കൊല്‍ക്കത്ത: ഐപിഎല്ലില്‍ തുടര്‍ തോല്‍വികള്‍ക്കു ബ്രേക്കിട്ടു ശക്തമായ തിരിച്ചുവരവ് നടത്താനും പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താനുമുള്ള സുവര്‍ണാവസരം കളഞ്ഞു കുളിച്ചിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനതിരേ ജയിക്കേണ്ടിയിരുന്ന മല്‍സരമാണ് ആര്‍സിബി നഷ്ടപ്പെടുത്തിയത്. ഈ പരാജയത്തിനു ആര്‍സിബിക്കു സ്വയം കഴിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. കാരണം കൈക്കുമ്പിളില്‍ നിന്നാണ് ആര്‍സിബി മികച്ചൊരു ജയം നഷ്ടപ്പെടുത്തിയത്.
223 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി അവസാന ബോളില്‍ 221 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. ഒരു റണ്‍സിന്റെ നാടകീയ വിജയമാണ് ശ്രേയസ് അയ്യരും സംഘവും സംഘവും സ്വന്തമാക്കിയത്. റണ്‍ചേസില്‍ തുടക്കം പാളിയ ശേഷമാണ് ആര്‍സിബി സടകുടഞ്ഞെഴുന്നേറ്റത്. മൂന്നാം വിക്കറ്റില്‍ 102 റണ്‍സിന്റെ കൂട്ടുകെട്ടുമായി വില്‍ ജാക്ക്‌സും രജത് പാട്ടിധാറും ടീമിനെ കൈപിടിച്ചുയര്‍ത്തി. 11 ഓവറുകള്‍ കഴിയുമ്പോള്‍ ആര്‍സിബി വിജയത്തിലേക്കു കുതിക്കുകയായിരുന്നു. രണ്ടു വിക്കറ്റിനു 137 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ആര്‍സിബി.

ഫിഫ്റ്റികള്‍ വീതം നേടി വില്‍ ജാക്ക്‌സും (55) രജത് പാട്ടിധാറുമായിരുന്നു (52) ക്രീസില്‍. എട്ടു വിക്കറ്റുകള്‍ കൈയിലിരിക്കെ 54 ബോളില്‍ ജയിക്കാന്‍ വേണ്ടത് 86 റണ്‍സ് മാത്രം. ഒന്നോ, രണ്ടോ മികച്ച ഓവറുകള്‍ ലഭിച്ചാല്‍ ആര്‍സിബിക്കു കാര്യങ്ങള്‍ എളുപ്പം. ടീം ജയിക്കുമെന്നു ആരാധകര്‍ ഉറപ്പിച്ച നിമിഷമായിരുന്നു ഇത്. പക്ഷെ 12ാം ഓവറിലാണ് മല്‍സരഗതി മാറിയത്. ആന്ദ്രെ റസ്സലിനെ ഈ ഓവറില്‍ ശ്രേയസ് ബൗള്‍ ചെയ്യാന്‍ വിളിക്കുകയായിരുന്നു. ആദ്യ ബോളില്‍ തന്നെ ജാക്ക്‌സിനെ മടക്കി റസ്സല്‍ കെകെആറിനു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കി.
വമ്പന്‍ ഷോട്ടിനു ശ്രമിച്ച ജാക്‌സിനെ ലോങ് ഓണില്‍ രഘുവംശി പിടികൂടുകയായിരുന്നു. ഈ വിക്കറ്റില്‍ നിന്നും പാഠം പഠിക്കാതെ നാലാമത്തെ ബോളില്‍ പാട്ടിധാറും ആഞ്ഞടിക്കുകയായിരുന്നു. ബാക്ക് വേര്‍ഡ് പോയിന്റില്‍ ഹര്‍ഷിത് റാണയാണ് ക്യാച്ചെടുത്തത്. ക്രീസില്‍ നിലയുറപ്പിച്ച ജാക്ക്‌സ് മടങ്ങിയതിനു പിന്നാലെ ഇത്തരമൊരു റിസ്‌ക്കി ഷോട്ടിനു ഈ ഘട്ടത്തില്‍ പാട്ടിധാര്‍ മുതിരാന്‍ പാടില്ലായിരുന്നു. പക്ഷെ അനാവശ്യ ധൃതി കാണിച്ച് അദ്ദേഹം വിക്കറ്റ് വലിച്ചെറിഞ്ഞു. നന്നായി ബാറ്റ് ചെയ്തു കൊണ്ടിരുന്ന രണ്ടു പേരെയു ഒരേ ഓവറില്‍ നഷ്ടമായതാണ് ആര്‍സിബിയുടെ താളം തെറ്റിച്ചത്.
