ഇത്തവണത്തെ ഐപിഎല്ലില്‍ ഇതുവരെയുള്ള മല്‍സരങ്ങളെടുത്താല്‍ ഏറ്റവുമധികം കൈയടി നേടിയ ടീമുകളിലൊന്നാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. അവരുടെ ഗംഭീര പ്രകടനം തന്നെയാണ് ഇതിനു കാരണം. ലീഗ് ഘട്ടത്തില്‍ കളിച്ച നാലു മല്‍സരങ്ങളിലും റോയല്‍സ് വിജയക്കൊടി പാറിച്ചുകഴിഞ്ഞു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 20 റണ്‍സിനു തോല്‍പ്പിച്ചു കൊണ്ടാണ് സഞ്ജുവിന്റെ പിങ്ക് ആര്‍മി തുടങ്ങിയത്.
തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 12 റണ്‍സിനും മുംബൈ ഇന്ത്യന്‍സിനെ ആറു വിക്കറ്റിനും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ഇതേ മാര്‍ജിനിലും റോയല്‍സ് കെട്ടുകെട്ടിക്കുകയായിരുന്നു. ഈ പ്രകടനത്തടെ കിരീട ഫേവറിറ്റുകളിലൊന്നായും റോയല്‍സ് മാറിക്കഴിഞ്ഞു.

കഴിഞ്ഞ തവണ പ്ലേഓഫ് കാണാതെ റോയല്‍സിനു നിരാശപ്പെടേണ്ടി വന്നിരുന്നു. നേരിയ വ്യത്യാസത്തിലാണ് അവര്‍ പോയിന്റ് പട്ടികയില്‍ അഞ്ചാസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടത്. ഈ സീസണില്‍ അത്തരമൊരു പിഴവ് തങ്ങളുടെ ഭാഗത്തു നിന്നും സംഭവിക്കില്ലെന്ന സൂചന കൂടിയാണ് റോയല്‍സ് നല്‍കുന്നത്. ഇത്തവണ ടോപ്പ് ഫോറില്‍ തീര്‍ച്ചയായും തങ്ങളുണ്ടാവുമെന്നാണ് മിന്നുന്ന പ്രകടനത്തിലൂടെ സഞ്ജുവും സംഘവും ആരാധകര്‍ക്കു ഉറപ്പുനല്‍കുന്നത്. റോയല്‍സ് എങ്ങനെയാണ് ഇത്തവണ ഇങ്ങനെ മാറിയത്?
2023ലെയും ഈ സീസണിലെയും ടീമുകളെയെടുത്താല്‍ റോയല്‍സില്‍ വലിയ മാറ്റങ്ങളൊന്നും നമുക്കു കാണാന്‍ സാധിക്കില്ല. ചുരുക്കം ചില കൂട്ടിച്ചേര്‍ക്കലുകള്‍ മാത്രമേ റോയല്‍സ് നടത്തിയിട്ടുള്ളൂ. എന്നിട്ടും റോയല്‍സ് അടിമുടി മാറിയതിനു പിന്നിലെ രഹസ്യമെന്താണ്? നമുക്കു നോക്കാം.
കഴിഞ്ഞ സീസണില്‍ യശസ്വി ജയ്‌സ്വാള്‍, യുസ്വേന്ദേ ചഹല്‍ എന്നിവരെ പ്രധാനായും ആശ്രയിച്ചായിരുന്നു റോയല്‍സിന്റ കുതിപ്പെന്നു കാണാം. ടീം ആകെ നേടിയ റണ്‍സിന്റെ ഭൂരിഭാഗവും ജയ്‌സ്വാളിന്റെ (625 റണ്‍സ്) ബാറ്റില്‍ നിന്നായിരുന്നു. ബൗളിങിലാവട്ടെ 21 വിക്കറ്റുകളുമായി ചഹല്‍ പ്രധാന വിക്കറ്റ് വേട്ടക്കാരനായി മാറുകയും ചെയ്തു.
പക്ഷെ ഈ സീസണില്‍ ചില താരങ്ങളെ മാത്രം അമിതമായി ആശ്രയിക്കുന്ന പതിവ് റോയല്‍സ് അവസാനിപ്പിച്ചിരിക്കുകയാണ്. ഒരു ടീമെന്ന നിലയില്‍ ഒന്നിലധികം പേരില്‍ നിന്നും സംഭാവനകള്‍ ലഭിക്കുന്നുവെന്നത് റോയല്‍സിനു കരുത്തേകുന്നു. ഒരാളില്ലെങ്കില്‍ മറ്റൊരാള്‍ ഈ റോള്‍ ഏറ്റെടുത്ത് ടീമിന്റെ രക്ഷകനായി മാറുകയാണ്. ഈ കാരണത്താല്‍ തന്നെ പ്രതിസന്ധി ഘട്ടങ്ങളെ സമര്‍ഥമായി അതിജീവിക്കാനും റോയല്‍സിനു സാധിക്കുന്നു.

ബാറ്റിങില്‍ റോയല്‍സിന്റെ പ്രധാന താരങ്ങള്‍ മൂന്നു പേരാണെന്നു കാണാം. നായകന്‍ സഞ്ജു, ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ്, വെടിക്കെട്ട് ഓപ്പണര്‍ ജോസ് ബട്‌ലര്‍ എന്നിവരുടെ പ്രകടനമാണ് റോയല്‍സ് ബാറ്റിങിനു സ്ഥിരത നല്‍കുന്നത്. മുന്‍ സീസണുകളിലെല്ലാം ഏറെ പരിഹസിക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്തിട്ടുള്ള പരാഗ് ഇത്തവണ ആളാകെ മാറിയിരിക്കുകയാണ്. മികച്ച ഇന്നിങ്‌സുകളിലൂടെ ടീമിന്റെ മാച്ച് വിന്നറായിരിക്കുകയാണ് പരാഗ്. 185 റണ്‍സുമായി റോയല്‍സിന്റെ ടോപ്‌സ്‌കോററാണ് അദ്ദേഹം.
പരാഗ് കഴിഞ്ഞാല്‍ ബാറ്റിങില്‍ റോയല്‍സിന്റെ അമരക്കാരന്‍ സഞ്ജുവാണ്. നാലിന്നിങ്‌സുകളില്‍ നിന്നും 178 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. ബട്‌ലറാവട്ടെ സഞ്ജുവിനു പിറകില്‍ മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു. 135 റണ്‍സാണ് ബട്‌ലറുടെ പേരിലുള്ളത്. ഒരു സെഞ്ച്വറിയും അദ്ദേഹം കുറിച്ചു കഴിഞ്ഞു.
വിക്കറ്റ് വേട്ടക്കാരെയെടുത്താല്‍ അവിടെയും മൂന്നു പേരുടെ പ്രകടനമാണ് റോയല്‍സിന്റെ കുതിപ്പിനു വേഗത കൂട്ടിയത്. എട്ടു വിക്കറ്റുകളുമായി സ്റ്റാര്‍ സ്പിന്നര്‍ ചഹല്‍ ബൗളിങിലെ കുന്തമുനയായപ്പോള്‍ ഇത്തവണ അരങ്ങേറിയ നാന്ദ്രെ ബര്‍ഗര്‍ ആറും ട്രെന്റ് ബോള്‍ട്ട് അഞ്ചും വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.