ചെന്നൈ: ഓസ്‌ട്രേലിയക്കൊപ്പം ഏകദിന ലോകകപ്പും ടെസ്റ്റ് ലോക കിരീടവുമെല്ലാം ചൂടിയ ശേഷം ഐപിഎല്ലിലും ഇതു ആവര്‍ത്തിക്കാനുറച്ചു ഇറങ്ങിയ പാറ്റ് കമ്മിന്‍സിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനോടൊപ്പം കൈയെത്തുംദൂരത്താണ് അദ്ദേഹത്തിനു കിരീടം നഷ്ടമായത്. ചെന്നൈയിലെ ചെപ്പോക്കില്‍ കലാശക്കളിയില്‍ നാണംകെട്ട പരാജയമാണ് കമ്മിന്‍സിന്റെ ഓറഞ്ച് ആര്‍മി ഏറ്റുവാങ്ങിയത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് അവരെ എട്ടു വിക്കറ്റിനു മുക്കി മൂന്നാം കിരീടത്തില്‍ മുത്തമിടുകയായിരുന്നു.
ഈ പരാജയത്തിനു കമ്മിന്‍സിനു സ്വയം പഴിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. കാരണം അദ്ദേഹമെടുത്ത ഒരു മോശം തീരുമാനമാണ് എസ്ആര്‍എച്ചിനു മല്‍സരവും അതോടൊപ്പം കിരീടവും നഷ്ടപ്പെടുത്തിയത്. ഫൈനല്‍ പോലെയൊരു നിര്‍ണായക മല്‍സരത്തില്‍ ടോസ് എത്ര മാത്രം വലുതാണെന്നു എല്ലാവര്‍ക്കുമറിയാം. ഈ കളിയില്‍ അതു അനുകൂലമായി വന്നിട്ടും കമ്മിന്‍സിനു കൃത്യമായ തീരുമാനമെടുക്കാന്‍ സാധിച്ചില്ല.

ടോസ് ലഭിച്ച ശേഷം ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള കമ്മിന്‍സിന്റെ തീരുമാനമാണ് ഇത്ര വലിയൊരു ദുരന്തത്തിലേക്കു ഹൈദരാബാദിനെ തള്ളിയിട്ടത്. നേരത്തേ ഇവിടെ നടന്ന രണ്ടാം ക്വാളിഫയളറില്‍ ആദ്യം ബാറ്റ് ചെയ്ത ശേഷമായിരുന്നു രാജസ്ഥാന്‍ റോയല്‍സിനെ എസ്ആര്‍എച്ച് വീഴ്ത്തിയത്. അതുകൊണ്ടു തന്നെ ഫൈനലിലും ഇതു തന്നെ ആവര്‍ത്തിക്കാമെന്നു കമ്മിന്‍സ് കണക്കുകൂട്ടുകയും ചെയ്തു. രാത്രി വൈകി അധികം മഞ്ഞുവീഴ്ചയുണ്ടാവാന്‍ സാധ്യതയില്ലെന്നതും അദ്ദേഹത്തിനെ ആദ്യം ബാറ്റിങെന്ന തീരുമാനത്തിലേക്കു നയിച്ചു.
പക്ഷെ ഒരു കാര്യം കമ്മിന്‍സ് ശ്രദ്ധിച്ചില്ല. രണ്ടാം ക്വാളിഫയറില്‍ ഉപയോഗിച്ച പിച്ചായിരുന്നില്ല ഫൈനലിലേത്. തൊട്ടുമുമ്പത്തെ മല്‍സരത്തിലേത് കറുപ്പ് നിറത്തിലുള്ള പ്രതലമായിരുന്നെങ്കില്‍ ഫൈനലിലേത് ചുവപ്പ് നിറത്തിലുള്ള പ്രതലമായിരുന്നു. മാത്രമല്ല കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ മഴ പെയ്തതു കാരണമുണ്ടായ പിച്ചിലെ ഈര്‍പ്പം ഫാസ്റ്റ് ബൗളര്‍മാരെ സ്വിങ് ചെയ്യാന്‍ സഹായിക്കുന്നതുമായിരുന്നു.
ഇവയൊന്നും കണക്കിലെടുക്കാതെയാണ് ആദ്യം ബാറ്റ് ചെയ്യുകയെന്ന മണ്ടത്തരം കമ്മിന്‍സ് കാണിച്ചത്. ആദ്യം ഓവറില്‍ തന്നെ മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ മാരക സ്വിങ് കണ്ടപ്പോള്‍ കമ്മിന്‍സിന്റെ അബദ്ധം എല്ലാവര്‍ക്കും ബോധ്യമാവുകയും ചെയ്തു. പിന്നീട് കെകെആര്‍ റണ്‍ചേസ് നടത്തവെ പിച്ചില്‍ നിന്നും ബൗളര്‍മാര്‍ക്കു അത്ര ആനുകൂല്യം ലഭിച്ചതുമില്ല.

ടീം സെലക്ഷനിലും കമ്മിന്‍സ് പിന്നീടൊരു അബദ്ധം കാണിച്ചു. സീസണില്‍ അവരുടെ ബാറ്റിങ് ലൈനപ്പിലെ ഏറ്റവും വലിയ ഫ്‌ളോപ്പായ സൗത്താഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രമിനെ ഒരിക്കല്‍ക്കൂടി പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത് മോശം തീരുമാനം തന്നെയാണ്.
അദ്ദേഹത്തിനു പകരം ഫൈനലില്‍ സ്ഥാനമര്‍ഹിച്ചത് ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായ ഗ്ലെന്‍ ഫിലിപ്‌സാണ്. ബാറ്റിങിലും ഫീല്‍ഡിങിലുമെല്ലാം വലിയ ഇംപക്ടുണ്ടാക്കാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം. മാര്‍ക്രമിനു പകരം ഫിലിപ്‌സുണ്ടായിരുന്നെങ്കില്‍ അതു എസ്ആര്‍എച്ച് ബാറ്റിങിനു കൂടുതല്‍ കരുത്ത് നല്‍കുമായിരുന്നു.
20 ഓവര്‍ പോലും ക്രീസില്‍ നില്‍ക്കാന്‍ എസ്ആര്‍എച്ചിനായില്ല. 18.3 ഓവറില്‍ വെറും 113 റണ്‍സിനു അവര്‍ കൂടാരം കയറി. ഒരാള്‍ പോലും 25 റണ്‍സ് തികച്ചില്ലെന്നതു എത്ര മാത്രം ദയനീയമായിരുന്നു എസ്ആര്‍എച്ചിന്റെ ബാറ്റിങ് പ്രകടനമെന്നു അടിവരയിടുകയും ചെയ്യുന്നു. 24 റണ്‍സോടെ കമ്മിന്‍സ് ടോപ്‌സ്‌കോററായപ്പോള്‍ 20ലെത്തിയ മറ്റൊരാള്‍ മാര്‍ക്രമാണ് (20). 114 റണ്‍സെന്ന ലക്ഷ്യത്തിലെത്താന്‍ വെറും 10.3 ഓവറുകള്‍ മാത്രമേ കെകെആറിനു ആവശ്യമായി വന്നുള്ളൂ.