ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ തോല്‍വി തുടരുകയാണ്. ഏഴ് മത്സരത്തില്‍ നിന്ന് ആറിലും തോറ്റ ആര്‍സിബിയുടെ പ്ലേ ഓഫ് സാധ്യതകളും മങ്ങിയിരിക്കുകയാണ്. ശേഷിക്കുന്ന ഏഴ് മത്സരങ്ങളും ജയിച്ചാലും ആര്‍സിബിക്ക് പ്ലേ ഓഫിലേക്കെത്തുക പ്രയാസമായിരിക്കുമെന്ന് പറയാം. അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 25 റണ്‍സിനാണ് ആര്‍സിബി തോറ്റത്.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 3 വിക്കറ്റിന് 287 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ആര്‍സിബിക്ക് 7 വിക്കറ്റിന് 262 റണ്‍സാണ് നേടാനായത്. ആര്‍സിബി ശക്തമായ പോരാട്ടം കാഴ്ചവെച്ചെങ്കിലും ജയിക്കാന്‍ സാധിക്കാതെ പോയി. ആര്‍സിബിയുടെ തോല്‍വിയില്‍ സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനെക്കാളും സന്തോഷിക്കുന്ന ടീം മുംബൈ ഇന്ത്യന്‍സാണ്. കാരണം മുംബൈയുടെ പേരിലുണ്ടായിരുന്ന രണ്ട് നാണംകെട്ട റെക്കോഡാണ് ഇപ്പോള്‍ ആര്‍സിബിയുടെ പേരിലേക്കായിരിക്കുന്നത്.
അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ വഴങ്ങുന്ന ടീമെന്ന നാണക്കേടിലേക്കാണ് ആര്‍സിബി എത്തിയിരിക്കുന്നത്. ഇതിന് മുമ്പ് മുംബൈ ഇന്ത്യന്‍സിന്റെ പേരിലായിരുന്നു ഈ റെക്കോഡ്. എന്നാല്‍ ഇപ്പോള്‍ ഈ നാണക്കേടിലേക്ക് ആര്‍സിബി എത്തിയിരിക്കുകയാണ്. ഹൈദരാബാദിന്റെ ട്രാവിസ് ഹെഡ് സെഞ്ച്വറി നേടിയതോടെയാണ് വലിയ നാണക്കേടിലേക്ക് ആര്‍സിബി എത്തിയിരിക്കുന്നത്. 41 പന്ത് നേരിട്ട് 9 ഫോറും 8 സിക്‌സും ഉള്‍പ്പെടെ 102 റണ്‍സ് നേടിയാണ് ഹെഡ് പുറത്തായത്.
ഹൈദരാബാദിന് അടിത്തറ ഒരുക്കിയത് ഹെഡാണെന്ന് പറയാം. എന്തായാലും കൂടുതല്‍ സെഞ്ച്വറി വഴങ്ങുന്ന ടീമെന്ന നാണക്കേടില്‍ നിന്ന് മുംബൈ രക്ഷപെടുകയും ആര്‍സിബി ഈ റെക്കോഡിലേക്ക് എത്തിപ്പെടുകയും ചെയ്തിരിക്കുകയാണ്. കൂടാതെ ഐപിഎല്ലിലെ ഒരു മത്സരത്തില്‍ കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ടീമെന്ന റെക്കോഡ് മുംബൈയുടെ പേരിലായിരുന്നു. ഈ സീസണില്‍ത്തന്നെ ഹൈദരാബാദ് മുംബൈക്കെതിരേ 277 റണ്‍സ് നേടിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഹൈദരാബാദ് ആര്‍സിബിക്കെതിരേ 287 റണ്‍സടിച്ചതോടെ ഈ നാണക്കേടില്‍ നിന്നും മുംബൈ രക്ഷപെട്ടു. ഈ സീസണില്‍ വലിയ കിരീട പ്രതീക്ഷയോടെയാണ് ആര്‍സിബി ഇറങ്ങിയതെങ്കിലും ഭാഗ്യം തുണച്ചില്ലെന്നതാണ് വസ്തുത. ബൗളര്‍മാരെല്ലാം ചെണ്ടയായി മാറുന്നു. അതുകൊണ്ടുതന്നെ ആര്‍സിബിക്ക് ഇനിയുള്ള മത്സരങ്ങളിലും വിജയം നേടുക കടുപ്പമായിരിക്കുമെന്നതാണ് വസ്തുത. ആര്‍സിബിയുടെ ബാറ്റ്‌സ്മാന്‍മാര്‍ പൊരുതുന്നുണ്ടെങ്കിലും ബൗളര്‍മാര്‍ പിന്തുണക്കുന്നില്ല.
മുഹമ്മദ് സിറാജ്, അല്‍സാരി ജോസഷ്, യഷ് ദയാല്‍, റീസെ ടോപ്ലി തുടങ്ങി ആര്‍സിബി പ്രതീക്ഷവെച്ച പേസ് ബൗളര്‍മാരെല്ലാം തല്ലുകൊള്ളികളാവുകയാണ്. എടുത്തു പറയാന്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറും ആര്‍സിബി നിരയിലില്ല. ടീം മാനേജ്‌മെന്റിന്റെ തെറ്റായ തീരുമാനങ്ങളും ആര്‍സിബിയെ തളര്‍ത്തുന്നുണ്ട്. ബാറ്റിങ് നിരക്ക് അമിത പ്രാധാന്യം നല്‍കുന്ന നിലപാട് ടീം മാനേജ്‌മെന്റ് എടുക്കുന്നതാണ് ആര്‍സിബിയെ പിന്നോട്ടടിക്കുന്നത്.
ഇനിയുള്ള മത്സരങ്ങളില്‍ ജയിച്ച് അവസാന സ്ഥാനക്കാരായി ഒതുങ്ങാതിരിക്കാനാണ് ആര്‍സിബി ഇനി പരിശ്രമിക്കേണ്ടത്. വലിയ താരസമ്പത്തുണ്ടായിട്ടും ആരാധക പിന്തുണയുണ്ടായിട്ടും അവരോട് നീതികാട്ടാന്‍ ആര്‍സിബിക്ക് സാധിക്കുന്നില്ല. ഗ്ലെന്‍ മാക്‌സ് വെല്‍, കാമറൂണ്‍ ഗ്രീന്‍, അല്‍സാരി ജോസഫ് എന്നീ വിദേശ താരങ്ങള്‍ക്കെല്ലാം കോടികള്‍ പ്രതിഫലം നല്‍കിയാണ് ആര്‍സിബി ടീമിലേക്കെത്തിച്ചത്. എന്നാല്‍ ഇവരെ പ്ലേയിങ് 11ന് പുറത്തിരുത്താന്‍ ആര്‍സിബി ഇപ്പോള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
ഇനിയുള്ള ഏഴ് മത്സരം ജയിച്ചാലും പരമാവധി 16 പോയിന്റാണ് ആര്‍സിബിക്ക് ലഭിക്കുക. അതുകൊണ്ടുതന്നെ പ്ലേ ഓഫില്‍ കടക്കുക കടുപ്പമായിരിക്കും. വിരാട് കോലി ഐപിഎല്‍ കിരീടം നേടുന്നത് കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നതാണ് സത്യം. വരുന്ന സീസണിലെങ്കിലും ആര്‍സിബി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം.