ ഡിസിക്കു മറുപടിയില്ലായിരുന്നു. ഈ മല്‍സരത്തില്‍ ഇത്ര വലിയൊരു ദുരന്തം ഡിസി ഏറ്റുവാങ്ങാനുള്ള പ്രധാന കാരണക്കാരന്‍ നായകന്‍ റിഷഭാണ്. അത്രമാത്രം പരിതാപകരമായിരുന്നു കളിയില്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി. ഈ ടൂര്‍ണമെന്റിലെ ഏറ്റവും മോശം നായകന്‍മാരിലൊരാളാണ് താനെന്നു റിഷഭ് ഈ മല്‍സരത്തിലൂടെ കാണിച്ചു തരികയായിരിന്നു.

അത്ര മാത്രം അബദ്ധങ്ങളാണ് അദ്ദേഹം ഈ കളിയില്‍ വരുത്തിയത്. റിഷഭിന്റെ മണ്ടത്തരങ്ങളോടൊപ്പം ഫീല്‍ഡമാര്‍ ചില ക്യാച്ചുകള്‍ പാഴാക്കുകയും കൂടി ചെയ്തതോടെ ഡിസിയുടെ പതനം പൂര്‍ണമാവുകയും ചെയ്തു. തൊട്ടുമുമ്പത്തെ കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അപരാജിത കുറിപ്പ് അവസാനിപ്പിച്ചെത്തിയ ഡിസി ഈ കളിയിലും അത്തരമൊരു മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
പക്ഷെ കെകെആറിന്റെ കരുത്തിനു മുന്നില്‍ ഡിസി നനഞ്ഞ പടക്കമായി മാറുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കെകെആറിനെ 272 റണ്‍സെന്ന വലിയ ടോട്ടല്‍ നേടാന്‍ സഹായിച്ചത് റിഷഭിന്റെ കഴിവുകേടാണ്.
ക്യാപ്റ്റന്‍സിയില്‍ അദ്ദേഹം കൂറേക്കൂടി ജാഗ്രത പുലര്‍ത്തുകയും മികച്ച തീരുമാനങ്ങളെടുക്കുകയും ചെയ്‌തിരുന്നെങ്കില്‍ കെകെആര്‍ 200 റണ്‍സ് കടക്കുമോയെന്നു പോലു സംശയമാണ്. കെകെആറിനെ കൂറ്റന്‍ ടോട്ടലിലെത്തിച്ചത് 39 ബോളില്‍ 85 റണ്‍സ് വാരിക്കൂട്ടിയ സുനില്‍ നരെയ്‌നാണ്. പക്ഷെ അദ്ദേഹം വെറും 24 റണ്‍സില്‍ ക്രീസ് വിടേണ്ടതായിരുന്നു.
ഇഷാന്ത് ശര്‍മയെറിഞ്ഞ നാലാം ഓവറില്‍ റിഷഭിന്റെ പിഴവ് കാരണം നരെയ്ന്‍ പുറത്താവലില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ഓവറിലെ നാലാമത്തെ ബോളില്‍ നരെയ്‌ന്റെ ബാറ്റില്‍ എഡ്ജായ ബോളില്‍ ക്യാച്ചെടുത്തിട്ടും റിവ്യു എടുക്കാന്‍ റിഷഭ് തയ്യാറായില്ല. ടീമംഗമായ മിച്ചെല്‍ മാര്‍ഷ് റിവ്യു എടുക്കാന്‍ അഭ്യര്‍ഥിച്ചെങ്കിലും അദ്ദേഹം അതിനു കൂട്ടാക്കിയില്ല. ഇതാണ് നരെയ്‌നെ 85 റണ്‍സിലെത്തിച്ചത്.
സമാനമായ മറ്റൊരു അബദ്ധം കൂടി ഈ കളിയില്‍ റിഷഭ് വരുത്തിയിരുന്നു. ഒരിക്കല്‍ക്കൂടി ബാറ്റില്‍ എഡ്ജായിട്ടും അദ്ദേഹമതു കേട്ടില്ല. ഇത്തവണ കെകെആര്‍ നായകന്‍ ശ്രേയസ് അയ്യര്‍ക്കാണ് റിഷഭ് ആയുസ് നേടിക്കൊടുത്തത്.
