IPL 2024: മുംബൈ ജയിച്ചേനെ, രക്ഷിച്ചത് കമ്മിന്‍സ്! കിടു ക്യാപ്റ്റന്‍സി; കളി മാറ്റിയ തന്ത്രമിതാ
ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ്. റണ്‍മഴ പെയ്ത മത്സരത്തില്‍ 31 റണ്‍സിനാണ് മുംബൈയുടെ തോല്‍വി. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് ഐപിഎല്ലിലെ റെക്കോഡ് ടീം ടോട്ടലായ 277 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈ 5 വിക്കറ്റിന് 246 റണ്‍സാണ് നേടിയത്. മുംബൈ ശക്തമായ പ്രത്യാക്രമണമാണ് കാഴ്ചവെച്ചത്.
12 ഓവര്‍വരെ മുംബൈ റണ്‍റേറ്റ് നിലനിര്‍ത്തിയെങ്കിലും പിന്നീടുള്ള മൂന്ന് ഓവറുകളിലൂടെ ഹൈദരാബാദ് കളി മാറ്റുകയായിരുന്നു. ഹൈദരാബാദിന്റെ വിജയത്തില്‍ ട്രാവിസ് ഹെഡിന്റേയും (62) അഭിഷേക് ശര്‍മയുടേയും (63) ഹെന്‍ റിച്ച് ക്ലാസന്റേയും (80*) വെടിക്കെട്ടിനെയാണ് എല്ലാവരും പ്രശംസിക്കുന്നത്. എന്നാല്‍ ഹൈദരാബാദിന്റെ വിജയത്തിന് പിന്നിലെ വാഴ്ത്തപ്പെടാത്ത ഹീറോ നായകന്‍ പാറ്റ് കമ്മിന്‍സാണെന്ന് പറയാം. അദ്ദേഹം എടുത്ത ചില തീരുമാനങ്ങളാണ് മുംബൈയെ പിടിച്ചുകെട്ടിയത്.
റണ്ണൊഴുകുന്ന പിച്ചില്‍ മുംബൈ ശക്തമായ പ്രത്യാക്രമണമാണ് നടത്തിയത്. 12 ഓവറില്‍ 3ന് 165 എന്ന നിലയിലായിരുന്നു മുംബൈ. 3 ഓവറിനുള്ളില്‍ 200 കടക്കാന്‍ മുംബൈക്ക് സാധിച്ചിരുന്നെങ്കില്‍ മത്സരം അവര്‍ വിജയിക്കാന്‍ സാധ്യതയേറെയായിരുന്നു. എന്നാല്‍ 13ാം ഓവറില്‍ സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ തിരികെ വിളിക്കാനുള്ള കമ്മിന്‍സിന്റെ തീരുമാനം നിര്‍ണ്ണായകമായി. ഈ ഓവറില്‍ 5 റണ്‍സാണ് ഭുവനേശ്വര്‍ വിട്ടുകൊടുത്തത്.
ഇതോടെ മുംബൈയുടെ റണ്‍റേറ്റ് കുറഞ്ഞു. 14ാം ഓവറില്‍ മായങ്ക് മാര്‍ക്കണ്ഡെയെ എറിയിച്ചപ്പോള്‍ 12 റണ്‍സാണ് താരം വഴങ്ങിയത്. അപ്പോഴേക്കും 16 റണ്‍റേറ്റ് മുംബൈക്ക് ജയിക്കാന്‍ ആവശ്യമായിരുന്നു. 15ാം ഓവറില്‍ സ്വയം ഉത്തരവാദിത്തം ഏറ്റെടുത്ത കമ്മിന്‍സ് മത്സരം പിടിച്ചെടുക്കുകയായിരുന്നു. ആദ്യ പന്തില്‍ത്തന്നെ കമ്മിന്‍സ് തിലക് വര്‍മയെ പുറത്താക്കി. മിന്നും ഫോമില്‍ അര്‍ധ സെഞ്ച്വറിയോടെ നിന്ന തിലക് മടങ്ങിയതാണ് മത്സരഫലം മാറ്റിയെഴുതിയത്. ഈ ഓവറില്‍ 3 റണ്‍സാണ് താരം വഴങ്ങിയത്.

ഇതോടെ 15 ഓവറില്‍ 4 വിക്കറ്റിന് 185 എന്ന നിലയിലേക്ക് മുംബൈ എത്തി. അവസാന അഞ്ച് ഓവറില്‍ 93 റണ്‍സ് വിജയലക്ഷ്യമായിരുന്നു മുംബൈക്ക് മുന്നിലുണ്ടായിരുന്നത്. 16ാം ഓവറില്‍ ജയദേവ് ഉനദ്ഘട്ടിനെ പന്തേല്‍പ്പിച്ചപ്പോള്‍ കമ്മിന്‍സ് നല്‍കിയ നിര്‍ദേശം ഫലംകണ്ടു. ഓഫ് സൈഡില്‍ മാത്രം പന്തെറിഞ്ഞ് ബൗണ്ടറികള്‍ തടയുകയെന്നതായിരുന്നു പ്ലാന്‍. ഐപിഎല്ലിലെ തല്ലുകൊള്ളി ബൗളറാണ് ഉനദ്ഘട്ട്. എന്നാല്‍ കമ്മിന്‍സിന്റെ ഉപദേശത്താല്‍ ഓഫ് സൈഡ് തന്ത്രം പയറ്റിയപ്പോള്‍ 5 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്.
12 മുതല്‍ 16വരെയുള്ള മൂന്ന് ഓവറിലെ ഹൈദരാബാദിന്റെ തന്ത്രമാണ് മുംബൈ ബാറ്റിങ് നിരയുടെ താളം തെറ്റിച്ചത്. ഹാര്‍ദിക് പാണ്ഡ്യയുടെ മോശം തീരുമാനങ്ങളും ഹൈദരാബാദിന് അനുഗ്രഹമായി. ഹാര്‍ദിക് ബാറ്റുചെയ്യുന്നതിന് മുമ്പ് ഇംപാക്ട് പ്ലയറായി ഡെവാള്‍ഡ് ബ്രെവിസ് എത്തിയിരുന്നെങ്കില്‍ ചിലപ്പോള്‍ കളി മാറുമായിരുന്നു. ആദ്യ മത്സരത്തില്‍ മോശമല്ലാത്ത പ്രകടനം ബ്രെവിസ് നടത്തിയിരുന്നു. എന്നിട്ടും രണ്ടാം മത്സരത്തില്‍ അവസരം നല്‍കിയില്ല.
അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ബ്രെവിസിന് കഴിവുണ്ട്. എന്നാല്‍ സ്വയം ഉത്തരവാദിത്തം ഏറ്റെടുത്ത് സാഹസം കാട്ടിയ ഹാര്‍ദിക് നാണംകെട്ടുവെന്ന് മാത്രമല്ല ടീമിന്റെ തോല്‍വിക്കും കാരണമായി. 20 പന്തില്‍ 24 റണ്‍സാണ് ഹാര്‍ദിക് നേടി. 122 സ്‌ട്രൈക്ക് റേറ്റിലാണ് നായകന്‍ ബാറ്റുചെയ്തത്. ഇത് ഹൈദരാബാദിന് ഗുണം ചെയ്തു. മുംബൈയുടെ മുന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയേയും കമ്മിന്‍സ് പുറത്താക്കിയിരുന്നു. ഇതും മത്സരത്തില്‍ നിര്‍ണ്ണായകമായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications