ഐപിഎല്ലിന്റെ 17ാം സീസണില്‍ കിരീട ഫേവറിറ്റുകളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്ന ടീമുകളിലൊന്നാണ് പ്രഥമ സീസണിലെ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സ്. മലയാളി താരം സഞ്ജു സാംസണിനു കീഴില്‍ ശക്തമായ ടീമിനെയാണ് റോയല്‍സ് ഇത്തവണ അണിനിരത്തുന്നത്. കഴിഞ്ഞ എഡിഷനില്‍ നേരിയ വ്യത്യാസത്തില്‍ അഞ്ചാംസ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും പ്ലേഓഫ് ബെര്‍ത്ത് നഷ്ടമാവുകയും ചെയ്ത റോയല്‍സ് ഇത്തവണ ഇതിന്റെ ക്ഷീണം തീര്‍ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
റോയല്‍സിന്റെ പ്ലേഓഫ് സാധ്യതകളെക്കുറിച്ചും പ്ലെയിങ് ഇലവനില്‍ ആരെയൊക്കെ കളിപ്പിക്കണമെന്നതിനെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് പ്രമുഖ കമന്റേറ്ററും ക്രിക്കറ്റ് അവതാരകനുമായ ഹര്‍ഷ ഭോഗ്‌ലെ. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ റോയല്‍സിനു പ്ലേഓഫില്‍ കടക്കാന്‍ സാധിക്കുമെന്നും അവര്‍ പ്ലേഓഫിലെത്തിയില്ലെങ്കില്‍ അതു തന്നെ നിരാശപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

റോയല്‍സിനു വളരെ ശക്തമായ സ്‌ക്വാഡിനെയാണ് ലഭിച്ചിട്ടുള്ളത്. കാരണം റോയല്‍സിന്റെ ടോപ് സിക്‌സ് എടുക്കുകയാണെങ്കില്‍ എല്ലാവരും 140നടുത്തോ, മുകളിലോ സ്‌ട്രൈക്ക് റേറ്റുള്ളവരാണ്. റോയല്‍സ് ടീമിന്റെ ആക്രമണോത്സുകതയാണ് ഇതു കാണിക്കുന്നത്. ഇവരെല്ലാം പ്രതീക്ഷിക്കുന്നതു പോലെയൊരു പ്രകടനം കാഴ്ചവയ്ക്കുകയാണെങ്കില്‍ അതിശയിപ്പിക്കുന്ന ക്രിക്കറ്റ് പുറത്തെടുക്കാന്‍ ഈ ടീമിനു സാധിക്കുമെന്നും ഭോഗ്‌ലെ ചൂണ്ടിക്കാട്ടി.
റോയല്‍സിന്റെ ഇന്ത്യന്‍ സെന്‍സേഷന്‍ യശസ്വി ജയ്‌സ്വാളിനെ അദ്ദേഹം വാനോളം പുകഴ്ത്തി. ജീവിതത്തിലെ ഏറ്റവും മികച്ച ഫോമിലാണ് യശസ്വി കളിച്ചുകൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരേ സമാപിച്ച ടെസ്റ്റ് പരമ്പര അവന്‍ കളിച്ചത് ടി20 പോലെയാണ്. ഈ സീസണിലെ ഐപിഎല്ലിലെ ടോപ്‌സ്‌കോറര്‍ ഫേവറിറ്റായി ഞാന്‍ യശസ്വിയെ തിരഞ്ഞെടുക്കുകയാണ്. വളരെധികം ആത്മവിശ്വാസത്തിലാണ് അവന്‍ കളിച്ചുകൊണ്ടിരിക്കുന്നത്.
മറുഭാഗത്ത് യശസ്വിക്കു കൂട്ടായി ജോസ് ബട്‌ലറാണുള്ളത്. അദ്ദേഹം നന്നായി കളിക്കുമ്പോഴെല്ലാം റോയല്‍സും നന്നായി കളിക്കാറുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ബട്‌ലര്‍ വളരെ മികച്ച ഫോമിലാണ്. ബട്‌ലറും യശസ്വിയും ഒന്നിക്കുന്നതോടെ അതു വളരെ മികച്ച ഓപ്പണിങ് സഖ്യമായി മാറുകയും ചെയ്യുന്നുവെന്നും ഭോഗ്‌ലെ വിശദമാക്കി.
തുടര്‍ന്നാണ് മൂന്നാം നമ്പറില്‍ സഞ്ജുവെത്തുക. അദ്ദേഹത്തിന്റെ ബാറ്റിങ് കാണാന്‍ എനിക്കു വളരെയധികം ഇഷ്ടമാണ്. അതിനു പിന്നില്‍ എന്തെങ്കിലും രഹസ്യമുള്ളതായി എനിക്കു തോന്നുന്നില്ല. ഈ സീസണിലെ ഐപിഎല്‍ സഞ്ജു കൂടുതല്‍ ഗൗരവത്തോടെ എടുക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുകയാണ്. ടി20 ഫോര്‍മാറ്റില്‍ മൂന്നാം നമ്പര്‍ ബാറ്ററായി ഇന്ത്യന്‍ ടീമിലേക്കു മുന്നേറാനുള്ള ഒരു അവസരമായിരിക്കും ഇത്. കാരണം ടി20യില്‍ തിളങ്ങാനുള്ള എല്ലാ ഘടകങ്ങളും സഞ്ജുവിലുണ്ട്, കൂടാതെ സമീപനവും വളരെ ശരിയാണ്.