റാസിഖ് സലാമെറിഞ്ഞ 15ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ ശ്രേയസിന്റെ ബാറ്റില്‍ എഡ്ജായ ബോള്‍ പിടികൂടിയിട്ടും താന്‍ ശബ്ദമൊന്നും കേട്ടില്ലെന്നായിരുന്നു റിഷഭിന്റെ പ്രതികരണം. തുടര്‍ന്നു റിവ്യു എടുക്കാതെ അദ്ദേഹം മാറി നില്‍ക്കുകയും ചെയ്തു. മൂന്നു റണ്‍സിനു പുറത്താവേണ്ടിയിരുന്ന ശ്രേയസ് ഇതോടെ 18 റണ്‍സിലെത്തുകയും ചെയ്തു.

രണ്ടു സന്ദര്‍ഭങ്ങളില്‍ ചെവി കേള്‍ക്കാതിരിക്കുക മാത്രമല്ല ബൗളിങ് റൊട്ടേഷനുകളുടെ കാര്യത്തിലും റിഷഭ് തികഞ്ഞ പരാജയമായിരുന്നു. അഞ്ചോവറില്‍ കെകെആര്‍ ഒരു വിക്കറ്റിനു 70 റണ്‍സെന്ന വലിയ സ്‌കോറിലെത്തിയിരുന്നു. പക്ഷെ ഈ സന്ദര്‍ഭത്തില്‍ ഒരു സ്ലോ ബൗളറെ പരീക്ഷിച്ചു നോക്കാനോ കെകെആറിന്റെ റണ്ണൊഴുക്ക് തടയാനോയുള്ള നീക്കം റിഷഭ് നടത്തിയില്ല.
പകരം അനുഭവസമ്പത്ത് ഒട്ടുമില്ലാത്ത റാസിഖ്, സുമിത് കുമാര്‍ എന്നിവര്‍ക്കാണ് അടുത്ത രണ്ടോവറുകള്‍ റിഷഭ് നല്‍കിയത്. ഇവയില്‍ നിന്നും 23 റണ്‍സ് കെകെആര്‍ അടിച്ചെടുക്കുകയും ചെയ്തു. എട്ടാം ഓവറിലാണ് അക്ഷര്‍ പട്ടേലിനെ റിഷഭ് പരീക്ഷിക്കുന്നത്. പക്ഷെ അപ്പോഴേക്കും 93 റണ്‍സുമായി മല്‍സരം ഡിസിയില്‍ നിന്നും പൂര്‍ണമായി വഴുതിപ്പോയിരുന്നു. കുറേക്കൂടി നേരത്തേ അക്ഷറിനെ റിഷഭിനു പരീക്ഷിക്കാമായിരുന്നു.
നരെയ്‌ന്റെ റിവ്യുക്കു മുമ്പ് ഇന്നിങ്‌സിലെ ആദ്യ ബോളില്‍ ഫിലിപ്പ് സാള്‍ട്ട് ഗോള്‍ഡന്‍ ഡെക്കാവേണ്ടതായിരുന്നു. പക്ഷെ ഖലീല്‍ അഹമ്മദിന്റെ ബൗളിങില്‍ റിഷഭ് ക്യാച്ച് പാഴാക്കി. ബൗളര്‍മാരെ റൊട്ടേറ്റ് ചെയ്യുന്ന കാര്യത്തില്‍ ആദ്യ 10 ഓവറില്‍ മാത്രമല്ല അടുത്ത പത്തോവറിലും അദ്ദേഹം വന്‍ ഫ്‌ളോപ്പായി. കെകെആറിനെ എങ്ങനെ പിടിച്ചുനിര്‍ത്തമെന്നറിയാതെ തികച്ചും നിസ്സഹായനായിട്ടാണ് റിഷഭ് കാണപ്പെട്ടത്.