ഐപിഎല്ലിന്റെ പ്രാഥമിക റൗണ്ട് പോരാട്ടങ്ങള്‍ ഈയാഴ്ച അവസാനിക്കാനിരിക്കുകയാണ്. പ്ലേഓഫിലെത്തുന്ന നാലു ടീമുകള്‍ ആരൊക്കെയാവുമെന്നു ഞായറാഴ്ചയോടെ ചിത്രം തെളിയും. നിലവില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവരാണ് പ്ലേഓഫ് ടിക്കറ്റ് സ്വന്തമാക്കിയത്. ശേഷിച്ച രണ്ടു ടിക്കറ്റിനായി അഞ്ചു ടീമുകകള്‍ രംഗത്തുണ്ട്. പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനം ശ്രേയസ് അയ്യരുടെ കെകെആര്‍ ഉറപ്പാക്കിക്കഴിഞ്ഞു.
ഇതോടെ അവര്‍ക്കു ക്ലാളിഫയര്‍ വണ്ണില്‍ കളിക്കാനും സാധിക്കും. ഒരു മല്‍സരം ശേഷിക്കെ 19 പോയിന്റാണ് കെകെആറിനുള്ളത്. 16 പോയിന്റുമായി രണ്ടാംസ്ഥാനത്താണ് റോയല്‍സ്. പക്ഷെ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തു അവര്‍ക്കു ഫിനിഷ് ചെയ്യാന്‍ സാധിക്കുമോയെന്നത് സംശയമാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കു രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്യാന്‍ ശേഷിയുണ്ട്.

രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്യേണ്ടത് റോയല്‍സിനെ സംബന്ധിച്ച് നിര്‍ണായകമാണ്. കാരണം അതിനു കഴിഞ്ഞില്ലെങ്കില്‍ എലിമിനേറ്ററിലായിരിക്കും സഞ്ജുവിനും സംഘത്തിനും കളിക്കേണ്ടിവരിക. എലിമിനിറ്റേറിലേക്കാണ് യോഗ്യത നേടുന്നതെങ്കില്‍ അതു ഫൈനലില്‍ കളിക്കാനുള്ള റോയല്‍സിന്റെ മോഹങ്ങളെയും ബാധിച്ചേക്കും. കാരണം എലിമിനേറ്ററില്‍ തോല്‍ക്കുന്ന ടീമിനു ടൂര്‍ണമെന്റില്‍ വീണ്ടുമൊരു അവസരം കിട്ടില്ല. പരാജയപ്പെടുന്നര്‍ ഫൈനല്‍ കാണാതെ പുറത്താവും.
പക്ഷെ ക്വാളിഫയര്‍ വണ്ണിലാണ് കളിക്കുന്നതെങ്കില്‍ റോയല്‍സിനു ഫൈനലിലെത്താന്‍ ഒരവസരം കൂടി കിട്ടും. കാരണം ക്വാളിഫയര്‍ വണ്ണില്‍ തോല്‍ക്കുന്ന ടീമിനു ക്വാളിഫയര്‍ 2ല്‍ കളിക്കാം. എലിമിനേറ്ററിലെ വിജയി ആയിരിക്കും ഇവിടെ എതിരാളികള്‍. ഇതില്‍ ജയിക്കുന്നവരായിരിക്കും ഫൈനലിലെ രണ്ടാമത്തെ ടീം. ഈ കാരണത്താല്‍ തന്നെ കെകെആറിനു പിറകില്‍ റോയല്‍സ് രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്‌തേ തീരൂ. പക്ഷെ നാലു തുടര്‍ തോല്‍വികള്‍ അവരുടെ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.
റോയല്‍സിനു ഇനി എങ്ങനെ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്ത് ക്വാളിഫയര്‍ വണ്ണിലേക്കു യോഗ്യത നേടാമെന്നു നമുക്കു പരിശോധിക്കാം. രണ്ടിലൊരു സാഹചര്യം സംഭവിച്ചെങ്കില്‍ മാത്രമേ അതു സാധ്യമാവുകയുള്ളൂ. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇനിയുള്ള രണ്ടു മല്‍സരങ്ങളും തോല്‍ക്കണം. കൂടാതെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പരാജയപ്പെടണം. ഇതു സംഭവിച്ചാല്‍ റോയല്‍സിനു രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്യാം.

രണ്ടാമത്തെ സാഹചര്യം എന്താണെന്നു അറിയാം. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇനിയുള്ള രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ പരാജയപ്പെടണം. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു ചെന്നൈ സൂപ്പര്‍ കിങ്‌സ് തോല്‍ക്കണം. കൂടാതെ അവസാന കളിയില്‍ കെകെആറിനെ റോയല്‍സ് തോല്‍പ്പിക്കുകയും വേണം. ഇവ സംഭവിച്ചാല്‍ സഞ്ജുവിനും സംഘത്തിനും പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരായി ക്വാളിഫയര്‍ വണ്ണിലെത്താം.
റോയല്‍സിനെ സംംബന്ധിച്ച് ഇപ്പോള്‍ സമയം വളരെ മോശമാണെന്നു കാണാം. തുടര്‍ച്ചയായി നാലു തോല്‍വികളാണ് അവര്‍ക്കു ടൂര്‍ണമെന്റില്‍ നേരിട്ടിരിക്കുന്നത്. ഇതാണ് പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടില്‍ ഫിനിഷ് ചെയ്യുകയെന്ന റോയല്‍സിന്റെ പ്രതീക്ഷകള്‍ക്കും മങ്ങലേല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സിനോടു റോയല്‍സ് അഞ്ചു വിക്കറ്റിനാണ് കീഴടങ്ങിയത്.
കഴിഞ്ഞ മാസം 27നു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തിയ ശേഷം റോയല്‍സ് തോല്‍വികളില്‍ നിന്നും തോല്‍വികളിലേക്കു കൂപ്പുകുത്തുകയാണ്. കെകെആറിനെതിരേ ഞായറാഴ്ച നടക്കാനിരിക്കുന്ന അവസാന മല്‍സരത്തില്‍ റോയല്‍സിനു വിജയവഴിയില്‍ തിരിച്ചെത്തിയേ തീരൂ.