കൂടുതല്‍ റണ്ണെടുക്കുന്നതിനു വേണ്ടിയല്ല താന്‍ ഇവിടെയുള്ളതെന്നും കഴിയുന്നത്ര വേഗത്തില്‍ സ്‌കോര്‍ ചെയ്ത് സ്വന്തം ടീമിനെ സഹായിക്കുകയാണ് ലക്ഷ്യമെന്നും സഞ്ജു എല്ലായ്‌പ്പോഴും പറയുന്ന കാര്യമാണ്. അതായിരിക്കും അദ്ദേഹത്തില്‍ നിന്നും റോയല്‍സ് ടീമിനോടൊപ്പം നമുക്കു കാണാന്‍ സാധിക്കുകയെന്നു താന്‍ കരുതുന്നുവെന്നും ഭോഗ്‌ലെ വ്യക്തമാക്കി.
നാലാം നമ്പറില്‍ വെസ്റ്റ് ഇന്‍ഡീസ് താരം റോവ്‌മെന്‍ പവെലിനെയാണ് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്. മറ്റു പല ഫ്രാഞ്ചൈസി ലീഗുകളിലും റണ്‍സ് സ്‌കോര്‍ ചെയ്യുന്നുണ്ടെങ്കിലും ഐപിഎല്ലില്‍ പവെലിനു ഇതു ഇനിയും സാധിച്ചിട്ടില്ല. റോയല്‍സ് അദ്ദേഹത്തിനു നാലാം നമ്പര്‍ നല്‍കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. രണ്ടു വ്യത്യസ്ത ഗിയറുകളില്‍ ബാറ്റ് ചെയ്യാന്‍ പവെലിനാവുമെന്നും ഭോഗ്‌ലെ നിരീക്ഷിച്ചു.
അഞ്ചാം നമ്പറില്‍ ഷിംറോണ്‍ ഹെറ്റ്‌മെയറിനെയും ആറാമനായി റിയാന്‍ പരാഗിനെയുമാണ് ഇലവനില്‍ അദ്ദേഹം തിരഞ്ഞെടുത്തിട്ടുള്ളത്. ഐപിഎല്ലില്‍ പരാഗിന്റെ കണക്കുകളെടുത്താല്‍ അതു അത്ര മികച്ചതല്ലെന്നതു ശരിയാണ്. പക്ഷെ താരങ്ങളില്‍ എല്ലായ്‌പ്പോഴും വിശ്വാസമര്‍പ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ടീമാണ് റോയല്‍സ്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയാണ് പരാഗിന്റെ വരവ്. ഈ സീസണിലും തിളങ്ങിയില്ലെങ്കില്‍ റോയല്‍സിനൊപ്പം ഇനിയൊരു സീസണ്‍ താരത്തിനുണ്ടാവില്ലെന്നും ഭോഗ്‌ലെ വിലയിരുത്തി.

ധ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവരാണ് ഏഴു മുതല്‍ ഒമ്പത് വരെ സ്ഥാനങ്ങളിലുള്ളത്. പേസ് ബൗളിങില്‍ ട്രെന്റ് ബോള്‍ട്ട്, നാന്ദ്രെ ബര്‍ഗര്‍ എന്നിവരിലൊരാളെ കളിപ്പിക്കാം. ഇലവനിലെ മറ്റൊരു പേസര്‍ ആവേശ് ഖാനായിരിക്കും. ഇംപാക്ട് പ്ലെയറായി പേസര്‍ കുല്‍ദീപ് സെന്നിനെ കളിപ്പിക്കാമെന്നും ഭോഗ്‌ലെ വ്യക്തമാക്കി.
റോയല്‍സ് വളരെ ആവേശകരമായ ടീമാണ്. അവര്‍ ഇത്തവണ പ്ലേഓഫിലെത്തുമെന്നും ഞാന്‍ വിശ്വസിക്കുന്നു. കാരണം റോയല്‍സിന്റെ ടോപ് സിക്‌സ് അത്രയും മികച്ചതാണ്. ബൗളിങ് നന്നായി കൈകാര്യം ചെയ്യുന്നതോടൊപ്പം ഫീല്‍ഡിങിലും തിളങ്ങിയാല്‍ റോയല്‍സ് എല്ലാ കാര്യങ്ങളം കവര്‍ ചെയ്തു കഴിഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ റോയല്‍സ് ഉറപ്പായും പ്ലേഓഫിലുണ്ടാവും.
ജയ്പൂരില്‍ റോയല്‍സ് എങ്ങനെയാവും കളിക്കുകയെന്നതും പ്രധാനമാണ്. ഹോംഗ്രൗണ്ടായ ഇവിടെ ഒരുപാട് മല്‍സരങ്ങളില്‍ ജയിച്ചാല്‍ റോയല്‍സിനു കാര്യങ്ങള്‍ എളുപ്പമാവും. ഇത്തവണ റോയല്‍സ് പ്ലേഓഫിലെത്തിയില്ലെങ്കില്‍ താന്‍ വളരെയധികം നിരാശനാവുമെന്നും ഭോഗ്‌ലെ കൂട്ടിച്ചേര്‍ത്തു.
ഭോഗ്‌ലെയുടെ റോയല്‍സ് 11
ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റോവ്‌മെന്‍ പവെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, ട്രെന്റ് ബോള്‍ട്ട് / നാന്ദ്രെ ബര്‍ഗര്‍, ആവേശ് ഖാന്‍.
ഇംപാക്ട് പ്ലെയര്‍- കുല്‍ദീപ് സെന്‍.