കൊല്‍ക്കത്ത: ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റനായി റിഷഭ് പന്ത് വന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കെ ഇത്തരമൊരു നീക്കത്തെക്കുറിച്ച് ബിസിസിഐ ഒന്നുകൂടി ആലോചിക്കേണ്ടതായി വരും. കാരണം ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള പോരാട്ടത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പം അത്രയും മോശം ക്യാപ്റ്റന്‍സിയായിരുന്നു അദ്ദേഹത്തിന്റേത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന കളിയില്‍ ഡിസി ഏഴു വിക്കറ്റിന്റെ പരാജയമേറ്റു വാങ്ങാന്‍ പ്രധാന കാരണക്കാരനും റിഷഭ് തന്നെയാണ്.
ബാറ്റര്‍മാര്‍ വിലസുന്ന ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ചില്‍ റിഷഭ് കാണിച്ച ആദ്യത്തെ മണ്ടത്തരം ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്തുവെന്നതായിരുന്നു. ഈ പിച്ചില്‍ റണ്‍ചേസ് അത്ര കടുപ്പമല്ലെന്നും തൊട്ടുമുമ്പത്തെ കളിയില്‍ 261 റണ്‍സും ചേസ് ചെയ്തിരുന്നുവെന്നു അറിയാമായിരുന്നിട്ടും റിഷഭ് ആദ്യം ബാറ്റ് ചെയ്യുകയെന്ന മണ്ടത്തരം കാണിക്കുകയായിരുന്നു. പക്ഷെ വെറും 152 റണ്‍സ് മാത്രമേ ഡിസിക്കു നേടാനായുള്ളൂ. ഈ ടോട്ടല്‍ 16.3 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കെകെആര്‍ മറികടക്കുകയും ചെയ്തു.

നേരത്തേ ഡിസിയെ എറിഞ്ഞിടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് കെകെആറിന്റെ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയായിരുന്നു. മൂന്നു വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്. സ്പിന്‍ ബൗളിങിനു ഈ പിച്ചില്‍ നിന്നും എത്ര മാത്രം ആനുകൂല്യം ലഭിച്ചുവെന്നു വരുണിന്റെ ഈ പ്രകടനം അടിവരയിടുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ കെകെആറിന്റെ റണ്‍ചേസില്‍ ഡിസി തുടക്കത്തില്‍ തന്നെ സ്പിന്നര്‍മാരെ കൊണ്ടു വരുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ തുടങ്ങിയ മികച്ച സ്പിന്നര്‍മാരും ഡിസി ബൗളിങ് ലൈനപ്പിലുണ്ടായിരുന്നു.
153 റണ്‍സെന്ന ചെറിയ ടോട്ടല്‍ ഈ പിച്ചില്‍ പ്രതിരാേധിച്ചു ജയിക്കണമെങ്കില്‍ ഡിസിക്കു തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ ആവശ്യമായിരുന്നു. ഈ പിച്ചില്‍ പേസര്‍മാരേക്കാള്‍ അതിനു സാധിക്കുക സ്പിന്നര്‍മാര്‍ക്കായിരുന്നു. പക്ഷെ റിഷഭ് വളരെ വിചിത്രമായ ക്യാപ്റ്റന്‍സിയാണ് പുറത്തെടുത്തത്. യാതൊരു പ്ലാനിങ്ങുമില്ലാതെയാണ് അദ്ദേഹം തന്റെ ബൗളര്‍മാരെ ഉപയോഗിച്ചത്.
പവര്‍പ്ലേയില്‍ ഒരു സ്പിന്നറെ പോലും പരീക്ഷിച്ചു നോക്കാന്‍ റിഷഭ് തയ്യാറായില്ല. ഇതോടെ കളിയും കൈവിട്ടുപോയി. ആറോവര്‍ കഴിയുമ്പോള്‍ ഡിസി വിക്കറ്റ് നഷ്ടമില്ലാതെ 79 റണ്‍സെന്ന മികച്ച സ്‌കോറിലെത്തിയിരുന്നു. അടുത്ത 14 ഓവറില്‍ 10 വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ വെറും 75 റണ്‍സ് മാത്രമേ കെകെആറിനു ആവശ്യമായിരുന്നുള്ളൂ.
