ഐപിഎല്ലില്‍ അനായാസം പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടില്‍ ഫിനിഷ് ചെയ്ത് ക്വാളിഫയര്‍ വണ്ണില്‍ കളിക്കേണ്ടയിടത്തു നിന്നും രാജസ്ഥാന്‍ റോയല്‍സ് ഇപ്പോള്‍ എലിമിനേറ്ററെന്ന വാള്‍മുനയില്‍ നില്‍ക്കുകയാണ്. തോറ്റാല്‍ ഫൈനല്‍ കാണാതെ പുറത്താവുമെന്ന വലിയ അഗ്നിപരീക്ഷയാണ് ഇനി സഞ്ജു സാംസണിനും സംഘത്തിനും മുന്നിലുള്ളത്. വളരെ മികച്ചൊരു അവസ്ഥയില്‍ നിന്നും റോയല്‍സിനു ഇത്തരമൊരു വീഴ്ച നേരിട്ടതിന്റെ ഞെട്ടലിലും നിരാശയിലുമാണ് ആരാധകര്‍. ഇതിനുള്ള കാരണങ്ങള്‍ തിരയുകയാണ് അവര്‍.
സീസണിന്റെ ആദ്യ പകുതിയില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തു നിന്ന റോയല്‍സിനു എങ്ങനെ ഇത്തരമൊരു തിരിച്ചടി നേരിട്ടുവെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ആദ്യത്തെ ഏഴു മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 12 പോയിന്റോടെ തലപ്പത്തായിരുന്നു റോയല്‍സ്. ഏഴു മല്‍സരങ്ങളില്‍ ആറിലും അവര്‍ ജയിക്കുകയും ചെയ്തു. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഒരേയൊരു മല്‍സരം മാത്രമേ റോയല്‍സ് തോറ്റിരുന്നുള്ളൂ.

പിന്നീട് കാര്യങ്ങള്‍ അടിമുടി മാറുകയായിരുന്നു. ശേഷിച്ച ഏഴു മല്‍സരങ്ങളില്‍ നിന്നും റോയല്‍സിനു അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ക്കാനായത് വെറും അഞ്ചു പോയിന്റ് മാത്രം. ഇതില്‍ ഒരു പോയിന്റാവട്ടെ മഴയുടെ കാരുണ്യം കൊണ്ടുമായിരുന്നു. സീസണിന്റെ രണ്ടാംപകുതിയില്‍ കളിച്ച ഏഴു മല്‍സങ്ങളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമേ റോയല്‍സ് ജയിച്ചിട്ടുള്ളൂ. തുടര്‍ച്ചയായി നാലെണ്ണത്തില്‍ അവര്‍ പരാജയമേറ്റു വാങ്ങിയപ്പോള്‍ ഒരു മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെടുകയും ചെയ്തു.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള അവസാനത്തെ ലീഗ് മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെടും മുമ്പ് കളിച്ച നാലു കളിയിലും റോയല്‍സ് ജയിച്ചിട്ടില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. എലിമിനേറ്ററെന്ന അപകടത്തിലേക്കു റോയല്‍സിനെ ഇപ്പോള്‍ എത്തിച്ചിരിക്കുന്നതും ഇതു തന്നെയാണ്. അവസാനത്തെ നാലു മല്‍സരങ്ങളില്‍ റോയല്‍സിനു ജയിക്കാന്‍ സാധിക്കുമായിരുന്ന ചിലതുണ്ടായിരുന്നു. ഇവയിലേറ്റ പരാജയമാണ് അവര്‍ക്കു ക്ഷീണമായത്.
രണ്ടു മല്‍സരങ്ങള്‍ റോയല്‍സിനു തീര്‍ച്ചയായും ജയിക്കാന്‍ സാധിക്കുന്നതായിരുന്നു. അങ്ങനെയെങ്കില്‍ 21 പോയിന്റുമായി അവര്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തും ഫിനിഷ് ചെയ്‌തേനെ. റോയല്‍സിനു ജയിക്കാമായിരുന്ന ഒരു മല്‍സരം ഈ മാസം രണ്ടിനു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയുള്ളതാണ്. വെറും ഒരു റണ്‍സിനാണ് റോയല്‍സ് ഈ മല്‍സരം അടിയറവച്ചത്. 202 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സിനു 200 റണ്ണെടുക്കാനേ ആയുള്ളൂ.

പക്ഷെ ഈ മല്‍സരത്തേക്കാള്‍ റോല്‍സിനെ നിരാശപ്പെടുക അതിനു ശേഷം ഏഴിനു ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള പോരാട്ടമാണ്. 20 റണ്‍സിന്റെ പരാജയമാണ് റോയല്‍സിനു നേരിട്ടത്. ഇതിനു പ്രധാന കാരണം അംപയറുടെ ഒരു മോശം തീരുമാനമാണ്. 222 റണ്‍സ് ചേസ് ചെയ്യവെ ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി സഞ്ജു (86) ടീമിനെ മുന്നോട്ടു നയിക്കുന്നതിനിടെ തേര്‍ഡ് അംപയറുടെ ഒരു മണ്ടത്തരം കളിയിലെ ടേണിങ് പോയിന്റായി മാറി.
മുകേഷ് കുമാറിന്റെ ബൗളിങില്‍ ബൗണ്ടറി ലൈനിനു അരികില്‍ വച്ച് സഞ്ജുവിന്റെ ക്യാച്ചെടുക്കവെ ഷെയ് ഹോപ്പിന്റെ ബൂട്ടുകള്‍ ബൗണ്ടറി ലൈനില്‍ തട്ടിയെന്നു റീപ്ലേയില്‍ വ്യക്തമായിട്ടും തേര്‍ഡ് അംപയര്‍ ഔട്ട് വിധിക്കുകയായിരുന്നു. ഇതോടെ റോയല്‍സിന്‍റെ താളം തെറ്റുകയും കളി തോല്‍ക്കുകയും ചെയ്തു.
ഇങ്ങനെയൊരു ചതി അംപയര്‍ ചെയ്തിരുന്നില്ലെങ്കില്‍ മല്‍സരം ജയിച്ച് 19 പോയിന്റുമായി റോയല്‍സ് രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് ആദ്യ ക്വാളിഫയറില്‍ കളിക്കുമായിരുന്നു. പക്ഷെ ഇപ്പോള്‍ മൂന്നാംസ്ഥാനം കൊണ്ട് റോയല്‍സ് തൃപ്തിപ്പെട്ടിരിക്കുകയാണ്. ബുധനാഴ്ചത്തെ എലിമിനേറ്ററില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ് അവരുടെ എതിരാളികള്‍.