ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ആര്‍സിബി നിരാശപ്പെടുത്തുന്ന പ്രകടനം തുടരുകയാണ്. ഏഴ് മത്സരത്തില്‍ ആറിലും ആര്‍സിബി പരാജയപ്പെട്ടു. അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 25 റണ്‍സിനാണ് ആര്‍സിബി തോറ്റത്. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് 3 വിക്കറ്റിന് 287 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ആര്‍സിബിക്ക് 7 വിക്കറ്റിന് 262 റണ്‍സാണ് നേടാനായത്. തുടര്‍ തോല്‍വികളോടെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കും ആര്‍സിബി എത്തിയിരിക്കുകയാണ്.
2 പോയിന്റ് മാത്രം അക്കൗണ്ടിലുള്ള ആര്‍സിബിക്ക് ഇത്തവണ പ്ലേ ഓഫില്‍ കളിക്കാന്‍ അവസരം ലഭിക്കുമോ?. സാധ്യതകള്‍ പരിശോധിക്കാം. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ആര്‍സിബിക്ക് 7 മത്സരങ്ങളാണ് ശേഷിക്കുന്നത്. എല്ലാ മത്സരങ്ങളും ജയിച്ചാല്‍ പരമാവധി 16 പോയിന്റാണ് ആര്‍സിബിക്ക് ലഭിക്കുക. നെറ്റ് റണ്‍റേറ്റ് -1.185 ആണ് ആര്‍സിബിക്കുള്ളത്. ഇനിയുള്ള എല്ലാ മത്സരത്തിലും വലിയ ജയം നേടാതെ ആര്‍സിബിക്ക് നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താനാവില്ല.
അങ്ങനെ സംഭവിച്ചാല്‍ തന്നെ ആര്‍സിബിക്ക് പ്ലേ ഓഫിലെത്തുക കടുപ്പമായിരിക്കും. 10 ടീമുകള്‍ കളിക്കുന്ന ടീമില്‍ കുറഞ്ഞത് 16 പോയിന്റില്ലാതെ പ്ലേ ഓഫിലേക്കെത്താനാവില്ല. ഈ സാഹചര്യത്തില്‍ ആര്‍സിബി ഇത്തവണ പ്ലേ ഓഫിലെത്താനുള്ള സാധ്യത വിരളമാണ്. മഹാത്ഭുതങ്ങള്‍ സംഭവിക്കാത്ത പക്ഷം ആര്‍സിബി പ്ലേ ഓഫ് കാണില്ലെന്നുറപ്പാണ്. ഇനിയുള്ള ഏഴ് മത്സരങ്ങള്‍ ജയിക്കുകയെന്നത് ആര്‍സിബിക്ക് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്.
കെകെആര്‍, ഹൈദരാബാദ്, ഗുജറാത്ത് എന്നിവര്‍ക്കെതിരായ എവേ മത്സരമാണ് അടുത്തതായി ആര്‍സിബിയെ കാത്തിരിക്കുന്നത്. ബാക്കിയുള്ള മത്സരങ്ങള്‍ തട്ടകത്തിലാണ്. എവേ മത്സരങ്ങള്‍ ജയിക്കുകയെന്നതാണ് ആര്‍സിബിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ഇതിന് സാധ്യത കുറവായതിനാല്‍ ആര്‍സിബി ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്ന് ഏറെക്കുറെ ഉറിപ്പിച്ച് തന്നെ പറയാനാവും.

ആര്‍സിബിയുടെ വനിതാ ടീം വനിതാ പ്രീമിയര്‍ ലീഗ് കിരീടം നേടിയതിനാല്‍ ഇത്തവണത്തെ ഐപിഎല്‍ കിരീടം ആര്‍സിബിക്ക് അഭിമാന പ്രശ്‌നമായിരുന്നു. എന്നാല്‍ ആദ്യ പാദം പൂര്‍ത്തിയാകുമ്പോള്‍ ആര്‍സിബി പ്ലേ ഓഫ് പോലും കാണില്ലെന്ന് ഏറെക്കുറെ ഉറപ്പിച്ച് പറയാവുന്ന അവസ്ഥയിലാണ്. ആര്‍സിബിയുടെ ബൗളിങ് നിരയാണ് മെച്ചപ്പെടേണ്ടത്. അല്ലാത്ത പക്ഷം ടീമിന് സ്വപ്‌നത്തില്‍ പോലും കിരീടം പ്രതീക്ഷിക്കാനാവില്ല.
അടുത്ത സീസണില്‍ മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ ആര്‍സിബി ടീമില്‍ വലിയ ഉടച്ചുവാര്‍ക്കല്‍ നടത്തേണ്ടതായുണ്ട്. പ്രധാനമായും മികച്ച ബൗളര്‍മാരെ കണ്ടെത്തുകയെന്നതാണ് ടീം മാനേജ്‌മെന്റ് ചെയ്യേണ്ടത്. നിലവിലെ ആര്‍സിബിയുടെ ബൗളിങ് നിര ചെണ്ടകളാണ്. വിശ്വസിക്കാന്‍ കഴിയുന്ന ഒരു ബൗളറും ആര്‍സിബി നിരയിലില്ല. ഇതാണ് ടീമിനെ പിന്നോട്ടടിക്കുന്നതും. ബാറ്റിങ് നിര ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്.
എന്നാല്‍ ബൗളര്‍മാരില്‍ നിന്ന് യാതൊരു പിന്തുണയും ലഭിക്കുന്നില്ലെന്നതാണ് വസ്തുത. വിരാട് കോലി, ഫഫ് ഡുപ്ലെസിസ് എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. എന്നാല്‍ കോടികള്‍ നല്‍കി മുംബൈയില്‍ നിന്ന് സ്വന്തമാക്കിയ കാമറൂണ്‍ ഗ്രീന്‍ നനഞ്ഞ പടക്കമായി. ഗ്ലെന്‍ മാക്‌സ് വെല്ലിനും ഇത്തവണ ശോഭിക്കാനായിട്ടില്ല. മൂന്ന് തവണ ഡെക്കിന് പുറത്തായ താരം നിലവില്‍ പ്ലേയിങ് 11ന് പുറത്താണ്. അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കി ദിനേഷ് കാര്‍ത്തിക് ആര്‍സിബിക്കായി കഠിനാധ്വാനം ചെയ്യുന്നുണ്ട്.
ഹൈദരാബാദിനെതിരേ 35 പന്തില്‍ 83 റണ്‍സാണ് കാര്‍ത്തിക് നേടിയത്. 237ന് മുകളിലാണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. എന്നാല്‍ യുവതാരങ്ങളൊന്നും അവസരത്തിനൊത്തുയരുന്നില്ല. ഈ സീസണില്‍ ആര്‍സിബി വലിയ പ്രതീക്ഷവെച്ചിരുന്നെങ്കിലും നിരാശയോടെ മടങ്ങാനാണ് ടീമിന്റെ വിധി.