പവര്‍പ്ലേ കഴിഞ്ഞ് ഏഴാം ഓവറില്‍ അക്ഷറിനെ കൊണ്ടു വരുമ്പോഴേക്കും മല്‍സരം ഡിസിയില്‍ നിന്നും വഴുതിപ്പോയിരുന്നു. അക്ഷര്‍ ആദ്യ ബോളില്‍ തന്നെ സുനില്‍ നരെയ്‌ന മടക്കിയപ്പോള്‍ റിഷഭ് എത്ര മാത്രം വലിയ പിഴവാണ് സ്പിന്നര്‍മാരെ വൈകിപ്പിച്ചതിലൂടെ വരുത്തിയതെന്നും തെളിഞ്ഞു. രണ്ടോവറിനിടെ മറ്റൊരു ഓപ്പണറായ ഫില്‍ സാള്‍ട്ടിനെയും (68) അക്ഷര്‍ പുറത്താക്കിയെങ്കിലും കെകെആറിന്റെ ടോട്ടല്‍ 96ലെത്തിയിരുന്നു.

മൂന്നാമത്തെയോ, നാലാമത്തെയോ ഓവറില്‍ തന്നെ സ്പിന്‍ ജോടികളെ റിഷഭ് പരീക്ഷിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ മല്‍സരഫലം മറ്റൊന്നാവുമായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ വളരെ മോശം ക്യാപ്റ്റന്‍സി കാരണം ഡിസി തോല്‍വിയിലേക്കു വീഴുകയായിരുന്നു. പേസര്‍ ലിസാര്‍ഡ് വില്ല്യംസ് എറിഞ്ഞ ആദ്യ ഓവറില്‍ കെകെആര്‍ വാരിക്കൂട്ടിയത് 23 റണ്‍സാണ്.
അടുത്ത ഓവറില്‍ ഖലീല്‍ അഹമ്മദ് നാലു റണ്‍സ് മാത്രമേ വിട്ടുകൊടുത്തുളളൂ. മൂന്നാം ഓവറില്‍ അക്ഷര്‍, കുല്‍ദീപ് എന്നിവരിലൊരാളെ ആയിരുന്നു റിഷഭ് കൊണ്ടു വരേണ്ടിയിരുന്നത്. പക്ഷെ ആദ്യ ഓവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത വില്ല്യംസിന് വീണ്ടും ബോള്‍ നല്‍കി റിഷഭ് എല്ലാവരെയും ഞെട്ടിച്ചു. ഈ ഓവറില്‍ 13 റണ്‍സും വില്ല്യംസ് വാരിക്കോരി നല്‍കി. ഇതോടെ കെകെആര്‍ മൂന്നോവറില്‍ 40ലെത്തി.
എന്നിട്ടും സ്പിന്നര്‍മാരെ പരീക്ഷിക്കാതെ ഖലീല്‍, റാസിഖ് ദാര്‍ എന്നിവരെ വച്ച് പ്ലേഓഫ് പൂര്‍ത്തിയാക്കുകയായിരുന്നു. നാലാം ഓവറില്‍ ഖലീല്‍ ആറു റണ്‍സേ വഴങ്ങിയുള്ളൂ. റാസിഖിന്റെ അടുത്ത ഓവറില്‍ 15 റണ്‍സ് കെകെആര്‍ അടിച്ചെടുത്തു. പവര്‍പ്ലേയിലെ അവസാന ഓവറില്‍ ഖലീലിനെതിരേ 18 റണ്‍സും കെകെആര്‍ സ്‌കോര്‍ ചെയ്തു. ഇതോടെ പവര്‍പ്ലേയില്‍ അവര്‍ 79 റണ്‍സും പടുത്തുയര്‍ത്തി.