13ാം ഓവറില്‍ ആര്‍സിബി വീണ്ടും സ്വയം കുഴി തോണ്ടി. വിലപ്പെട്ട രണ്ടു വിക്കറ്റുകള്‍ കൂടി ആര്‍സിബി ഈ ഓവറില്‍ പാഴാക്കി. സ്പിന്നര്‍ സുനില്‍ നരെയ്‌നായിരുന്നു ഈ ഓവര്‍ ബൗള്‍ ചെയ്തത്. അപകടകാരിയായ അദ്ദേഹത്തിന്റെ അവസാന ഓവറായിരുന്നു ഇത്. അതുകൊണ്ടു തന്നെ ആര്‍സിബി കുറേക്കൂടി ജാഗ്രത പാലിച്ച് ഈ ഓവര്‍ കടക്കാനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത്. പക്ഷെ ആര്‍സിബി ബാറ്റര്‍മാര്‍ അത്തരമൊരു ജാഗ്രത ഈ ഓവറില്‍ കാണിച്ചില്ല.

ഓവറിലെ രണ്ടാമത്തെ ബോളില്‍ കാമറൂണ്‍ ഗ്രീന്‍ സിക്‌സര്‍ പറത്തിയിരുന്നു. ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഷോട്ട്. ഓവറിലെ ശേഷിച്ച നാലു ബോളില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് 9-10 റണ്‍സ് നേടുക മാത്രമേ ആര്‍സിബിക്കു ആവശ്യമായിരുന്നുള്ളൂ. പക്ഷെ സിക്‌സറിനു പിന്നാലെ ആവേശം മൂത്ത് ഗ്രീന്‍ അടുത്ത ബോളിലും വമ്പന്‍ ഷോട്ടിനു തുനിയുകയായിരുന്നു. വീണ്ടും ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെയായിരുന്നു ഷോട്ട്. എന്നാല്‍ കണക്കുകൂട്ടല്‍ പാളി. ബൗണ്ടറി ലൈനിന് അരികെ രമണ്‍ദീപ് സിങാണ് ഗ്രീനിനെ പിടികൂടിയത്.
അവസാന ബോളില്‍ മഹിപാല്‍ ലൊംറോറിനെയും (4) ആര്‍സിബിക്കു നഷ്ടമായി. ലെഗ് സൈഡിലേക്കു കളിക്കാന്‍ ശ്രമിച്ച താരത്തിന്റെ ബാറ്റിന്റെ അരികില്‍ തട്ടിയുയര്‍ന്ന ബോളില്‍ നരെയ്ന്‍ തന്നെയാണ് ക്യാച്ചെടുത്തത്. ഇതോടെ രണ്ടു വിക്കറ്റിനു 137 റണ്‍സില്‍ നിന്നും രണ്ടോവറിനിടെ ആര്‍സിബി ആറിനു 155ലേക്കു വീഴുകയും ചെയ്തു. 18 റണ്‍സിനിടെയാണ് നാലു വിക്കറ്റുകള്‍ ആര്‍സിബി കളഞ്ഞുകുളിച്ചത്. പിന്നീട് അങ്ങോട്ട് ആര്‍സിബിക്കു കാര്യങ്ങള്‍ ദുഷ്‌കരമാക്കുകയും ചെയ്തു. ദിനേശ് കാര്‍ത്തികും (25) കരണ്‍ ശര്‍മയും (20) വാലറ്റത്ത് പൊരുതിയെങ്കിലും ജയം കൂടെ നിന്നില്ല.