മുംബൈ: ആദ്യപാദത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനോടേറ്റ പരാജയത്തിനു ഇത്തവണ സ്വന്തം മൈതാനത്തു കണക്കുതീര്‍ത്തിരിക്കുകയാണ് അഞ്ചു തവണ വിജയികളായ മുംബൈ ഇന്ത്യന്‍സ്. ഏഴു വിക്കറ്റിന്റെ ഉജ്ജ്വല ജയമാണ് ഓറഞ്ച് ആര്‍മിക്കെതികേ ഹാര്‍ദിക് പാണ്ഡ്യയും സംഘവും സ്വന്തമാക്കിയത്. തുടക്കത്തില്‍ കളിയില്‍ ആധിപത്യം നേടിയിട്ടും അതു മുതലാക്കാന്‍ സാധിക്കാതെയാണ് പാറ്റ് കമ്മിന്‍സിന്റെ എസ്ആര്‍എച്ച് പരാജയത്തിലേക്കു വീണത്.
സീസണിലെ മുന്‍ മല്‍സരങ്ങളില്‍ പലതിലും ഗംഭീര ക്യാപ്റ്റന്‍സിയുടെ പേരില്‍ കൈയടി നേടിയ നായകനാണ് അദ്ദേഹം. പക്ഷെ മുംബൈയ്‌ക്കെതിരേ ഒരു വലിയ പിഴവ് കമ്മിന്‍സിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്.

174 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ മുംബൈയ്ക്കു ആഗ്രഹിച്ചതു പോലെയൊരു തുടക്കമില്ല കിട്ടിയത്. അഞ്ചോവര്‍ ആവുമ്പോഴേക്കും മുംബൈ പരുങ്ങലിലായിരുന്നു. മൂന്നു വിക്കറ്റിനു 31ലേക്കാണ് അവര്‍ തകര്‍ന്നത്. ഇഷാന്‍ കിഷന്‍ (9), രോഹിത് ശര്‍മ (4), നമാന്‍ ധിര്‍ (0) എന്നിവരാണ് ഇംപാക്ടുണ്ടാക്കാനാവാതെ ക്രീസ് വിട്ടത്. മുംബൈ ശരിക്കും വിറച്ചുപോയ നിമിഷം.
പുതുതായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും ബാറ്റ് ചെയ്യാന്‍ തുടക്കത്തില്‍ ശരിക്കും പാടുപെട്ടു. ഹൈദരാബാദിനു മൂന്നു വിക്കറ്റുകളും നേടിക്കൊടുത്തത് പേസര്‍മാരാണ്. അതുതൊണ്ടു തന്നെ ഇതു പേസര്‍മാരെ മാത്രം തുണയ്ക്കുന്ന പിച്ചാണെന്നു ഉറപ്പിച്ച കമ്മിന്‍സ് സ്പിന്നര്‍മാരെ പൂര്‍ണമായി അവഗണിക്കുകയും ചെയ്തു.
14ാം ഓവര്‍ വരെ ഒരു സ്പിന്നറെ കൊണ്ടു പോലും എറിയിച്ചു നോക്കാന്‍ കമ്മിന്‍സ് തയ്യാറായില്ല. അദ്ദേഹം കാണിച്ച ഏറ്റവും വലിയ മണ്ടത്തരവും ഇതു തന്നെയാണ്. എന്തുകൊണ്ടാണ് ഈ പിച്ചില്‍ സ്പിന്നര്‍മാര്‍ക്കു യാതൊരു സഹായവും ലഭിക്കില്ലെന്നു കമ്മിന്‍സ് ഉറപ്പിച്ചത്? നേരത്തേ മുംബൈ ബൗളിങ് നിരയുടെ പ്രകടനം ഓര്‍മിച്ചിരുന്നെങ്കില്‍ അദ്ദേഹം ഇത്തരമൊരു മണ്ടത്തരം കാണിക്കില്ല.

കാരണം മുംബൈ ബൗളിങില്‍ മിന്നിച്ചവരില്‍ ഒരാള്‍ വെറ്ററന്‍ സ്പിന്നര്‍ പിയൂഷ് ചൗളയാണ്. നാലോറില്‍ 33 റണ്‍സിനു ഹൈദരാബാദിന്റെ മൂന്നു വിലപ്പെട്ട വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്. വമ്പനടിക്കാരനായ ഓപ്പണര്‍ ട്രാവിസ് ഹെഡ് (48), വെടിക്കെട്ട് താരം ഹെന്‍ട്രിച്ച് ക്ലാസെന്‍ (2), അപകടകാരിയായ അബ്ദുള്‍ സമദ് (3) എന്നിവരെയാണ് ചൗള മടക്കിയത്. അതുകൊണ്ടു തന്നെ എസ്ആര്‍ച്ചിന്റെ സ്പിന്നര്‍മാര്‍ക്കും കളിയില്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുമായിരുന്നു.
പക്ഷെ 14ാം ഓവര്‍ വരെ ഫാസ്റ്റ് ബൗളര്‍മാരെ കൊണ്ടു മാത്രമാണ് കമ്മിന്‍സ് എറിയിച്ചത്. 15ാം ഓവറില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദ് വരുമ്പോഴേക്കും മൂന്നു വിക്കറ്റിനു 138 റണ്‍സുമായി മുംബൈ കളി വരുതിയിലാക്കിയിരുന്നു. ഷഹബാസിന്റെ ഓവറില്‍ 11 റണ്‍സും മുംബൈ നേടി.
ഒമ്പതാം ഓവറില്‍ മീഡിയം പേസറായ നിതീഷ് കുമാര്‍ റെഡ്ഡിയെ കമ്മിന്‍സ് പരീക്ഷിച്ചിരുന്നു. അദ്ദേഹത്തിനു പകരം ഷഹബാസിനു ഓവര്‍ നല്‍കാമായിരുന്നു. ഒന്നോ, രണ്ടോ വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നെങ്കില്‍ കളിയുടെ ഗതി തന്നെ മറ്റൊന്നാവുമായിരുന്നു. പക്ഷെ തന്റെ സീമര്‍മാരിലുള്ള അമിത വിശ്വാസവും പിച്ചിനെക്കുറിച്ചുള്ള തെറ്റിദ്ധാരണയും കാരണം സ്പിന്നറെ കൊണ്ടുരാന്‍ കമ്മിന്‍സ് തയ്യാറായില്ല. ഇതോടെ മല്‍സരം വഴുതിപ്പോവുകയും ചെയ്തു.